ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായാണ് ഭാരതം ഹാങ്ചോയില്‍ നിന്നു മടങ്ങിയത്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകള്‍. ഏഷ്യാഡില്‍ നൂറുമെഡല് എന്ന ലക്ഷ്യവും സ്വന്തമായി. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു മുന്‍പത്തെ വലിയ നേട്ടം. മെഡല്‍ സംഖ്യയുടെ വലിപ്പം മാത്രമല്ല, അവ നേടിയ ഇനങ്ങളിലെ വൈവിധ്യവും ശ്രദ്ധേയമായി. ഹോക്കി, ഷൂട്ടിങ്, അത്ലറ്റിക്സ്, അമ്പെയ്ത്ത്, ബാഡ്മിന്റന്‍, അശ്വാഭ്യാസം, സ്ക്വാഷ്, ക്രിക്കറ്റ്, ടെന്നിസ്, കബഡി എന്നിവയിലെല്ലാം ഭാരതം സ്വര്‍ണം സ്വന്തമാക്കി. മുന്‍കാലത്ത് അത്ലറ്റിക്സ് ആയിരുന്നു സ്വര്‍ണം വിളയിച്ചിരുന്നതെങ്കില് ഇത്തവണ ഷുട്ടിങ് റേഞ്ചില്‍ നിന്നായിരുന്നു കൂടുതല്‍ സ്വര്‍ണം. ഷൂട്ടര്‍മാര്‍ ഏഴു സ്വര്‍ണം നേടിയപ്പോള്‍ അത്ലറ്റിക്സ് ആറിലൊതുങ്ങി. ഷൂട്ടിങ്ങ് മെഡല്‍ നേട്ടത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാമതെത്താനായി എന്നതും വന്‍ നേട്ടം തന്നെ. വനിതാ ഷൂട്ടര്‍ ഇഷാ സിങ് ഒരു സര്‍ണമടക്കം നാല് മെഡലുകളാണ് സ്വന്തമാക്കിയത്. ഈ ഗെയിംസില്‍ ഏറ്റവും കുടുതല്‍ മെഡല്‍ നേടിയ ഭാരതതാരം ഇഷയാണ്. അതേസമയം, ഇത്തവണ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത് അത്ലറ്റിക്സില് നിന്നാണ്- ആകെ 29 എണ്ണം. അമ്പെയ്ത്തിലും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. മുന്‍ ഏഷ്യന്‍ ഗെയിംസുകളില്‍ നിന്ന് ഒരു സ്വര്‍ണം മാത്രം നേടിയ ഭാരതം ഇത്തവണ അമ്പെയ്ത് നേടിയത് അഞ്ചെണ്ണം. ആ അഞ്ച് സ്വര്‍ണത്തിലും പങ്കാളികളായ ഓജസ് പ്രവീണും ജ്യോതി സുരേഖ വെന്നവുമാണ് മിന്നിത്തിളങ്ങിയത്. കരുത്തരായ ദക്ഷിണ കൊറിയയെ പിന്തള്ളി ചരിത്രത്തിലാദ്യമായി ഭാരതം ഈയിനത്തിലെ മെഡല്‍ നേട്ടത്തില്‍ ഒന്നാമതെത്തുകയും ചെയ്തു. ബോക്സിങ്ങിലും ഗുസ്തിയിലും ഭാരോദ്വഹനത്തിലും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല എന്നത് ദുഃഖകരമായി അവശേഷിക്കുന്നു. ഗുസ്തി താരങ്ങളുടെ സമരം മൂലം പരിശീലനം മുടങ്ങിയതു തന്നെയാണ് ഈയിനത്തിലെ മോശം പ്രകടനത്തിന് കാരണമെന്ന് വേണം കരുതാന്‍.
ബാഡ്മിന്റനിലും അശ്വാഭ്യാസത്തിലും സ്ക്വാഷിലും ടെന്നിസിലും ക്രിക്കറ്റിലും പൊന്നണിഞ്ഞതിനു പുറമെ കബഡിയില്‍ രണ്ട് സ്വര്ണമണിഞ്ഞും ഹോക്കിയില്‍ പുരുഷ സ്വര്‍ണം തിരിച്ചുപിടിച്ചും ഭാരതം കരുത്തുകാട്ടി. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഹോക്കി ടീമിന്റെ നെടുംതൂണായിരുന്ന മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് ഇത്തവണയും പ്രധാന കാവലാളായി നിന്നു. പുരുഷ ഹോക്കിയിലെ ഗോള്‍ വര്‍ഷവും അതില്‍ പാക്കിസ്ഥാനെതിരെ നേടിയ 10-0 വിജയവും ഭാരതത്തിന്റെ ഗതകാല പ്രൗഢിയെ ഓര്‍മിപ്പിക്കുന്നതായി. വനിതകളുടെ മൂന്നാംസ്ഥാന നേട്ടവും എടുത്തു പറയണം. അത്ലറ്റിക്സില് മലയാളി താരങ്ങള്‍ അടക്കമുള്ള ഭാരത ടീം മികച്ച പ്രകടനമാണ് നടത്തിയത്. എം. ശ്രീശങ്കര്‍, ആന്‍സി സോജന് (രണ്ടുപേരും ലോങ്ജംപ്), മുഹമ്മദ് അഫ്സല് (800 മീറ്റര്‍), ജിന്സണ് ജോസണ്‍ (1500 മീറ്റര്‍) എന്നിവര്‍ വ്യക്തിഗത മെഡല്‍ നേടിയപ്പോള്‍ മുഹമ്മദ് അനസും മുഹമ്മദ് അജ്മലും അമോജ് ജേക്കബും മെഡല്‍ നേടിയ റിലേ ടീമില്‍ അംഗങ്ങളായി. പുരുഷ, മിക്സ്ഡ് ടീമുകളില്‍ അംഗമായിരുന്നു മുഹമ്മദ് അജ്മല്‍.
61 വര്‍ഷത്തിനുശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീം 4-400 മീറ്റര്‍ റിലേ സ്വര്‍ണം നേടിയത്. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ദല്‍ജിത്ത് സിങ്, ജഗദീഷ് സിങ്, മഖന്‍ സിങ്, മില്‍ഖാ സിങ് എന്നിവരടങ്ങിയ ടീം (3:10.2 സെക്കന്‍ഡ്) മെഡല്‍ നേടിയിരുന്നു. ഇക്കുറി മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ ടീം 3:01:58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് പി.ടി. ഉഷയുടെ 39 കൊല്ലം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തിയതും ശ്രദ്ധേയമായി.
സമീപകാലത്തു ഭാരതത്തിന്റെ കായികതാരങ്ങള്‍ രാജ്യാന്തരവേദികളില്‍ നടത്തുന്ന പ്രകടനം വിലയിരുത്തിയാല്‍ രാജ്യത്തെ കായികരംഗം യഥാര്‍ത്ഥ ദിശയില്‍ മുന്നേറുകയാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഗെയിംസ്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ നീരജ് ചോപ്രയുടെ സ്വര്‍ണവും ആകെ നേടിയ മെഡലും എത്രത്തോളം ഭാരതത്തിലെ കായിക രംഗത്തെ സ്വാധീനിച്ചു എന്നതിന്റെ തെളിവുകൂടിയാണ് ഹാങ്ചൊവില്‍ കണ്ടത്. കായിക രംഗം അടക്കിവാണിരുന്ന അഴിമതിയും സ്വജന പക്ഷപാതവും സ്വേച്ഛാധിപത്യവും തുടച്ചു നീക്കപ്പെട്ടതിന്റെയും ആ സ്ഥാനത്തു പ്രോത്സാഹനവും അര്‍ഹതയ്ക്ക് അംഗീകാരവും അതിനൊപ്പം ആത്മവിശ്വാസം നല്കുന്ന ഇടപെടലുകളും വന്നപ്പോള്‍ കായിക രംഗം ഒന്ന് ഉണര്‍ന്നെഴുനേറ്റു. അതിനു ലക്ഷ്യബോധം വന്നു. ഏഷ്യന്‍ ഗെയിംസില്‍ നൂറു മെഡല്‍ എന്ന ലക്ഷ്യം കൃത്യമായി എത്തിപ്പിടിക്കാനായത് അതുകൊണ്ടുതന്നെയാണ്. ഭരിക്കുന്നവരുടെ ആത്മാര്‍ഥതയാണ് ഭരിക്കപ്പെടുന്നവരുടെ ആത്മവിശ്വസം എന്നതിന് ഇതില്‍പ്പരം എന്താണു തെളിവ്! വിവധ മേഖലകളിലെ ഭാരതത്തിന്റെ ഉണര്‍വും കുതിപ്പും കായിക രംഗവും ഏറ്റെടുക്കുന്നു. അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിംപിക്സാണ് അടുത്തലക്ഷ്യം. ഹാങ്ചൊയിലെ മിന്നും പ്രകടനം പുറത്തെടുക്കാന്‍ ഭാരത താരങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഒളിംപിക്സ് മെഡല്‍ നേട്ടം രണ്ടക്കത്തിലെത്തിക്കാന്‍ നമുക്കു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ആ സന്തോഷ വാര്‍ത്തയ്ക്കായി, ആത്മാഭിമാനത്തോടെ കാതോര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: