കൊച്ചി: കരുവന്നൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിയല്ല നടപടിയാണ് വേണ്ടതെന്ന് മുന്‍ എംപി സുരേഷ്‌ഗോപി. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കലൂര്‍ പാവക്കുളത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
കരുവന്നൂര്‍ വിഷയത്തില്‍ തൃശൂരില്‍ നടത്തിയ പദയാത്രയില്‍ രാഷ്‌ട്രീയം കലര്‍ത്തിയെന്ന സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്കിടെയാണ് പ്രതികരണവുമായി സുരേഷ്‌ഗോപി
രംഗത്തെത്തിയത്.
‘ജനകീയ വിഷയങ്ങളില്‍ ഇനിയും ഇടപെടും. അത്തരം വിഷയങ്ങള്‍ ഉണ്ടാക്കാതിരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. പണം നഷ്ടപ്പെട്ടവരുടെ പ്രയാസം കണ്ടാണ് പ്രശ്നത്തില്‍ ഇടപെട്ടത്. ഒരു ജനതയുടെ വിഷയമാണ്. ആരോപണങ്ങള്‍ അവര്‍ക്ക് ഉന്നയിക്കാം, പക്ഷേ സത്യം ദൈവത്തിന് അറിയാം. ഇ ഡി ബിജെപിക്ക് തൃശൂരില്‍ വഴിയൊരുക്കുന്നു എന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണ്.’ അദ്ദേഹം പറഞ്ഞു.
ദളിതന്റെ പേരില്‍ ഒരാനുകുല്യവും തട്ടിയിട്ടില്ല. ദളിതന്റെ പേരില്‍ വോട്ടുനേടി അധികാരത്തിലിരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാപ്പിത്തോട്ടങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ ഇക്കാര്യം ഓര്‍ക്കണമെന്ന്, പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണനില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയം തനിക്ക് ഉപജീവനമാര്‍ഗമല്ല. തന്ത്രികുടുംബത്തില്‍ ജനിക്കണമെന്ന് പറഞ്ഞത്, ശബരിമല അയ്യനെ സേവിക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണ്. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ പേരിലുള്ള പുരസ്‌കാരം ആദരവോടെയാണ് ഏറ്റുവാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള മാതൃക എന്ന് ഇപ്പോള്‍ അഹങ്കാരത്തോടെ പറയുന്നത് പണ്ഡിറ്റ് കറുപ്പനെപ്പോലുള്ളവര്‍ നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്ന് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത സി. രാധാകൃഷ്ണന്‍ പറഞ്ഞു. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി പ്രസിഡന്റ് കെ.കെ. വാമലോചനന്‍ അധ്യക്ഷനായി. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, വി. സുന്ദരം, എം.പി മുരളീധരന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: