മലയാള ഭാഷയാം ഭഗവതി വാഴുന്ന
കരളിന്റെ കാവില്‍ ചിലമ്പൊലികള്‍
മധുനിദ്ര തന്നടിക്കടലില്‍ കിടക്കുന്ന
മതിയിലും വന്നതു തൊട്ടിടുമ്പോള്‍
കളിമണ്ണില്‍ മുങ്ങിയ ബാല്യകാലത്തിന്റെ
കരകൗതുകത്തിന്‍ നഖങ്ങളാലെ
ചെറു നാലുകാലില്‍ നടക്കും കവിത തന്‍
ചിറകില്‍ പിടിച്ച ജയ മുഹൂര്‍ത്തം.
ഗരുഡനെപ്പോലെ പറന്നു ചന്ദ്രന്‍ കാത്തൊ-
രമൃതപാത്രത്തെയും കൊണ്ടുപോന്നു.
പ്രിയ മാതൃഭാഷ തന്‍ ദാസ്യമൊഴിപ്പിച്ച
കുല കവിതയ്‌ക്ക് ജനപ്പൊരുത്തം.
ഒരു മുളമ്പായില്‍ മഹാ ദുര്‍ഗ്ഗ ദേവിതന്‍
ശിവഭാവനയെ വരച്ചപോലെ
ശതകരചരണ ശിരസ്സുകളുള്ളൊരു
നരചിത്രം കണ്ടു കവിത തന്നില്‍.
സഹൃദയ ലോകം പ്രശംസകള്‍ തന്‍ തെള്ളി-
പ്പൊടിയെറിഞ്ഞപ്പോളുയര്‍ന്നുപൊങ്ങി
പുതിയൊരാകാശാഗ്‌നി ഗംഗ തന്‍ ജ്വാലപോല്‍
കവിയശസ്സിന്റെ കനത്ത പന്തം.
ഇടയില്‍ പറഞ്ഞു ചിലരാക്കവിത തന്‍
നിടിലത്തില്‍ കണ്ടോ, ത്രിപുണ്ഡ്ര ചിഹ്നം?
മെതിയടി, കിണ്ടി,യോലക്കുട ചൂടിയ
പഴയ കാലത്തിന്‍ പതിഞ്ഞ ഭാവം.
വെറുമൊരേഴക്ഷരച്ചുവടു തോറും യജ്ഞ –
പദ കുണ്ഡ വഹ്നിപ്രകാശമുദ്ര.
ഇടതിങ്ങി സംസ്‌കൃത വാഗ്‌യോഗരുദ്രാക്ഷ-
മണി വൃത്തമഞ്ജരീ മാല മാറില്‍ .
ഇതിഹാസ സാരഭാരത്താല്‍ കുനിഞ്ഞ,ന്ന-
നടയില്‍ നടന്നു പോം ദര്‍ശനങ്ങള്‍.
പദയോഗ ശില്‍പ്പാംഗുലികള്‍ക്കിടയിലൂ-
ടൊഴുകി വീഴുന്ന വിശുദ്ധ ഗംഗ.
ഭരതനെഴുന്നേറ്റു പോയ സിംഹാസന-
പ്പടിയില്‍ കിടക്കുന്ന ഭക്തി സിംഹം.
ഒരു താമരപ്പൂവില്‍ നിന്നധികാരത്തിന്‍
കുരു ശേഖരിയ്‌ക്കും രഹസ്യ തന്ത്രം.
ദളിത വികാരങ്ങളില്ല ദേശീയതാ-
ലളിത വാദത്തോടെതിര്‍പ്പുമില്ല.
കലിയുഗത്തിന്റെ മുഖത്തുള്ള ബ്രാഹ്മണ-
കലകള്‍ മറയ്‌ക്കാന്‍ ശ്രമങ്ങളില്ല.
ഒരു ബുദ്ധിജീവനത്തിന്നായി ബുദ്ധന്റെ
തലയോടുമേന്തി നടപ്പുമില്ല.
ഇരു വാക്ക് കൂട്ടിമുട്ടുമ്പോള്‍ മതേതര-
പ്പൊരികള്‍ തെറിയ്‌ക്കും പതിവുമില്ല.
അതിവിപ്ലവാധുനീകോത്തരനാകുവാന്‍
ലഘുവായ മോദീ വിരോധമില്ല.
കളിയല്ല നമ്മള്‍ കൊണ്ടാടി നടന്നൊരീ
കവി ഹിന്ദു വര്‍ഗ്ഗീയ വാദിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: