വി. മായാദേവി
9847825703
ജീവിത മൂല്യങ്ങള്‍, നല്ല ജീവിത പാഠങ്ങള്‍- നിയമസഭാ സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥനായ വി. സോമന്‍നാടാരുടെ പുസ്തകമാണിത്. സ്വന്തം ജീവിതത്തില്‍ നിന്ന് സ്വാംശീകരിച്ച മൂല്യങ്ങള്‍ ഒരു അപ്പൂപ്പന് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കും പോലെ തെളിമയാര്‍ന്ന ഭാഷയില്‍ എഴുതിയിരിക്കുന്ന ലളിതമായ പുസ്തകം.
അവതാരികയില്‍ മാധ്യമപ്രവര്‍ത്തകനായ ടി. ശശിമോഹന്‍ എഴുതിയിരിക്കുന്നതുപോലെ ജീവിതത്തിന്റെ ചൂരും ചൊടിയും അറിയുന്ന പങ്കവും പങ്കപ്പാടുകളും അറിയുന്ന ഒരു പച്ചമനുഷ്യന്റെ പുസ്തകം. ഉന്നത പദവികള്‍ അലങ്കരിച്ചിരുന്നപ്പോഴും താഴേക്ക് നോക്കുകയും ലാളിത്യം സൂക്ഷിക്കുകയും ചെയ്ത ഒരാള്‍ എഴുതിയ പുസ്തകം നന്മനിറഞ്ഞതായിരിക്കുമെന്ന മുന്‍വിധിയോടെ ഇതിനെ സമീപിക്കാം.
പങ്കിടലിന്റെ നന്മ മുതല്‍ വരുംതലമുറയ്ക്കായി എങ്ങനെയാണ് പ്രകൃതിയെ സംരക്ഷിച്ച് കാത്തുവയ്ക്കേണ്ടത് എന്നുവരെയുള്ള വലിയ തത്വങ്ങള്‍ അയത്നലളിതമായി, അക്ഷരം പഠിച്ച് തുടങ്ങുന്ന കുഞ്ഞിനുപോലും മനസ്സിലാകുന്ന വിധത്തില്‍ കോറിയിട്ടിരിക്കുന്നു. കഥകളും ഉപകഥകളും ഉദ്ധരിച്ച് വായന തട്ടും തടവുമില്ലാതെ കൊണ്ടുപോകാന്‍ കഴിയുന്ന ആഖ്യാന രീതി ഏറെ വ്യത്യസ്തവും ഹൃദ്യവും.
വലിയ തത്വങ്ങള്‍ ഇത്ര സുന്ദരമായി, സരളമായി പങ്ക് വയ്ക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. വലിയ കാര്യങ്ങള്‍ പറയാന്‍ വലിയ പ്രബന്ധങ്ങളുടെ ആവശ്യമൊന്നുമില്ലെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഒരു മണിക്കൂറില്‍ വായിച്ച് തീര്‍ക്കാവുന്ന പുസ്തകം. അതിലൂടെ നമ്മള് വായിച്ചെടുക്കുന്നത് ഒരു ജന്മത്തേക്കുള്ള നന്മകള്. നമ്മുടെ ജീവിത കാഴ്ചപ്പാടുകള്‍ മാറ്റി മറിക്കാന്‍ സഹായകമാകുന്ന വസ്തുതകള്‍. കൊച്ച് കുട്ടികള്‍ക്ക് വേണ്ടിയാണ് ഇതെഴുതിയതെന്ന് ഗ്രന്ഥകാരന് പറയുന്നത് പൂര്‍ണമായും ശരിയാണ്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണിത്. നഷ്ടമൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും പുത്തന്‍ തലമുറയില്‍ അതൊന്ന് വേരു പിടിപ്പിക്കാനും ആ വായന സഹായകമാകും.
ഗ്രന്ഥകാരന് സ്വന്തമായി തന്നെ പ്രസിദ്ധീകരിച്ച പുസ്തകം എന്ന പ്രത്യേകതയും ജീവിത മൂല്യങ്ങള്‍ നല്ല പാഠങ്ങള്‍ എന്ന ഗ്രന്ഥത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: