കെ.എസ്. വേണുഗോപാല്‍
8590808515
അടുത്ത കാലത്ത് ഞാന്‍ വായിച്ച ഒരു വിശിഷ്ടകൃതിയാണ് ജയനാരായണന്‍ ഒറ്റപ്പാലം രചിച്ച ഭാരതീയതയുടെ അടിവേരുകള്‍. തൊണ്ണൂറ്റിരണ്ടു പേജുകള്‍ മാത്രമുള്ള ഒരു ലഘുഗ്രന്ഥം.
വേദങ്ങള്‍ ആധിഭൗതികമോ ആദ്ധ്യാത്മികമോ, ആക്രമണസിദ്ധാന്തത്തിന്റെ അക്ഷരമാല, സരസ്വതീനദിയും വേദപുരാണ പരാമര്‍ശങ്ങളും, ഋഗ്വേദത്തിലെ സായുധകലാപങ്ങള്‍, വേദഭാഷയും സാഹിത്യശൈലിയും, ഭാരതത്തിന്റെ സാംസ്കാരിക പൈതകം, ഭാരതീയ ചരിത്രത്തിലെ ഒരു കെട്ടുകഥ, തമിഴും സംസ്കൃതവും, ഭാഷ, സംസ്കാരം-ആര്യന് ഗ്രാവിഡ ഭാഷാഗോത്രവിവാദം, ഉദ്ഖനനം തുടരുന്നു എന്നിങ്ങനെയുള്ള പത്തദ്ധ്യായങ്ങള്‍ വായിച്ചുതീര്‍ന്നപ്പോള്‍ എന്റെ ചിന്താമണ്ഡലത്തില്‍ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ വന്നതായി എനിക്കനുഭവപ്പെട്ടു.
കഴിഞ്ഞ ഏതാനും ദശകങ്ങളായി അതിസമര്‍ത്ഥമായും നിശബ്ദമായും നടത്തപ്പെട്ട ചരടുവലികളിലൂടെ ഇന്ത്യാവിരുദ്ധശക്തികള്‍-ദേശീയവും അന്തര്‍ദേശീയവും-ഭാരതത്തിലെ വലിയൊരു വിഭാഗം മാദ്ധ്യമങ്ങളേയും ബുദ്ധിജീവികളേയും എഴുത്തുകാരേയും രാഷ്ട്രീയപ്രവര്‍ത്തകരേയും, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റേയും മനുഷ്യാവകാശ സംരക്ഷണത്തിന്റേയും ആതുരശുശ്രൂഷയുടേയും മറവില്‍ വിലയ്ക്കെടുത്തു കഴിഞ്ഞിരിക്കുന്നു എന്നത് ഒരു ദുഃഖസത്യം. വിദേശത്തുനിന്ന് പണം പറ്റി രാജ്യവിരുദ്ധമായി പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധസംഘടനകള്‍ നാടൊട്ടുക്ക് അഴിഞ്ഞാടുന്നു, നിര്‍ബാധം. ഭാരതാംബയുടെ മക്കള്‍തന്നെ രാഷ്ട്രവിരുദ്ധപ്രവര്ത്തനങ്ങള്ക്കു മുന്‍കൈയെടുക്കുക! ഹിമാലയത്തിനു തെക്ക് മൂന്ന് ആഴികളാല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്ന, വൈവിദ്ധ്യത്തിലും ഏകത്വം പുലര്‍ത്തുന്ന നമ്മുടെ പുണ്യപുരാതനഭൂമിയുടെ ഭാവിയെപ്പറ്റി നിസ്സഹായതയോടെ ദുഃഖിച്ച നാളുകളുണ്ടായിരുന്നു.
ഭാഗ്യവശാല്‍, 2014നു ശേഷം ആ സ്ഥിതിക്കൊരു മാറ്റം വന്നു. മാതൃഭൂമിയെ പരമവൈഭവത്തിലെത്തിക്കുന്നതിന് ആത്മാര്‍പ്പണം ചെയ്യുമെന്ന് അനുയായികളെക്കൊണ്ടു പ്രതിജ്ഞയെടുപ്പിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പിന്‍ബലത്തോടെ ചരിത്രപുരുഷനായ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അത്യുന്നതസ്ഥാനംതന്നെ നാം നേടിയിരിക്കുന്നു. ഇതിന്നു സാക്ഷ്യം വഹിക്കാന്‍ കഴിയുമാറ് ദീര്‍ഘായുസ്സു ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.
ഇന്ത്യാവിരുദ്ധശക്തികള്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ക്കിടയിലും ഭാരതീയതയുടെ അടിവേരുകള്‍ കണ്ടെത്താന്‍ ജയനാരായണന്‍ ഒറ്റപ്പാലം രചിച്ച ഈ ഗ്രന്ഥം എന്നെ സഹായിച്ചു. ഇന്ത്യാവിരുദ്ധശക്തികള്‍ ഉയര്‍ത്തുന്ന വാദഗതികളെ തകര്‍ക്കാനുള്ള ആഗ്നേയാസ്ത്രങ്ങള്‍ വായനക്കിടയില്‍ ഈ ഗ്രന്ഥം എന്റെ ആവനാഴിയില്‍ നിറച്ചുതന്നു എന്ന കാര്യവും നന്ദിപൂര്‍വം രേഖപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: