ഹാങ്‌ചോയില്‍ നിന്ന് ഭാരതം ഇച്ഛിച്ചത് അര്‍ഹതയോടെ നേടി. വന്‍കരയിലെ കായികപൂരം കൊടിയിറങ്ങുമ്പോള്‍ ഭാരതം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. വമ്പന്‍ മെഡല്‍ കുതിപ്പില്‍ സര്‍വ്വകാല റിക്കാര്‍ഡ് മറികടന്ന് ഭാരത സംഘം സ്വന്തമാക്കിയത് 107 മെഡലുകള്‍. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഇതില്‍ ഉള്‍പ്പെടുന്നു.
മെഡലെണ്ണത്തിന്റെ കണക്കില്‍ മുന്‍ നിരയില്‍ അത്‌ലറ്റിക്‌സ് ആണ്. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും അടക്കം 29 മെഡലുകള്‍. വമ്പന്‍ ആധിപത്യം പുലര്‍ത്തിയത് ഷൂട്ടിങ്ങിലാണ്. ഏഴ് സ്വര്‍ണമടക്കം 22 മെഡലുകള്‍. ഒമ്പത് വെള്ളിയും ആറ് വെങ്കലവും കൂടി ഉള്‍പ്പെടുന്നു. ഒന്നിലധികം ഭാരത താരങ്ങള്‍ ഷൂട്ടിങ്ങിന്റെ വിവിധ ഇനങ്ങളില്‍ ഒന്നിലേറെ മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. വനിതാ ഷൂട്ടര്‍ ഇഷാ സിങ് മൂന്ന് മെഡലുകളാണ് സ്വന്തമാക്കിയത്. 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ ടീമില്‍ ഇഷ ഉണ്ടായിരുന്നു. കൂടാതെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും താരം വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയ പലക് ഗൂലിയ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഏഷയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
അതുപോലെ 50 മീറ്റര്‍ എയര്‍ റൈഫിള്‍സ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ സിഫ്റ്റ് കൗര്‍ സമ്ര ഇതേ ഇനത്തിന്റെ ടീം ഇനത്തില്‍ വെള്ളി നേട്ടം കൊയ്തു. സ്വര്‍ണം നേടിയ ട്രാപ്പ് ടീം പുരുഷ ടീമിലുണ്ടായിരുന്ന ക്യനാന്‍ ചെനായ് ട്രാപ്പിന്റെ വ്യക്തിഗത ഇനത്തില്‍ വെങ്കലവും നേടി. അതുപോലെ പുരുഷ സ്‌കീറ്റില്‍ വ്യക്തിഗത വെള്ളി നേടിയ അനന്ത്ജീത്ത് സിങ് നരൂക്ക ഇതേ ഇനത്തിന്റെ ടീം മത്സരത്തില്‍ വെങ്കലം നേടിയിട്ടുണ്ട്.
പങ്കെടുത്ത ഇനങ്ങളുടെ തോത് വച്ച് നോക്കിയാല്‍ അമ്പെയ്‌ത്തിലും മികച്ച മെഡല്‍ കൊയ്‌ത്താണ് നടത്തിയത്. അഞ്ച് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവും. അപ്രതീക്ഷിത കുതിപ്പ് കണ്ട ഇനമായിരുന്നു സ്‌ക്വാഷ്. അര്‍ഹിക്കുന്ന പരിഗണന അനിവാര്യമെന്ന് വിളിച്ചറിയിക്കുന്ന പ്രകടനമാണ് കൗമാര താരം അനാഹത് മുതല്‍ പരിചയ സമ്പന്നയായ ദീപിക പള്ളിക്കല്‍ വരെയുള്ള താരങ്ങള്‍ കാഴ്‌ച്ചവച്ചത്. രണ്ട് സ്വര്‍ണമടക്കം അഞ്ച് മെഡലുകളാണ് നേടിയത്.
കബഡിയില്‍ നടത്തിയ തിരിച്ചുരവ് ഏറെ ശ്രദ്ധേയമായി. വലിയ ആധിപത്യം പുലര്‍ത്താനായില്ലെങ്കിലും നേരിയ നേട്ടത്തോടെ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയെടുക്കാന്‍ സാധിച്ചു. ഭാരതത്തിന്റെ തനത് കായിക ഇനമായ കബഡിയില്‍ ഒരു കാലത്തുണ്ടായിരുന്ന മൈല്‍ക്കൈ വീണ്ടെടുപ്പിന്റെ പാതയിലെന്ന് പ്രതീക്ഷിക്കാവുന്ന മാറ്റമാണ് ഹാങ്‌ചൊയില്‍ കണ്ടത്.
ഹോക്കിയില്‍ ഭാരതം വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുരവുന്നതിന്റെ ആനന്ദ കാഴ്ച ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസ് ഹൈലറ്റുകളില്‍ ഒന്നാണ്. ഗ്രൂപ്പ് ഘട്ടം മുതല്‍ ഓരോ മത്സരത്തിലും വലിയ മാര്‍ജിനിലുള്ള ജയം ഒടുവില്‍ ഫൈനലില്‍ കരുത്തരായ ജപ്പാനെ തോല്‍പ്പിച്ചത് 5-1ന്റെ ആധികാരികതയില്‍. ഹര്‍മന്‍പ്രീത് സിങ്ങും കൂട്ടരും നേടിയെടുത്ത സ്വര്‍ണത്തിളക്കം വരും കാലപ്രതീക്ഷ വാനോളമുയര്‍ത്തുന്ന ജ്വാലയായിരിക്കുന്നു.
ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബോക്‌സിങ്ങില്‍ ഒരു സ്വര്‍ണം പോലും നേടിയെടുക്കാനായില്ലെന്ന പോരായ്മ നിലനില്‍ക്കുന്നുണ്ട്. ലൗലീന ബോര്‍ഗോഹെയന്‍ നേടിയ വെള്ളിയാണ് ഏറ്റവും മുന്തിയ മെഡല്‍. ബാക്കി നാലും വെങ്കലമാണ്. ബോക്‌സിങ്ങിനെക്കാളേറെ ഗുസ്തിയെ പ്രതീക്ഷയോടെ കണ്ടിരുന്നു. പക്ഷെ ദീപക് പൂനിയയുടെ വെള്ളി മാത്രമാണ് ആശ്വസമായത്. ബാക്കിയുള്ള അഞ്ച് ഇനങ്ങള്‍ വെങ്കലനേട്ടത്തില്‍ ഒതുങ്ങി.
ടേബിള്‍ ടെന്നിസിലെ നേട്ടവും ഒരു വെങ്കലത്തില്‍ ഒതുങ്ങിയത് നിരാശയായി. ടെന്നിസില്‍ ഓരോ സ്വര്‍ണവും വെള്ളിയും ഉണ്ടെങ്കിലും മുന്‍കാല ഏഷ്യന്‍ ഗെയിംസില്‍ കൈവരിച്ച നേട്ടങ്ങളോട് നീതി പുലര്‍ത്താന്‍ പോന്നതായില്ല.
ചെസ്, സെയിലിങ്, ബ്രിഡജ്, തുടങ്ങി ഏട്ടോളം ഇനങ്ങളില്‍ മെഡല്‍ നേടിയത് ആശ്വാസകരമാണ്.
ക്രിക്കറ്റില്‍ പുരുഷ വനിതാ ടീമുകള്‍ ഭാരതത്തിനായി സ്വര്‍ണം നേടിയതില്‍ അല്‍ഭുതമില്ല. ഏഷ്യന്‍ വന്‍കരയില്‍ ഭാരതത്തെ മറികടക്കാന്‍ പോന്ന ക്രിക്കറ്റ് ടീം വേറെയില്ലെന്നതാണ് വാസ്തവം. അവിടെ സ്വര്‍ണം നേടിയത് വലിയൊരു അല്‍ഭുതത്തിനുള്ള വകയല്ല.
ബാഡ്മിന്റണില്‍ നേടിയ പുരുഷ ഡബിള്‍സ് സ്വര്‍ണം ഏറെ പ്രാധാന്യ മര്‍ഹിക്കുന്ന മെഡലാണ്. കഴിഞ്ഞ കുറേ നാളുകളായുള്ള ഭാരത ഇരട്ട സഖ്യം സാത്വിക് സായിരാജ് രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറുന്ന കാഴ്ചയ്‌ക്കാണ് ഏഷ്യന്‍ ഗെയിംസ് വേദി സാക്ഷിയായത്. തോമസ് കപ്പിന് പിന്നാലെ ടീം ഇനത്തില്‍ വെള്ളി നേടാനായതും മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് വെങ്കലം സ്വന്തമാക്കാനായതും ആഹ്ലാദകരമായ വസ്തുത തന്നെ.
അത്‌ലറ്റിക്‌സില്‍ മൂന്നാമത്
മൊത്തം മെഡല്‍ നേട്ടത്തില്‍ ഭാരതം നാലാമതാണ്. അത്‌ലറ്റിക്‌സില്‍ ഒരുചുവട് കൂടി കയറി മൂന്നാമതെത്തി. 19 സ്വര്‍ണമടക്കം 39 മെഡലുകള്‍ നേടിയ ചൈനയ്‌ക്കും 10 സ്വര്‍ണമടക്കം 16 മെഡലുകള്‍ നേടിയ ബഹ്‌റെയ്‌നും ശേഷം 6 സ്വര്‍ണവും 14 വെള്ളിയും 9 വെങ്കലവും അടക്കം 29 മെഡലുകള്‍ നേടിയാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഭാരതം മൂന്നാമതെത്തിയത്.
നീരജിന്റെ സ്വര്‍ണനേട്ടമായിരുന്നു അത്‌ലറ്റിക്‌സിലെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടം. 88.88 മീറ്റര്‍ ദൂരത്ത് ജാവലിന്‍ എത്തിച്ചുകൊണ്ടായിരുന്നു നീരജ് സ്വര്‍ണം നിലനിര്‍ത്തിയത്. തൊട്ടുപിന്നാലെയെത്തിയതും ഭാരത താരമായത് പ്രതീക്ഷാ ജനകമാണ്. ഒപ്പം കായികരംഗത്തിന് ഉണര്‍വ് കൂട്ടുന്നതും. 87.54 മീറ്റര്‍ എറിഞ്ഞുകൊണ്ട് കിഷോര്‍ ജെന ആണ് പുരുഷ ജാവലിനില്‍ ഭാരതത്തിന് വെള്ളി നേട്ടം കൊയ്തത്.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാശ് സാബ്ലെയുടെ നേട്ടം ശ്രദ്ധേയമായിരുന്നു. വനിതാ ജാവലിനില്‍ അന്നു റാണിയും 5000 മീറ്ററില്‍ പാരുള്‍ ചൗധരിയും 4-400 മീറ്റര്‍ പുരുഷ റിലേ ടീമും ഷോട്ട്പുട്ടില്‍ തജീന്ദര്‍ പാല്‍ സിങ്ങ് ടൂറും കൈവരിച്ച സ്വര്‍ണം ഭാരതം അര്‍ഹിച്ചിരുന്നതാണ്. ഇക്കുറി ആദ്യമായി ഇറങ്ങിയ ജ്യോതി യരാജി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടിയതിനെ ഭാവി പ്രതീക്ഷയായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: