കരുനാഗപ്പള്ളി: പ്രകൃതി സംരക്ഷണത്തിന്റെയും സേവാപ്രവര്‍ത്തനങ്ങളുടെയും സന്ദേശങ്ങള്‍ കൈമാറി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാതാ അമൃതാനന്ദമയീദേവിയുമായി കൂടിക്കാഴ്ച നടത്തി. വള്ളിക്കാവ് അമൃതപുരി മാതാ അമൃതാനന്ദമയീ മഠത്തിലെത്തിയാണ് അദ്ദേഹം അമ്മയെ കണ്ടത്. പിറന്നാള്‍ദിനത്തില്‍ എത്തിച്ചേരാനായില്ലെന്ന് ചൂണ്ടിക്കാട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ഡോ. മോഹന്‍ ഭാഗവത് അമ്മയുടെ അനുഗ്രഹം തേടിയത്.
ജമ്മുകശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമടക്കം അമൃതാനന്ദമയീമഠം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെപ്പറ്റി അമ്മ വിശദീകരിച്ചു. കുടുംബപ്രബോധനത്തിലും പ്രകൃതി, ഗോ സംരക്ഷണത്തിലും ഗ്രാമവികാസത്തിലും ധര്‍മ്മജാഗരണത്തിലുമൂന്നി ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഇരുവരും ആശയവിനിമയം നടത്തി.
വൈകിട്ട് 3.30ന് ആശ്രമത്തില്‍ എത്തിയ ഡോ. മോഹന്‍ ഭാഗവതിനെ സ്വാമി തുരീയാമൃതാനന്ദപുരി, ഭവ്യാമൃതാനന്ദപുരി, ശരണാമൃതചൈതന്യ, തപസ്യാമൃതാനന്ദപുരി, വേദാമൃതാനന്ദപുരി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. മഠത്തിലെ കളരിയില്‍ ദര്‍ശനം നടത്തി, ആനയൂട്ടും നടത്തിയതിന് ശേഷം അഞ്ചരയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.
ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.ആര്‍. വന്നിയരാജന്‍, പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് രമേശ് പപ്പ, കുടുംബ പ്രബോധന്‍ സംയോജക് ഡോ. രവീന്ദ്ര ജോഷി, ക്ഷേത്രീയ ശാരീരിക് പ്രമുഖ് ഡി. ശങ്കര്‍, സേവാപ്രമുഖ് കെ. പദ്മകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ എന്നിവരും സര്‍സംഘചാലകനൊപ്പമുണ്ടായിരുന്നു.
ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരുന്ന സംഘടനാ യോഗങ്ങളില്‍ പങ്കെടുക്കുന്ന ഡോ. മോഹന്‍ ഭാഗവത് നാളെ പുലര്‍ച്ചെ 6.45ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തും. വൈകിട്ട് 7.45ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി 11ന് പുലര്‍ച്ചെ മടങ്ങും. നേരത്തെ വള്ളിക്കാവ് അമൃതാ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സംഘചാലക് ശിബിരത്തില്‍ മാര്‍ഗദര്‍ശനം നല്കിയ ശേഷമാണ് മോഹന്‍ ഭാഗവത് അമ്മയെ സന്ദര്‍ശിച്ചത്.
രാവിലെ എന്‍ജിനീയറിങ് കോളേജില്‍ എത്തിയ സര്‍സംഘചാലകിനെ ബ്രഹ്മചാരി വിശ്വനാഥാമൃതചൈതന്യ, ബ്രഹ്മചാരി അച്യുതാമൃതചൈതന്യ, ബ്രഹ്മചാരി ഓംകാരാമൃത ചൈതന്യ, എച്ച്ആര്‍ മാനേജര്‍ നാരായണന്‍ നായര്‍, യുവധര്‍മ്മധാര ദേശീയ കോര്‍ഡിനേറ്റര്‍ മുരളി കൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ രമേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: