തിരുവനന്തപുരം: ജനറല്‍ ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പിഴയിട്ട് തിരുവനന്തപുരം കോര്പറേഷന്. 10,000 രൂപ പിഴ ചുമത്തിയതിനു പുറമേ കൃത്യമായി മാലിന്യസംസ്കരണ സംവിധാനം ഒരുക്കാത്തതിന് കാരണം കാണിക്കല്‍ നോട്ടിസും നല്കി.
തദ്ദേശ വകുപ്പിലെയും കോര്‍പറേഷനിലെയും ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം പരിശോധിക്കാന്‍ മന്ത്രി എം.ബി.രാജേഷിന്റെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിസരത്ത് ജൈവമാലിന്യവും പ്ലാസ്റ്റിക് കുപ്പി ഉള്‍പ്പെടെ അജൈവ മാലിന്യവും കൂട്ടിക്കലര്ത്തിയിട്ടിരുന്നു. ഇത് പരിശോധനയില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പിഴ ചുമത്തിയത്. മൂന്നുദിവസത്തിനകം കോര്‍പ്പറേഷനില്‍ പിഴ ഒടുക്കണം.
എല്ലാ വാര്‍ഡിലും മാലിന്യം തരംതിരിച്ച് സംസ്കരിക്കണം. ജൈവമാലിന്യം ബയോഗ്യാസ് പ്ലാന്റില്‍ തന്നെ സംസ്കരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. അജൈവമാലിന്യം വേര്‍തിരിക്കണം. ബയോ മെഡിക്കല്‍ വേസ്റ്റ് ഇമേജിന് കൈമാറണം. അല്ലാത്തവ യൂസര്‍ഫീ നല്കി ഹരിതകര്‍മസേനയ്ക്ക് കൈമാറണം.
ക്യാന്റീനില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കണം. ഭക്ഷണം സ്റ്റീല്‍ പാത്രത്തില്‍ നല്‍കണം. ഓരോ വാര്‍ഡിലും മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം ബിന്നുകള്‍ വെയ്ക്കണം. ജീവനക്കാരും രോഗികളും സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: