തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് അഴിമതി പുറത്തുവിടുന്നതിന് പകരം മൂടിവെച്ച സിപിഎം അന്വേഷണ കമ്മീഷനില്‍ സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജു അംഗമായിരുന്നുവെന്ന രേഖ പുറത്ത് വിട്ട് അനില്‍ അക്കര. കല്ലുവെച്ച നുണ പറയുന്നതാര് ? എന്ന ചോദ്യത്തോടെ ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിനൊപ്പമാണ് പി.കെ. ബിജു സഹകരണബാങ്കുകളിലെ അഴിമതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സിപിഎം കമ്മിറ്റിയില്‍ അംഗമായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കല്ലുവെച്ച നുണ പറയുന്നതാര്?കരുവന്നൂർ ബാങ്കിലെസിപിഎം കമ്മീഷൻ അംഗമായ പി കെ ബിജു പറയുന്നു അങ്ങനെഒരു കമ്മീഷൻ…
Posted by Anil Akkara on Sunday, September 10, 2023
നേരത്തെ ഈ ആരോപണം അനില്‍ അക്കര ഉന്നയിച്ചപ്പോള്‍ പി.കെ. ബിജു അത് നിഷേധിച്ചിരുന്നു. അനില്‍ അക്കര കല്ലുവെച്ച നുണ പറയുന്നു എന്നായിരുന്നു പി.കെ. ബിജുവിന്റെ കൗണ്ടര്‍. എന്നാല്‍ ഇപ്പോള്‍ കരുവന്നൂര്‍ ബാങ്കിലെ മാത്രമല്ല, മൂസ് പെറ്റ് സഹകരണബാങ്കിലെ ക്രമക്കേടും അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച സമിതികളില്‍ പി.കെ. ബിജു അംഗമാണെന്ന് കാണിക്കുന്ന രേഖയാണ് പുറത്തുവിട്ടിരിക്കുന്നത്.
കരുവന്നൂരിലെ മാത്രമല്ല, തൃശൂര്‍ ജില്ലയിലെ മിക്ക ബാങ്കുകളിലുമായി ലോണുകള്‍ പാസാക്കുന്നതിനും ആധാരങ്ങള്‍ പല തവണ പണയം വെച്ചും കോടികള്‍ തട്ടിയ വെളപ്പായ സതീശന്‍റ പി.കെ.ബിജുവിന്റെ ബിനാമിയായിരുന്നു എന്നും അനില്‍ അക്കര ആരോപിച്ചിരുന്നു. ഇതോടെ പാവപ്പെട്ട പശ്ചാത്തലത്തില്‍ നിന്നും പാര്‍ട്ടിയുടെ ഉന്നതതലത്തിലേക്ക് ഉയര്‍ന്നുവന്ന പി.കെ. ബിജു ആരുടെ ബിനാമിയാണെന്ന ചോദ്യവും ഉയരുകയാണ്.
കരുവന്നൂര്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ച സിപിഎം അന്വേഷണ സമിതിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ സിപിഎം നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ജി. സുധാകരന്‍ ശക്തമായി ആഞ്ഞടിച്ചിരുന്നു. കരുവന്നൂരിലെ പാര്‍ട്ടി അന്വേഷണം പിഴച്ചുവെന്നായിരുന്നു ജി. സുധാകരന്റെ കുറ്റപ്പെടുത്തല്‍.
“കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു. കുറ്റം ചെയ്തത് ആരൊക്കെയാണെന്ന് പൊതു സമൂഹത്തോട് പാര്‍ട്ടിക്ക് പറയാന്‍ കഴിഞ്ഞില്ല. ഏത് കൊലകൊമ്പനായാലും തെറ്റു ചെയ്താല്‍ നടപടിയെടുക്കണമായിരുന്നു.”- ജി. സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇതുവരെയും സിപിഎം നേതാക്കള്‍ മിണ്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: