Categories: Varadyam

സനാതനധര്‍മത്തിന്റെ സത്യസൗന്ദര്യങ്ങള്‍

Published by

ജി.മോഹനന്‍ നായര്‍

വിദഗ്‌ദ്ധമായ പദ്ധതിയോടുകൂടി നടക്കുന്ന ഹിന്ദുമതാക്രമണത്തിന്റെ ഭാഗമായി നന്മയുടെ അടിസ്ഥാന ശിലയായ സനാതന ധര്‍മവും ആക്രമിക്കപ്പെട്ടിരിക്കുന്നു. സനാതന ധര്‍മത്തിന് ഒരു മതത്തിന്റെയും കുത്തകാവകാശമില്ല. ഈ ലോകത്ത് എവിടെയാണോ മനുഷ്യരാശിക്ക് അറിവും സംസ്‌ക്കാരവും ലഭിക്കാന്‍ തുടങ്ങിയത്, ഏത് സംസ്‌ക്കാരത്തിലാണോ ആദ്യ വേദമായ ഋഗ്വേദം ഉദ്ഭവിക്കാന്‍ തുടങ്ങിയത്, അതില്‍ നിന്നും ഉദ്ഭവിച്ചതാണ് സനാതന ധര്‍മം. അതിന് ജാതിയോ വര്‍ണ്ണോ കുലമോ ഇല്ല. പല സഹസ്രാബ്ദങ്ങള്‍ക്കുശേഷം ഒരു പിതൃത്വം വേണ്ടതായി അന്നത്തെ സമൂഹത്തിന് തോന്നിയപ്പോള്‍ അതിന് യോഗ്യമായി ഉണ്ടായിരുന്നത് ഹിന്ദുമതം മാത്രമാണ്. ആ പേര് എടുത്തുവെന്നുമാത്രം.

ലോകത്തെ ഭൂരിപക്ഷം ജനതതിയും പ്രാകൃതാവസ്ഥയിലായിരുന്നപ്പോള്‍ സാമൂഹ്യ വ്യവസ്ഥിതി നോരാംവണ്ണം നിലനിര്‍ത്തുവാന്‍ മനുഷ്യരാശിക്ക് ആദ്യമായി പ്രദാനം ചെയ്തതാണ് സനാതന ധര്‍മം. ആത്മബോധം, സത്യസന്ധത, മറ്റൊരു ജീവിയെയും ദ്രോഹിക്കാതിരിക്കുക, പരിശുദ്ധി, ചാരിത്ര്യ ശുദ്ധി, ദയ, കാരുണ്യം, ക്ഷമ, സഹനശീലം, ആത്മനിയന്ത്രണം, മഹാമനസ്‌കത, താപസവൃത്തി ഇവയാണ് സനാതന ധര്‍മ്മത്തിന്റെ പൊരുള്‍. ഈ സത്ഗുണങ്ങള്‍ ഭാരതീയനില്‍ നിന്നുമാണ് മറ്റ് ഭാഗങ്ങളിലേക്ക് പ്രസരിച്ചത്. ഇത് സാമാന്യ ചരിത്രബോധമുള്ളവരാരും നിഷേധിക്കുന്നതല്ല. അല്ലാതെ അതിന് ചാതുര്‍വര്‍ണ്യവുമായോ ജാതിവ്യവസ്ഥിതിയുമായോ ഒരു ബന്ധവുമില്ല.

ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം
ഗുണകര്‍മ്മ വിഭാഗശഃ
സത്യകര്‍ത്താരമപിമാം
വിദ്ധ്യകര്‍ത്താരമവ്യയം
എന്നിങ്ങനെയാണ് വര്‍ണ്ണ വ്യവസ്ഥ ഭഗവാന്‍ ശ്രീകൃഷ്ണനാല്‍ അഥവാ വേദവ്യാസ മഹര്‍ഷിയാല്‍ നിശ്ചയിച്ചിരിക്കുന്നത്. മനുഷ്യസമൂഹത്തെ ജാതീയമായി വേര്‍തിരിച്ച് അടിമത്തം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയല്ല ഇത്. മനുഷ്യന്റെ ആന്തരികമായ ഗുണപ്രവാഹത്തെ ആധാരമാക്കി അവനവന്റെ കര്‍മ്മങ്ങളെ തെരഞ്ഞെടുക്കുന്നതുമാത്രം വിവേചിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പൂര്‍ത്തീകരിക്കേണ്ട ധര്‍മങ്ങള്‍ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം. അതുപോലെ സത്വഗുണം, രജോഗുണം, തമോഗുണം പോലെ സഞ്ജിതകര്‍മ്മം, പ്രാരാബ്ധകര്‍മ്മം, ആഗമ്യകര്‍മ്മം. ഇവിടെയെല്ലാം ധര്‍മ്മശാസ്ത്ര പ്രകാരം മനുഷ്യവര്‍ഗത്തെ അവനിലടങ്ങിയിരിക്കുന്ന ഗുണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിരിക്കുന്നു.അജ്ഞാനത്തിന്റെ ആധിക്യം കൊണ്ടാണ് ഭഗവദ്ഗീതയെപ്പോലും ചിലര്‍ ആക്രമിക്കുന്നത്. പല തത്വചിന്തകരും മനുഷ്യവര്‍ഗ്ഗത്തെ അതിന്റെ ഗുണഗണങ്ങള്‍ക്കനുസരിച്ച് വേര്‍തിരിച്ച് നിശ്ചയിച്ചിട്ടുണ്ട്. ഗ്രീക്ക് ചിന്തകരിലും ഈജിപ്ഷ്യന്‍-ബാബിലോണിയന്‍ ചിന്തകരിലും ഈ സംസ്‌ക്കാരം നിലനിന്നിരുന്നു. വിസ്തരഭയത്താല്‍ വിശദീകരിക്കുന്നില്ല.

ഭാരത സമൂഹം വേദകാലം മുതല്‍ ബ്രഹ്മജ്ഞാനികളെ സൃഷ്ടിച്ചിരുന്നു. വാമൊഴിയായി വേദങ്ങളെ തലമുറതലമുറയായി പകര്‍ന്നുകൊണ്ടിരിക്കുന്ന, അതിനെ സംരക്ഷിക്കുന്ന ഒരു സമൂഹം വേദവ്യാസന്റെ കാലംവരെ നിലനിന്നിരുന്നു. പിന്നീട് ജാതി ബ്രാഹ്മണരുണ്ടാവുകയും മറ്റ് വിവേചനങ്ങള്‍ ഉണ്ടാവുകയും ചെയ്‌തെങ്കില്‍ അത് ഹിന്ദുമതത്തിന്റെ തെറ്റെന്ന് പറയുവാന്‍ സാധിക്കുമോ?

മനുഷ്യവര്‍ഗ്ഗത്തിന്റെ ഒരു ചരിത്രഘട്ടത്തില്‍ മനുസ്മൃതിയോ അതുപോലുള്ള മറ്റ് നിയമ സംഹിതകളോ സൃഷ്ടിക്കാന്‍ സാധിച്ചത് അന്നത്തെ ജനതയുടെ നേട്ടമാണ്. അതിനെ അഭിനന്ദിക്കുക. യേശു ജനിക്കുന്നതിന് തൊട്ടുമുന്‍പ് ഉണ്ടായതെന്ന് പറയപ്പെടുന്ന തല്‍മൂദ് എന്ന യഹൂദ പുരാണ ഗ്രന്ഥത്തിലെ ഒരു ഖണ്ഡിക ഇങ്ങനെയാണ്:

”ദേവാലയ നികുതിയുടെ താരിഫ് അനുസരിച്ച് ഒരു യഹൂദന് പരിശുദ്ധനായി തീരണമെങ്കില്‍ 1279 നിയമങ്ങള്‍ കിറുകൃത്യമായി അനുഷ്ഠിക്കേണ്ടതുണ്ട്. പരിഹാസ്യങ്ങളായ, ബീഭത്സങ്ങളായ ഈ അനുഷ്ഠാനങ്ങളില്‍ ചിലത്- ശരിയായ നടത്തം, പാദങ്ങള്‍ തമ്മില്‍ ഉരുമത്തക്കവിധം കാലടികള്‍ തമ്മില്‍ അടുപ്പിച്ചുവയ്‌ക്കണം. സ്ത്രീകളെ കാണുന്നത് നിഷിദ്ധമായതിനാല്‍ തലകുനിച്ചുമാത്രമേ നടക്കാവൂ. കുറേക്കൂടി തീവ്രഭക്തര്‍ ഉത്തമാംഗം ചാക്കുകൊണ്ട് പൊതിഞ്ഞായിരുന്നു തെരുവുവീഥികളില്‍ കൂടി കുരുടന്മാരെപ്പോലെ സഞ്ചരിച്ചിരുന്നത്. രോഗം വന്ന് ചാകാന്‍ പോകുന്ന മൃഗങ്ങളെ കൊന്ന് പാപമോചനത്തിന് അതിന്റെ ഒരു കഷ്ണം അവിടെവച്ചുതന്നെ ഭക്ഷിക്കണം. രാബികള്‍ക്ക് (ഗുരുക്കന്മാര്‍) കൈക്കൂലികൊടുത്ത് തൃപ്തിപ്പെടുത്തിയാല്‍ ഏതുതരം അധര്‍മങ്ങളില്‍ നിന്നും മുക്തി നേടാം.”

ഇതുപോലുള്ള കാടത്തനിയമ സംഹിതകളൊന്നും ഹിന്ദുമതത്തിലില്ലല്ലോ. അതിനാല്‍ ഹിന്ദു എന്ന വാക്കിനെതിരായ ആക്രമണം സഹിക്കാവുന്നതല്ല. സിന്ധുവില്‍ നിന്നും ഉത്ഭവിച്ചതാണ് ഹിന്ദു എന്ന വാദവും ശരിയല്ല. ഹിമവാനും ഹിമാലയവും ഹിമവല്‍പുത്രിയുമൊക്കെ സിന്ധുവില്‍ നിന്ന് ഉത്ഭവിച്ചതാണോ? ഹിമവാന് തെക്കോട്ട് കന്യാകുമാരി വരെയുള്ള ജനങ്ങളെ അന്നത്തെ മറ്റുദേശക്കാര്‍ ഭാരതീയരെന്നും ധര്‍മ്മിഷ്ഠരെന്നുമാണ് സംബോധന ചെയ്തിരുന്നത്. അവര്‍ അറിവിന്റെ ആസ്ഥാനക്കാര്‍. കാളിദാസന്റെ കാലംവരേക്കും ഹിന്ദുവെന്നോ ഹിന്ദുസ്ഥാനമെന്നോ വാക്കുകള്‍ ഉണ്ടായിരുന്നില്ല. മതം

സൃഷ്ടിക്കപ്പെട്ടിട്ടില്ലാതിരുന്ന ഗൗതമബുദ്ധന്റെ പേരില്‍ ബുദ്ധസംഘവും, ജൈന മുനിയുടെ പേരില്‍ പില്‍ക്കാലത്ത് ജൈന സംഘവും ഉണ്ടായിക്കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഇതില്‍പ്പെടാത്ത ജനങ്ങളെ ഹിന്ദുക്കളെന്നും, പില്‍ക്കാലത്ത് ഹിന്ദുമതസ്ഥരെന്നും വിളിക്കപ്പെട്ടു. ഇതാണ് സംഭവിച്ചത്.

ഹിന്ദു എന്നതിനെ നിര്‍വ്വചിക്കാം. ഹിന്ദു എന്നത് ഹി+ന+ദ+ഉ= ഹിന്ദു. ഹി= നിശ്ചയം, ന= നിഷേധം, ദ= മുറിക്കല്‍ (ത്യജിക്കല്‍), ഉ= ശിവന്‍. മനുഷ്യനായി പിറക്കുന്ന ഒരു ജീവന് നാമരൂപത്തിലുള്ള പ്രകൃതി നിത്യമല്ല. ആത്മാവ് മാത്രമെ നിത്യമായിട്ടുള്ളൂ എന്ന ബോധം ഉണ്ടായാല്‍ അവന്‍ ‘ഹി’യിലെത്തിച്ചേരുന്നു. അനിതൃത/ലൗകികഭോഗങ്ങളെ ത്യജിച്ച് ആത്മാവിനെ സ്വീകരിക്കുമ്പോള്‍ അവന്‍ ‘ന’ കാരത്തിലെത്തുന്നു. ലൗകികത്തെ അപ്പാടെ ത്യജിച്ച്/മുറിച്ച് ആത്മീയ ജീവിതെ സ്വീകരിച്ച് ബ്രഹ്മചാരിയാകുമ്പോള്‍ ആ ജീവന്റെ ഉടമ ‘ദ’ കാരത്തിലേക്കുയരുന്നു. ആചാര്യനില്‍ നിന്ന് ലഭിക്കുന്ന ദീക്ഷാനുസരണം തപസ്സ് ആചരിക്കുന്ന ബ്രഹ്മചാരി, ആത്മരൂപം കൈകൊണ്ട്, പരിണമിച്ച് ഉകാരത്തില്‍/ ശിവനില്‍ അഥവാ നിത്യത അനുഭവിച്ചറിയുന്നു. ഇതിനെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള മഹത്തുക്കളെയാണ് ഹിന്ദു എന്നു വിളിക്കുന്നത്.

ഹിന്ദുമത സംഹിതകളെക്കുറിച്ച് നിഷ്പക്ഷമതികളായ സദ്ബുദ്ധികള്‍ പറഞ്ഞിരിക്കുന്ന ചിലതു മാത്രം ഉദ്ധരിക്കട്ടെ. വിഖ്യാത അമേരിക്കന്‍ ചരിത്ര പണ്ഡിതന്‍ വില്‍ഡുറന്റ് ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“India was the motherland of our race and Sanskrit the mother of European language. India was the mother of our philosophy, of much of our mathematics, of the ideals embodied in Christanity – of self government and democrozy. In many ways India is the mother of us all.’ (Story of our civilization vol. 1 – Our oriental heritage 1954)

(ഇന്ത്യ മനുഷ്യവര്‍ഗ്ഗത്തിന്റെയും സംസ്‌കൃതിയുടെയും മാതൃരാജ്യവും, സംസ്‌കൃതം യൂറോപ്യന്‍ ഭാഷകളുടെയും മാതാവുമാകുന്നു. അതെപ്പോലെതന്നെ തത്വചിന്തകളുടെതായാലും ഗണിത ശാസ്ത്രങ്ങളുടെതായാലും ക്രിസ്തുമത ദര്‍ശനങ്ങളുടെതായാലും, ജനാധിപത്യ വ്യവസ്ഥിതിയുടെതായാലും ഉറവിടം ഈ ഭാരതം തന്നെയായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നമ്മുടെയെല്ലാം മാതൃത്വം ഭാരതഭൂമിക്കവകാശപ്പെട്ടതാണ്.)

”ഇന്നെന്നല്ല ഒരിക്കലും നമ്മുടെ മതം ഇന്ത്യയില്‍ വേരൊടുകയില്ല. മനുഷ്യരാശിയുടെ ആദിമവിജ്ഞാനത്തെ തള്ളിമാറ്റുവാന്‍ ഗലീലിയിലെ സംഭവങ്ങള്‍ക്ക് കഴിയില്ല. നേരെമറിച്ച് ഭാരതീയ വിജ്ഞാനം യൂറോപ്പിലേക്ക് ഒഴുകും. അത് നമ്മുടെ അറിവിലും ചിന്തയിലും സമൂലമാറ്റം വരുത്തുകയും ചെയ്യും.”
(ആര്‍തര്‍ ഷോപ്പനോവര്‍- സേക്രഡ് ബുക്‌സ് ഓഫ് ദ ഈസ്റ്റ്, വാള്യം 1)

ജര്‍മന്‍ പണ്ഡിതമായ മാക്‌സ് മുള്ളറും മെക്കാളെ പ്രഭുവും ചേര്‍ന്ന് ആസൂത്രണം ചെയ്ത പരിപാടിയും, അവസാനം അവരുടെ തോല്‍വിയും ഇവിടെ വിശദീകരിക്കുന്നില്ല. ഹിന്ദുക്കളുടെ മതം ഒരു വ്യവസായ മതമല്ല. പ്രലോഭനത്തില്‍ക്കൂടിയും പൊള്ളയായ വാഗ്ദാനത്തില്‍ക്കൂടിയും സാമ്പത്തിക വാഗ്ദാനത്തില്‍ക്കൂടിയും ആക്രാമികമായ മതപരിവര്‍ത്തന ശ്രമം നടത്തുന്നത് ഹിന്ദുവിന്റെ ധര്‍മമല്ല. ഈ നവീനയുഗത്തില്‍ ഭാരതത്തിന്റെ സ്വത്വത്തെ ഇല്ലായ്മ ചെയ്യണമെന്നും ഒപ്പം ശ്രേഷ്ഠമതമായ വ്യവസായ മതങ്ങള്‍- സെമിറ്റിക് മതങ്ങള്‍ നിറയ്‌ക്കണമെന്നുമുള്ള ലക്ഷ്യത്തോടെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നതിനെ തുറന്നുകാട്ടുകതന്നെ വേണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by