ചട്ടഞ്ചാല്‍: ആറ് മാസം മുമ്പ് തീവണ്ടി തട്ടി മരണപ്പെട്ട കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞു. അജ്ഞാതനായ ആള് മരണപ്പെട്ട സ്ഥലത്ത് മേല്പറമ്പ പോലീസ് എത്തിയപ്പോള്‍ കണ്ടത് ചിതറി തെറിച്ച ശരീരഭാഗങ്ങള്‍ മാത്രമായിരുന്നു.തെളിവായി കിട്ടിയത് പഴകിയതും ദ്രവിച്ചു പോയതും കീറിപ്പോയതുമായ കര്‍ണാടക കാര്‍ക്കള സിറ്റി നഴ്സിംഗ് ഹോമിലെ ഒരു ടിക്കറ്റും ഒരു ക്ഷേത്രത്തിലെ ഒരു വര്‍ഷം മുമ്പത്തെ വ്യക്തമല്ലാത്ത വഴിപാട് രസീതും മാത്രമായിരുന്നു.
കാര്‍ക്കള പോലീസ് സ്റ്റേഷനിലും നഴ്സിംഗ് ഹോമിലും പോലീസ് അന്വേഷിച്ചെങ്കിലും അന്ന് വ്യക്തമായ വിവരങ്ങള്‍ കിട്ടിയിരുന്നില്ല. തിരിച്ചറിയാത്ത കേസുകളില്‍ ആറ് മാസത്തിന് ശേഷം അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിനിടെ കീറിപ്പറഞ്ഞ വഴിപാട് രശീതിയില്‍ കണ്ട പൂര്ണമല്ലാത്തഒരു ഫോണ്‍ നമ്പരില്‍ അവസാന അക്കങ്ങള്‍ മാറ്റി മാറ്റി പോലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്ത് വിളിച്ചപ്പോള്‍ അത് കര്‍ണാടകയിലെ ഒരു കൃഷ്ണ ക്ഷേത്രത്തിലെ നമ്പരാണെന്നും കര്‍ണാടക സംസാരിക്കാനറിയാവുന്ന രജീഷ് എന്ന പോലീസുകാരന്റെ സഹായതത്തോടെ നാട്ടില്‍ നിന്നും കാണാതായവരുടെ ചോദിച്ചപ്പോഴാണ് ഈശ്വര എന്നയാളെ കാണാത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ അയാളുടെ മകന്റെ നമ്പര്‍ കണ്ടെത്തി വിളിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മേല്പറമ്പ പോലീസ് സ്റ്റേഷനിലെത്തി സിഐ ഉത്തംദാസിനെയും എസ് ഐ വിജയനെയും കാണുകയും മരിച്ചയാളുടെ അടയാള വിവരങ്ങള്‍ കൈമാറി. തീവണ്ടി തട്ടി മരിച്ചത് തങ്ങളുടെ അച്ഛനാണെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുകാരോടൊപ്പം ബന്ധുക്കള്‍ മരിച്ച ഈശ്വര എന്നയാളുടെ മൃതദേഹം മറവ ചെയ്ത നുള്ളിപ്പാടി ശ്മശാനത്തില്‍ ചെന്നപ്പോള്‍ കാടുമൂടിക്കിടന്നിരുന്ന സ്ഥലത്ത് കുറെ കല്ലുകള്‍ മാത്രമായിരുന്നു. എവിടെയാണ് എന്ന ആശയക്കുഴപ്പത്തിനിടെ ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പോലീസുകാര്‍ നേരത്തേ ലൊക്കേഷന്‍ സേവ് ചെയ്തു വെച്ചതില്‍ ശരിയായ സ്ഥലം മൃതദേഹത്തിന്റെ തല ഭാഗം തന്നെ കിട്ടി.
കാട് വൃത്തിയാക്കി ബന്ധുക്കള്‍ ഓരോരുത്തരും അതിന്ചുറ്റും നടന്നു കാല് ഭാഗത്തു പോയി തൊട്ടു നമസ്കരിച്ച് കണ്ണീര് പൊഴിച്ചപ്പോള്‍ കഴിഞ്ഞ ഏപ്രില്‍ 16ന് ബന്ധുക്കളോ മക്കളോ ഇല്ലാതെ മറവ് ചെയ്ത അജ്ഞാത മൃതശരീരത്തിന്റെ യഥാര്‍ത്ഥ ബന്ധുക്കളെ കണ്ടെത്തിയതിന്റെ ആത്മ നിര്‍വൃതിയിലായിരുന്നു പോലീസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: