ഓം എന്ന പദം ‘ആപ്ലൃ വ്യാപ്തൗ’ ‘അവ് രക്ഷണ’ ഈ ധാതുക്കളില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. ‘ആപ്ലൃ’ എന്ന ധാതുവില്‍ നിന്നും ഉണ്ടായ ഓംകാരത്തിന്റെ അര്‍ത്ഥം സര്‍വ്വവ്യാപി എന്നാകുന്നു. ‘അവ്’ എന്ന ധാതുവില്‍ നിന്നും ഉണ്ടായ ഓംകാരത്തിന്റെ അര്‍ത്ഥം സംസാരസാഗരത്തില്‍ നിന്നും രക്ഷിക്കുന്നത് എന്നാകുന്നു.
‘അവ്’ എന്ന ധാതുവില്‍ നിന്നും മന് എന്ന പ്രത്യയം ഉണ്ടാകുന്നു. (അവതേഷ്ടിലോപശ്ച). ഈ ഉണാദി സൂത്രപ്രകാരം ‘ടി’ ലോപിക്കുന്നു. അവ്+മ് എന്നീ സ്ഥിതിയില്‍ (ജ്വരത്വര…) ഇത്യാദി കൃദന്തസൂത്രമനുസരിച്ച് ‘വ്’ ഊ ആയിത്തീര്‍ന്ന് അ+ഉ+മ് എന്ന അവസ്ഥ ഉണ്ടാകുന്നു. അതിനുശേഷം
‘ആദ് ഗുണഃ’ സൂത്രപ്രകാരം ഓം എന്ന രൂപം കൊള്ളുന്നു.
ഈ ഓം അഥവാ ഓംകാരത്തിനു പ്രണവം എന്നു പറയുന്നു.
പ്രണവം എന്നത് ‘പ്ര’ പൂര്‍വ്വകമായ ‘ണു’ ധാതുമൂലം സ്തുതി എന്ന അര്‍ത്ഥം ഉളവാക്കുന്നു. ഇപ്രകാരം ഇതിന്റെ അര്‍ത്ഥം യാതൊന്നിനാല്‍ ഇഷ്ടദേവതയെ സ്തുതിക്കുന്നുവോ അതു പ്രണവമാകുന്നു എന്നാണ്.
‘അവ്’ എന്ന ധാതുവിനു രക്ഷ, ഗതി, കാന്തി, തൃപ്തി, അവഗമം, പ്രീതി, പ്രവേശനം, ശ്രവണം, സ്വാമ്യര്ത്ഥം, യാചനം, ക്രിയ, ഇച്ഛ, ദീപ്തി, വ്യാപ്തി, ആലിംഗനം, ഹിംസ, ദാനം, ഭോഗം, വൃദ്ധി, എന്നിങ്ങനെ 19 അര്‍ത്ഥങ്ങളുണ്ട്. അവയില്‍ ഓരോന്നിലും ഓംകാരത്തിന്റെ അര്‍ത്ഥം താഴെ കൊടുക്കുകയാണ്.
(1) രക്ഷ(രക്ഷണം) അവതി ‘സംസാര സാഗരാദ്രക്ഷതി’ സംസാരസാഗരത്തില്‍ നിന്നും രക്ഷിക്കുന്നു.
(2) ഗതി അവതി ‘സര്‍വ്വേ ജാനാതി’. എല്ലാക്കാലവും എല്ലാ വസ്തുക്കളും യഥാര്‍ത്ഥത്തില്‍ അറിയുന്നവന്. ഗതി അവതിസംസാരചക്രോ യസ്മാദ്ഗച്ഛതി സദാ സംസാരചക്രത്തില്‍ നടക്കുന്നവന് ഗതി അവതി സര്‍വ്വത്ര വ്യാപ്നോതി വ്യാപകമായതിനാല്‍ സകലയിടത്തും സ്ഥിതി ചെയ്യുന്നതും സകലര്‍ക്കും ലഭ്യമായതും.
ഗതി അവതി ‘ജ്ഞാനേന വിശ്വം പ്രവര്ത്തയിതും പ്രയത്നം കരോതി’. വിശ്വത്തിന്റെ നിബന്ധനകള്‍ ജ്ഞാനപൂര്‍വ്വം നടപ്പിലാക്കാന്‍ സകലയിടത്തും പ്രയത്നത്തെ പ്രസരിപ്പിക്കുന്നവന്‍.
(3) കാന്തി അവതി ‘വിശ്വം പ്രകാശയതി’. ലോകത്തിനു പ്രകാശം നല്കുന്നവന്.
(4) പ്രീതി അവതി ‘സര്‍വ്വേ പ്രീണിയത’ ആനന്ദസ്വരൂപനായതിനാല് ഭക്തര്‍ക്കു പ്രസന്നത പ്രദാനം ചെയ്യുന്നവന്.
(5) തൃപ്തി അവതി ‘ഭക്താന് തര്പ്പയതി’ ശാന്തസ്വരൂപനാകയാല് ഭക്തര്‍ക്കു തൃപ്തി നല്കുന്നവന്.
(6) അവഗമം അവതി ‘അവഗച്ഛന്തി’ സകല പ്രാണികളുടെയും വിചാരം സദാ അറിയുന്നവന്.
(7) പ്രവേശനം അവതി ‘സൂക്ഷ്മത്വാത് പ്രവിശ്യതി’ സൂക്ഷ്മസ്ഥിതിമൂലം ആത്മസ്വരൂപനായി സകലപ്രാണികളിലും പ്രവേശിക്കുന്നു.
(8) ശ്രവണം അവതി ‘സര്‍വ്വേ ശൃണോതി’ സ്വയം ശ്രോത്രേന്ദ്രിയത്തിന്റെ (കര്‍ണ്ണങ്ങളുടെ) നിര്മ്മാതാവാകയാല് സൂക്ഷ്മവും സ്ഥൂലവും അതിഗുപ്തവുമായ ശബ്ദം ശ്രവിക്കുന്നവന്.
(9) സ്വാമ്യര്ത്ഥം അവതി ‘ആധിപത്യം കരോതി’ സമസ്തചരാചരജഗത്തിന്റെയും സ്വാമി ആകയാല്‍ ഭരണാധിപന് (ശാസകന്‍).
(10) യാചനം ഐശ്വര്യസമ്പൂര്ണ്ണമാകയാല് സകലരുടെയും യാചനാസ്ഥാനം.
(11) ഇച്ഛ, ക്രിയ അവതി ‘സംസാരചക്രം ചാലയതി’ ക്രിയാത്മകസംസാരത്തിന്റെ
നിര്മ്മാതാവാകയാല് സംസാരക്രിയകളുടെ നടത്തിപ്പുകാരന്.
(12) ഇച്ഛതി അവതി സ്വയം ഇച്ഛാരഹിതനെങ്കിലും ജീവികളുടെ ശുഭകാമനകള്‍
പൂര്ത്തീകരിക്കുന്നവന്.
(13)ദീപ്തി അവതി ‘ദീപ്യതി’ ജ്ഞാനസ്വരൂപനായതിനാല് വിദ്യയുടെ പ്രകാശതേജസ്സിനാല് അന്ധകാരം അകറ്റുന്നവന്‍.
(14) വ്യാപ്തി അവതി ‘പ്രദര്ശയതി’ കണങ്ങളും, അപ്രതീതവും ഇന്ദ്രിയാതീതവും ആകയാല്‍ പവിത്രമായ അന്തഃകരണത്തില്‍ സ്വരൂപം പ്രദര്‍ശിപ്പിക്കുന്നവന്‍.
(15) ആലിംഗനം അവതി ‘ആലിംഗയതി’ സര്‍വ്വവ്യാപി ആകയാല്‍ സകലതുമായി ബന്ധപ്പെട്ടവന്‍ സകലരുടെയും ബന്ധു.
(16) ഹിംസ അവതി ‘ഹിംസയതി’ സര്‍വ്വദാ വേദങ്ങളില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗ്ഗത്തില്‍ വിചരിക്കുന്നവരുടെ അജ്ഞാനത്തെ ഹിംസിക്കുന്നുവന് അതായത് നശിപ്പിക്കുന്നവന്.
(17) ദാനം അവതി ‘ദദാതി’ സൃഷ്ടികാലം മുതല്‍ സുഖദായക പദാര്‍ത്ഥങ്ങളും അവ ഉപയോഗിക്കാനുള്ള ബുദ്ധിയും നല്കുന്നുവന്.
(18) ഭോഗം അവതി ‘ലീനം കരോതി’ പ്രളയസമയത്ത് സ്ഥൂലജഗത്തിനെ അദൃശ്യമാക്കുന്നവന് തന്നില്‍ ലയിപ്പിക്കുന്നവന്‍.
(19) വൃദ്ധി അവതി ‘വര്‍ദ്ധയതി’ സൃഷ്ടിസമയത്തു സൂക്ഷ്മ പ്രകൃതിയെ സ്ഥൂലരൂപത്തിലാക്കുന്നവന്.
‘ഓം’ അവ്യയ വാചക പദമാണ്. ഇതിന്റെ മുമ്പില്‍ വരുന്ന ഏതു പ്രത്യയവും വിഭക്തിയും സ്വയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇതു അവിനാശി ആകുന്നു. ഇതു അവ്യയവാചകപദമാകയാല് ഈ പദം പരമാത്മാവിനല്ലാതെ യാതൊരു പ്രാണിക്കുവേണ്ടിയും പ്രയോഗിക്കപ്പെടാന്‍ സാദ്ധ്യമല്ല, എന്തുകൊണ്ടെന്നാല്‍ പ്രാണി അല്പജ്ഞനും, ഒരിടത്തു വസിക്കുന്നുവനും, പൂര്ണ്ണത്വരഹിതനും, ന്യൂനത്വസഹിതനും ആകുന്നു.
പ്രണവത്തിന്റെ അര്‍ത്ഥങ്ങള്‍ അതിന്റെ ഗുണം കൂടിയാണ്. പ്രണവത്തെ ഉപാസിക്കുന്നതുമൂലം, അതു ജപിക്കുന്നതുമൂലം മേല്പറഞ്ഞ 19 ഗുണങ്ങളും ലഭിക്കുന്നു. തന്മൂലം ഇതു ഓരോ മന്ത്രത്തിന്റെയും ആരംഭത്തില്‍ ഉച്ചരിക്കപ്പെടുന്നു. ഓംകാരം മന്ത്രങ്ങളുടെ സേതു ആണെന്നു പറയുന്നു. ഇതിന്മേല് കയറിയാല്‍ മാത്രമേ മന്ത്രങ്ങളുടെ പ്രയാസമേറിയ മാര്‍ഗ്ഗം തരണം ചെയ്യാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: