മുംബൈ: പലിശനിരക്കിൽ തുടർച്ചയായ നാലാം തവണയും മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ചേരുന്ന പണ അവലോകന സമിതി യോഗമാണ് വെള്ളിയാഴ്ച റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പൊ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. പണപെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
അടുത്ത രണ്ട് മാസത്തേക്ക് കൂടി ഭവന വായ്‌പയിലോ, വ്യക്തിഗത വായ്‌പയിലോ മാറ്റം ഉണ്ടാകില്ല. ഇത് ഇപ്പോള്‍ ബാങ്ക് വായ്‌പ എടുത്തവര്‍ക്ക് തിരിച്ചടവിന്റെ ഭാരം വര്‍ധിപ്പിക്കില്ല. റിസര്‍വ്വ് ബാങ്കിന്റെ പണനയ സമിതി ഇനി ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ വീണ്ടും യോഗം ചേരും.
വിലക്കയറ്റ ഭീഷണി തുടരുന്നതിനാലാണ് പലിശ നിരക്ക് മാറ്റാതിരുന്നത്. പക്ഷെ ഇപ്പോഴും പണപ്പെരുപ്പം ആശങ്കയായി തുടരുന്നുണ്ട്. 2024ലെ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പത്തോത് 5.4 ശതമാനം എന്നാണ് റിസര്‍വ്വ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. അതേ സമയം പണപ്പെരുപ്പ്ത്തോത് നാല് ശതമാനത്തില്‍ കൂടാതെ പിടിച്ചുനിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: