ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.നാടകീയ രംഗങ്ങളാണ് ഫൈനലില്‍ ഉണ്ടായത്.
ഇറാനെ 33-29 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീമിന്റെ സ്വര്‍ണ നേട്ടം.
ഇടയ്ക്ക് ടീമുകള്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ഫൈനല്‍ മത്സരം താത്കാലികമായി നിര്‍ത്തിവയ്ക്കുകയുണ്ടായി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയാണ് വിവാദ സംഭവമുണ്ടായത്. ഇരു ടീമും 28 പോയിന്റ് വീതം നേടിയിരിക്കെ ഇന്ത്യന്‍ താരം പവന് ഇറാന് കോര്‍ട്ടിലിറങ്ങി. പവനെ ഇറാന് താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന് താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയെന്ന് പവന് അവകാശപ്പെട്ടു.
നാല് ഇറാന് പ്രതിരോധ താരങ്ങള്‍ പുറത്തുപോയ പവനെ സ്പര്‍ശിച്ചതിനാല്‍ ഇന്ത്യ നാല് പോയിന്റ് കിട്ടണമെന്ന് ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയിന്റ് വീതം നല്കി. എന്നാല്‍ ഇന്ത്യ നാല് പോയിന്റ് നല്‍കണമെന്ന് ആവര്‍ത്തിച്ചതോടെ റഫറി വഴങ്ങി.
തുടര്‍ന്ന് ഇറാന് ടീം പ്രതിഷേധിച്ച് കോര്‍ട്ടില്‍ കുത്തിയിരുന്നു. മത്സരം അനിശ്ചിതത്വത്തിലായതോടെ അധികൃതര്‍ ഇടപെട്ട് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പിന്നീട് ഇന്ത്യയ്ക്ക് മൂന്നും ഇറാന് ഒരു പോയിന്റും അനുവദിച്ച് കളി പുനരാരംഭിച്ചപ്പോള്‍ രണ്ട് പോയന്റ് കൂടി നേടി ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: