കോവളം: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ യാത്രകപ്പല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യത്തിലേക്ക്. തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്നും ശ്രീലങ്കയിലെ കങ്കേശന്‍തുറൈ തുറമുഖത്തേക്കാണ് യാത്രാകപ്പല്‍ സര്‍വീസ് നടത്തുക. ഇതിനായി ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ നിര്‍മിച്ച എം.വി. ചേരിയപാണി എന്ന കപ്പല്‍ കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ വിഴിഞ്ഞം തുറമുഖത്ത് ലീവേഡ് വാര്‍ഫില്‍ നങ്കൂരമിട്ടു.
150 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമുള്ള കപ്പല്‍ കൊച്ചിയില്‍ നിന്ന് ശ്രീലങ്കയിലെ ട്രിങ്കോമാലി വഴി നാഗപട്ടണത്തേയ്ക്കുള്ള യാത്രാമധ്യേയാണ് വിഴിഞ്ഞത്തെ മാതൃ തുറമുഖത്ത് അടുപ്പിച്ചത്. ഇന്ത്യക്കാരായ പതിനാല് ജീവനക്കാരാണ് നിലവില്‍ കപ്പലിലുള്ളത്. ഇത്തരം യാനങ്ങള്‍ക്ക് രാത്രി യാത്രാ അനുമതിയില്ലാത്തതും കടല്‍ക്ഷോഭവും കണക്കിലെടുത്താണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. കസ്റ്റംസ് ക്ലീയറന്‍സിന് ശേഷം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ യാത്ര പുറപ്പെട്ടു.
ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന യാത്രാകപ്പല്‍ വൈകുന്നേരം ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വിഴിഞ്ഞം പോര്‍ട്ട് പര്‍സര്‍ വിനുലാല്‍, അസി. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: