ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി എടുത്തിട്ടുള്ള കേസില്‍ ദല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് പ്രതികള്‍ ചെയ്തിട്ടുള്ള കുറ്റങ്ങളെന്ന് അക്കമിട്ട് നിരത്തിയിരിക്കുന്നു. ശ്രീലങ്ക സ്വദേശിയും, അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്നയാളുടെ മകനുമായ നെവില്‍ റോയി സിംഘം ഇടനിലക്കാരനായി നിന്ന് കോടിക്കണക്കിന് രൂപ ചൈനയില്‍നിന്ന് കൈപ്പറ്റി രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയെന്നാണ് ന്യൂസ് ക്ലിക്ക് സ്ഥാപക പത്രാധിപര്‍ പ്രബീര്‍ പുര്‍കായസ്ഥയ്ക്കും എച്ച്ആര്‍ മേധാവി അജിത് ചക്രവര്‍ത്തിക്കും എതിരായ ആരോപണങ്ങള്‍. ദല്‍ഹിയില്‍ ന്യൂസ് ക്ലിക്കിന്റെ ആസ്ഥാനത്തും മറ്റിടങ്ങളിലും നടത്തിയ റെയ്ഡിനുശേഷം ഇവരെ ദല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ചൈനയില്‍നിന്ന് പണം സ്വീകരിച്ച് ആ രാജ്യത്തിന്റെ താല്‍പ്പര്യപ്രകാരം അരുണാചല്‍ പ്രദേശും കശ്മീരും വേര്‍പ്പെടുത്തി ഭാരതത്തിന്റെ ഭൂപടം തെറ്റായി പ്രചരിപ്പിച്ചുവെന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്ന ഒരു കുറ്റം. സര്‍ക്കാര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ചൈന വളരെക്കാലമായി ഇതു ചെയ്യുന്നുണ്ട്. ന്യൂസ് ക്ലിക്കിലൂടെ ഭാരതത്തിലും ഇതു ചെയ്യാന്‍ പണം നല്‍കുകയായിരുന്നു. ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയ ഭാരതത്തിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്നതാണ് മറ്റൊന്ന്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ന്യൂസ് ക്ലിക്ക് ശ്രമിച്ചതായി എഫ്ഐആറില്‍ പറയുന്നുണ്ട്. ന്യൂസ് ക്ലിക്കിന്റെ ഒഹരിയുടമയായ ഗൗതം നവ്ലാഖയ്ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു.
ന്യൂസ് ക്ലിക്കില്‍ ജോലിചെയ്യുന്ന ഒരാള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓഫീസിലെ ജീവനക്കാരനായ വ്യക്തിയുടെ മകനാണ്. ഇയാള്‍ താമസിച്ചിരുന്നത് യെച്ചൂരിയുടെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവിടെയും ദല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അവര്‍ ചെയ്ത കുറ്റമെന്താണെന്ന് പറയണമെന്നും യെച്ചൂ രി ആവശ്യപ്പെടുകയുണ്ടായി. ഇത് ഒരുതരം തെറ്റിദ്ധരിപ്പിക്കല്‍ കലയാണ്. ചൈനീസ് ഏജന്റായ നെവില്‍ റോയിയില്‍നിന്ന് പണം പറ്റി പ്രബീര്‍ പുര്‍കായസ്ഥയും കൂട്ടാളികളും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അന്വേഷണ ഏജന്സികളെക്കാള് നന്നായി അറിയാവുന്നത് യെച്ചൂരിയെപ്പോലുള്ളവര്‍ക്കാണ്. കാരണം അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത് നടക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും കാലങ്ങളായി ഇവര്‍ ചെയ്തുവരുന്നതിന്റെ തുടര്‍ച്ചയാണ് ന്യൂസ് ക്ലിക്ക്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനാല്‍ അഞ്ചാം പത്തി പണിയെടുക്കുന്നവര്‍ അതീവ രഹസ്യമായും വലിയ ആസൂത്രണത്തോടെയുമാണ് തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഒത്തുതീര്‍പ്പിനും തയ്യാറാവാത്ത മോദി സര്‍ക്കാര്‍ ഇത്തരക്കാരെ അവരുടെ മടകളില്‍ ചെന്ന് തൂക്കിയെടുക്കുകയാണ്. ഇതാണ് യെച്ചൂരിമാരെ അമര്‍ഷം കൊള്ളിക്കുന്നത്.
അമേരിക്കന്‍ ബിസിനസ്സുകാരന്റെ വേഷംകെട്ടി ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നെവില്‍ റോയിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ശൃംഖലയെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് മാത്രമാണ് ആദ്യം വെളിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും, ഭാര്യ വൃന്ദ കാരാട്ടിന്റെ അനന്തരവനുമൊക്കെ ഈ ശൃംഖലയില്‍പ്പെടുന്ന ആളുകളാണെന്നു വ്യക്തമായത്. അതിര്‍ത്തിയിലെ സംഘര്‍ഷ സമയത്ത് ചൈനയുടെ പക്ഷം പിടിക്കുന്ന ഇ-മെയിലുകള്‍ നെവില്‍ റോയിയും കാരാട്ടും കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ചൈനയില്‍നിന്ന് ലഭിച്ച ഫണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ടീസ്റ്റ സെതല്‍വാദിന്റെ കുടുംബാംഗങ്ങള്‍ക്കുമൊക്കെ കൈമാറിയതായും വെളിപ്പെട്ടിരിക്കുന്നു. അധികം താമസിയാതെ ഇവരെയും പിടികൂടും. രേഖകള്‍ പരിശോധിച്ച് കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ കാരാട്ടിനെയും യെച്ചൂരിയെയും പോലും ഒഴിവാക്കില്ല, ഒഴിവാക്കാനും പാടില്ല. പതിറ്റാണ്ടുകളായി ചൈനയ്ക്കൊപ്പം നിന്ന് ആ രാജ്യത്തിന്റെ ട്രോജന്‍ കുതിരകളായി പ്രവര്‍ത്തിക്കുന്നവരെ ഇനിയും അതിന് അനുവദിക്കരുത്. ഇത്തരം നേതാക്കളുടെ പിന്‍ബലത്തിലാണ് നെവില്‍ റോയിയെപ്പോലുള്ളവര്‍ക്ക് രാജ്യത്ത് ഇടപെടാന്‍ സാധിക്കുന്നതും, പ്രബീര്‍ പുര്‍കായസ്ഥയെപ്പോലുള്ളവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതും. ബിജെപിയെയും മോദിയെയും നേരിടാന്‍ കോണ്‍ഗ്രസ്സുമായി സിപിഎം കൈകോര്‍ക്കുന്നതിനു പിന്നിലും ചൈനയുടെ കരങ്ങളാണെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടതില്ല. രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഇക്കൂട്ടര്‍ക്ക് ലഭിക്കണം. അതിന് കാലതാമസമുണ്ടാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: