തൃശൂര്‍: സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പട്ടികജാതി പദ്ധതികളില്‍ ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി/വര്‍ഗ അതിക്രമനിരോധന നിയമപ്രകാരം കേസെടുക്കണമെന്നന്ന് എസ്സി മോര്‍ച്ച ആവശ്യപ്പെട്ടു. കുറ്റക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
കേരളത്തിലെ അഞ്ച് കോര്‍പറേഷനുകളിലും പത്തു മുന്‍സിപ്പാലിറ്റികളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും പട്ടികജാതി പദ്ധതികളില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ വളരെ ഗൗരവമേറിയതാണ്. വിദ്യാഭ്യാസ സഹായങ്ങള്‍, ഭവന നിര്‍മാണം, പഠന മുറി നിര്‍മാണം, ലാപ്ടോപ് വിതരണം എന്നിവയിലാണ് കോടികളുടെ വെട്ടിപ്പ് നടന്നിട്ടുള്ളത്. തട്ടിപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് പുറത്തുവിടാന്‍ വിജിലന്‍സ് തയാറാകണം.
കേരളത്തിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടികജാതി ഫണ്ട് കൊള്ളയടിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും അടങ്ങുന്ന ഒരു മാഫിയ തന്നെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ പിന്നിലുണ്ട്. പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം ദേശീയ പട്ടികജാതി കമ്മിഷന് പരാതി നല്‍കും.
വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: