അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി
(ബിജെപി സംസ്ഥാന വക്താവ്)
മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ രാജ്യവിരുദ്ധ പ്രചാരണം അവകാശമാക്കി മാറ്റാന്‍ ശ്രമം നടക്കുമ്പോള്‍ ദേശീയതയുടെ ജിഹ്വയായി മാറുകയാണ് ജന്മഭൂമി. ദേശീയ ബോധത്തിന്റെ നേരിയ ചലനങ്ങളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ബൗദ്ധിക രാഷ്ട്രീയ മാധ്യമ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ ജന്മഭൂമിക്ക് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിഷ്പക്ഷ മാധ്യമ ധര്‍മ്മം എന്നത് കേവലം പഴങ്കഥയാകുമ്പോള്‍ സത്യം വിളിച്ചു പറയേണ്ടവരുടെ കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിക്കുമ്പോള്‍ ഉപദേശിയതാവാദികള്ക്കും വിഘടനവാദികള്‍ക്കും വേദിയൊരുക്കുന്ന മാധ്യമ കൂട്ടായ്മകള്‍ക്കെതിരെ നാടിന്റെ ശബ്ദമാവുകയെന്നത് ജന്മഭൂമിയുടെ നിയോഗമാണ്.
യാഥാര്‍ത്ഥ്യത്തെ തമസ്കരിക്കുന്ന, അര്‍ദ്ധ സത്യങ്ങളെ മുഖ്യവാര്ത്തകളാക്കി മാറ്റുന്ന, കൂലി എഴുത്തുകാര്‍ വാഴ്ത്തപ്പെടുന്നവരാവുന്ന കാലം. ശത്രു രാജ്യത്തുനിന്ന് ലഭിക്കുന്ന നാണയത്തുട്ടുകള്‍ക്കായി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തയ്യാറായ യൂദാസുമാര്‍ മാധ്യമ രംഗം പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍, ചെറുത്ത് തോല്‍പ്പിക്കാന്‍ അനിവാര്യമാണ് ജന്മഭൂമി.
ദേശീയബോധമുയര്ത്താനും ഉണര്‍ത്താനും മാധ്യമങ്ങള്‍ ഏറെ ഉപകാരപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ മുന്നില്‍. എന്നാല്‍ ഇന്ന് വര്‍ത്തമാന കാലത്തിലെ മലയാള മാധ്യമങ്ങളില്‍ ദേശീയത ഉയര്‍ത്തി പിടിക്കുന്നവ എത്രയുണ്ടെന്ന ചോദ്യത്തിന് ‘ജന്മഭൂമി’ എന്നു മാത്രമാണ് ഉത്തരം. കൂടുതല്‍ ആളുകളുടെ മനസിലേക്കും ചിന്തകളിലേക്കും ദേശീയബോധത്തിന്റെ- നേരിന്റെ ശബ്ദമെത്തിക്കാന്‍ ജന്മഭൂമിയുടെ പ്രചാരണം ഒരോ മലയാളിയും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. അതിനായി നമുക്ക് ഒന്നിക്കാം, നല്ല നാളേക്കായി, നാടിന്റെ നന്മയ്ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: