ന്യൂദല്‍ഹി: ദല്‍ഹിയില്‍ പിടിയിലായ മൂന്ന് ഐഎസ് ഭീകരര്‍ക്ക് ദല്‍ഹി കലാപത്തിലുള്‍പ്പെടെ സുപ്രധാന പങ്കെന്ന് കണ്ടെത്തല്‍. എന്‍ഐഎ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍പ്പെടുത്തിയ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസ്മാന്, മുഹമ്മദ് റിസ്വാന് അഷ്റഫ്, മുഹമ്മദ് അര്‍ഷാദ് വാര്‍സി എന്നിവരുടെ ചോദ്യം ചെയ്യലിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഇവര്‍ കേരളത്തിലുള്‍പ്പെടെ എത്തിയ വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ദല്‍ഹി ജാമിയ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ മുഹമ്മദ് അര്‍ഷാദ് വാര്‍സിക്ക് ദല്‍ഹി കലാപത്തില്‍ സുപ്രധാന പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. 2020ല്‍ നടന്ന സിഎഎഎന്‍ആര്‍സി പ്രതിഷേധങ്ങളുടെ ഗൂഢാലോചനയിലും തുടര്‍ന്നുണ്ടായ കലാപ ഗൂഢാലോചനയിലും അര്‍ഷാദ് പ്രധാന പങ്കാളിയാണ്. ഷഹീന്‍ബാഗില്‍ പ്രതിഷേധ സ്ഥലം ഒരുക്കുന്നതിലും ഇയാള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
2016 മുതല്‍ അര്‍ഷാദ് തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഷാനവാസുമായി ദീര്‍ഘനാളായി പരിചയമുണ്ടെന്നും ഇരുവരും ചേര്‍ന്ന് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അര്‍ഷാദ് മൊഴി നല്‍കിയിട്ടുണ്ട്. പൂനെയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ ഷാനവാസിന് ദല്‍ഹിയില്‍ അഭയം നല്‍കിയത് അര്‍ഷാദായിരുന്നു. അര്‍ഷാദിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് സ്പെഷല്‍ സെല്‍ ഷാനവാസിലേക്ക് എത്തിയത്.
മുംബൈ, സൂറത്ത്, ഗാന്ധിനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സഞ്ചരിക്കുന്ന വഴികളില്‍ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കള്‍ (ഐഇഡി) സ്ഥാപിച്ച് സ്ഫോടനം നടത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.
പാകിസ്ഥാനില്‍ നിന്ന് അയച്ച ബോംബ് നിര്‍മാണ വസ്തുക്കളും ഷാനവാസിന്റെ ഒളിത്താവളങ്ങളില്‍ നിന്ന് ദല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ കണ്ടെടുത്തിരുന്നു. കേരളം ഉള്‍ക്കൊള്ളുന്ന പശ്ചിമഘട്ട മേഖല, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഒളിത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനായി പ്രതികള്‍ ശ്രമം നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: