ജ്ഞാനവാസിഷ്ഠത്തിലൂടെ
ബുദ്ധിമാനായ രാമചന്ദ്രന്‍ മുനീന്ദ്രനോട് ‘അത്യന്തം സാന്ദ്രതയെ പ്രാപിച്ചുള്ള അജ്ഞാനമാകുന്ന സ്ഥാവരം മുതലായ വിഗ്രഹമാര്‍ന്നുകൊണ്ട് മേവുന്നതെപ്രകാരമാണ്?’ എന്നു ചോദിച്ചു. ‘വനജായതനേത്ര! കേട്ടുകൊണ്ടാലും,’ എന്നു മുനിനായകന്‍ കനിവോടെ ഉത്തരം പറഞ്ഞു, ‘നിര്‍മ്മനസ് എന്ന അവസ്ഥയേതും പ്രാപിച്ചിടാതെയും മനസ്ത്വത്തില്‍നിന്ന് വിച്യുതമായും മദ്ധ്യസംസ്ഥമാകുന്ന മൗര്‍ഖ്യരൂപത്തെ ആശ്രയിച്ച് ഈ ചിത്ത് വൃക്ഷാദികളില്‍ സ്ഥിതിചെയ്തീടുന്നു.’ ഇങ്ങനെ കേട്ടനേരം ശ്രീരാമചന്ദ്രന്‍ ഉണര്‍ത്തിച്ചു, ‘ചിത്തത്വത്തിങ്കല്‍നിന്നു വിച്യുതയായീടുന്ന ചിത്ത് വൃക്ഷാദികളില്‍ സ്ഥിതിചെയ്തീടുമ്പോള്‍ മുക്തിസിദ്ധിച്ചുകൊള്‍വാന്‍ ഏറ്റമെളുപ്പമുണ്ടെന്നു ഉള്ളില്‍ ഞാന്‍ ചിന്തിച്ചീടുന്നു ഗുരോ!’ ശ്രീരാമചന്ദ്രന്റെ വാക്യമിങ്ങനെ കേട്ടു മുനീന്ദ്രന്‍ പിന്നെയും പറഞ്ഞു, ‘സുപ്
തപുര്യഷ്ടക(ഉറങ്ങുന്ന ജീവാത്മാവ്)മായി സുഖദായിനിയായി ചിത്ത് സ്ഥാവരങ്ങളിലെന്നും, നീ ഓര്‍ത്തുകൊണ്ടീടുക, മൂകാന്ധജഡന്മാരില്‍ ചേര്‍ന്നീടുന്നതുപോലെ സത്താമാത്രേണ വര്‍ത്തിക്കുന്നു.’ എന്നതു കേട്ടനേരം ശ്രീരാമചന്ദ്രന്‍ വിധിനന്ദനനായ വസിഷ്ഠനോട് പിന്നെയും ചൊദിച്ചു, ‘സ്ഥാവരങ്ങളില്‍ സത്താമാത്രമായ രൂപതയോടുംകൂടി മേവീടുന്ന ചിത്തത്തെ വന്നീടുകില്‍ കൈവല്യമെന്നുള്ള ദൂരത്തല്ലെന്നേവം ഞാന്‍ ഉള്ളില്‍ കരുതുന്നു മാമുനേ!’ ഇങ്ങനെ രാമചന്ദ്രന്റെ വാക്കുകള്‍ കേട്ടനേരം മുനീശ്വരന്‍ പിന്നെയും പറഞ്ഞു, ‘ലോകത്തെപ്പറ്റി നന്നായി പര്യാലോചനചെയ്തു ചേരുന്ന പരമാര്‍ത്ഥ നിശ്ചയം മൂലം ബുദ്ധിപൂര്‍വകം സത്താസാമാന്യബോധം ഉണ്ടാകാം. അത് അനന്തമാകുന്ന കൈവല്യമാണെന്ന് ഓര്‍ത്താലും. സാരജ്ഞമൗലേ! ചിത്തത്തില്‍ വിചാരിച്ചുകൊണ്ട് പാരിച്ച വാസനയെ ദൂരത്തുകളഞ്ഞ് സത്താസാമാന്യരൂപമായീടുന്നതുതന്നെ മുക്തിയെന്ന് സത്തുക്കള്‍ പറയുന്നു. ശാസ്ത്രങ്ങള്‍ വായിച്ച് ആര്യന്മാരാകും ജനങ്ങളോടൊത്തു ചിന്തിച്ചു നിത്യം ആഭ്യാസവാസനകൊണ്ട് സത്താസാമാന്യനായി ഭവിപ്പതുതന്നെ മുക്തിയാകുന്നതെന്നു നീ ഉള്ളില്‍ ധരിക്ക. അങ്കുരം ബീജത്തിങ്കലെന്നതുപോലെ വാസനയുള്ളതില്‍ സുപ്തമായി മന്ദയായി സ്ഥിതിചെയ്യുന്നത് സത്തുക്കള്‍ സുഷുപ്തിയെന്നേവം പറയുന്നു. ആയത് വീണ്ടും ജന്മമുണ്ടാക്കുന്നതത്രെ. ഉള്ളില്‍ മനോവ്യാപാരം നിലീനമായി സുപ്തവാസനയായിട്ടുള്ള ഒരു സുഷുപ്തി, നീ ധരിക്ക, ജഡധര്‍മ്മത്വം മൂലം ജന്മദുഃഖങ്ങള്‍ക്ക് ഹേതുവായീടുന്നു. സ്ഥാവരാദികളായുള്ള ഈവകയഖിലവും ജഡധര്‍മ്മികളായീടുന്നു. നീ സുഷുപ്തിയെ പ്രാപിച്ചിട്ട് ഇവ വീണ്ടും വീണ്ടും ജന്മയോഗ്യങ്ങളായിത്തീര്‍ന്നീടുന്നു. വിത്തിനകത്തു പുഷ്പം എങ്ങനെ വര്‍ത്തിച്ചീടുന്നു, മൃത്തികാ(മണ്ണ്)സമൂഹത്തില്‍ ഘടം എങ്ങനെയോ എന്നതുപോലെ സ്ഥാവരങ്ങളില്‍ വാസനാജാലം വര്‍ത്തിക്കുന്നു. വാസനയും വാസനക്കുള്ള ബീജമാകുന്ന അജ്ഞാനവും യാതൊന്നിലുണ്ടാകുന്നവോ ആയത് സുഷുപ്തത്വംതന്നെയാകുന്നു. തുര്യമല്ല, മായമല്ല, അതു മുക്തിക്കു ഉതകീടുകയില്ല. ഉള്ളില്‍ ബീജമില്ലാത്ത ശുദ്ധവാസന യാതൊന്നില്‍ വര്‍ത്തിച്ചീടുന്നുവോ ആയത് കൈവല്യം നല്‍കീടുന്നതായ തുര്യമെന്നു പറയപ്പെടുന്നു. ആശുശുക്ഷണി (അഗ്നി), പിന്നെ രോഷം, ആമയം, സ്‌നേഹം, വൈരി, കുടം എന്നിവയുടെ ശേഷം സ്വല്പമാണെന്നാകിലും അല്പമായി വാസന ബാധിച്ചിടും. വാസനയെയും അതിന്റെ ബീജത്തെയും പെട്ടെന്നു ദഹിപ്പിച്ച് സത്താസാമാന്യരൂപവാനായി (ആത്മരൂപവാന്‍) വര്‍ത്തിക്കുന്ന മനുഷ്യനു ദേഹമുണ്ടെങ്കിലും ഇല്ലെന്നാകിലും പിന്നീട് ദുഃഖമെന്നത് ഒരുകാലത്തും ഉണ്ടായിവന്നീടുകയില്ലെന്ന് ഉള്ളില്‍ ധരിക്കുക.
ബ്രഹ്മചൈതന്യരൂപയാകിയ ചിത്തിന്റെ ശക്തി വാസനാബീജരൂപിണിയായീടുന്നു എന്നോര്‍ക്കുക. നിദ്രാഹേതുകമാകുന്ന അതിന്റെ ദര്‍ശനം വിദ്വാന്മാര്‍ അവിദ്യയെന്നു പറയുന്നു. അവിദ്യയുടെ മുഖ്യഭാഗമായി ശുദ്ധസ്വരൂപമായി വിളങ്ങീടുന്ന, വിദ്യയാല്‍ അന്യമായീടുന്ന ഒരു ഭാഗമാകുന്ന അവിദ്യയെ അന്യോന്യഹര്‍ഷംമൂലം രണ്ടും നശിച്ച് മംഗളം സമുത്ഭവിച്ചീടുന്ന കാലത്തോളം മഹാമതേ! മങ്ങാതെ ദഹിപ്പിച്ചുകൊള്ളണം. അവിദ്യയെന്നത് ഓര്‍ക്കില്‍ ബ്രഹ്മമല്ലിജ്ജഗത്ത്, എന്നിവണ്ണം ഹൃദയത്തില്‍ ചേരുന്ന നിശ്ചയംതന്നെ. മാരാരിപ്രമുഖന്മാരായ ദേവന്മാര്‍ക്കും നാരദാദികളായ ഋഷിസംഘാതത്തിനും ഹൃത്താരിലുള്ള നിശ്ചയം നിഷ്‌കല്‍മഷം ഉത്തമനാകും നിനക്ക് ഉണ്ടായിവന്നീടട്ടെ. ‘ശങ്കരാദികളായോര്‍ (മഹാദേവന്‍ ആദിയായവര്‍) ഏതു നിശ്ചയംകൊണ്ട് സങ്കടംവിട്ടു ജീവന്മുക്തരായി വര്‍ത്തിക്കുന്നു, അതിനെ കൃപയോട് അരുള്‍ചെയ്യണം.’ എന്നു മതിമാനായ ശ്രീരാഘവന്‍ ചോദിച്ചനേരം വിശിഷ്ടന്മാരില്‍ അഗ്രഗണ്യനാകുന്ന മുനീശ്വരന്‍ വസിഷ്ഠന്‍ സകൗതുകം ഉത്തരം പറഞ്ഞു. ‘അല്പവും വിസ്താരവുമായുള്ള ജഗജ്ജാലം നിഷ്‌കളങ്കമായിടും ബ്രഹ്മംതന്നെ. ബ്രഹ്മമാകുന്നു ബോധം, ബ്രഹ്മമാകുന്നു ലോകം, ബ്രഹ്മമാണാകാശാദിയാകുന്ന മഹാഭൂതങ്ങള്‍, ബ്രഹ്മമായീടുന്നു ഞാന്‍, ബ്രഹ്മമാണെന്റെ ശത്രു, ബ്രഹ്മമാണെന്റെ മിത്രബാന്ധവന്മാരെല്ലാം. ശങ്കരാദികള്‍ക്കെല്ലാം ഇത്തരത്തിങ്കലുള്ള നിശ്ചയം ഇത്തരത്തിലായീടുന്നുവെന്നു നീ ധരിക്കുക. അജ്ഞനായുള്ളവന് ലോകം ദുഃഖമയമാണ്. തജ്ഞനാ(ജ്ഞാനി)യീടുന്നവന് ആനന്ദസ്വരൂപമാണ്. കണ്ണില്ലാത്തവന് ലോകം ഇരുട്ടാകുന്നു., നല്ല കണ്ണുള്ളവന് ലോകം പ്രകാശമാണ്. കേവലം ബ്രഹ്മംതന്നെ സര്‍വവും എന്നീവണ്ണം ഭാവിക്കുകില്‍ പുമാന്‍ ബ്രഹ്മമാകുന്നു. അമൃതത്തിനെ പാനംചെയ്തുകൊള്ളുന്നതായാല്‍ അമൃതസ്വരൂപമായി തീരാത്തതാരാകുന്നു? കേവലം ആഭാസമാകുന്നത് നിഷ്‌കല്‍മഷം, ഏവര്‍ക്കും ബോധമായത്, എങ്ങുമുള്ളത് ചിന്തിച്ചാല്‍ സദാ ശാന്തമായി വിളങ്ങുന്നത്, ചിത്ബ്രഹ്മമെന്നുള്ളത് ഏറ്റം പ്രത്യക്ഷമായീടുന്നു. താനോരിക്കലും പണ്ടു കണ്ടിട്ടില്ലാതെയുള്ള വഴിപോക്കനെ മാനസം മറ്റൊന്നിങ്കല്‍വെച്ചിരിക്കുന്ന നേരം, കാണുകില്‍ സര്‍വവികല്പനിര്‍മുക്തമാകുന്ന യാതൊരു പ്രതീതി ഉണ്ടായിവന്നീടുന്നുവോ, സര്‍വഗമായീടും ആ ചില്‍ബ്രഹ്മംതന്നെയാണ് ഞാനാകുന്നതെന്ന് ഉള്ളില്‍ ഓര്‍ത്താലും നീ. സര്‍വസങ്കല്പങ്ങള്‍ക്കും ഫലത്തെകൊടുപ്പതായി, സര്‍വതേജസ്സുകള്‍ക്കും തേജസ്സായീടുന്നതായി, യാതൊരു ഗുണവുമില്ലാത്തതായ ബോധസ്വരൂപത്തിനെ സേവിച്ചുകൊള്ളുന്നു. യാതൊരു സങ്കല്പവും ചേര്‍ന്നീടാതുള്ളതായി, കൗതുകമഖിലവും ദൂരെ നീങ്ങിയതായി, യാതൊരു സംരംഭവും ഇല്ലാത്തതായീടുന്ന ബോധസ്വരൂപത്തിനെ സേവിച്ചുകൊണ്ടീടുന്നു. സുമതേ! ഏവം നിശ്ചയമുള്ളവരായി വിമലന്മാരായീടുന്ന ആ മഹത്തുക്കളെല്ലാം സമമായി, ശാന്തമായി, സത്യമാകുന്ന പദത്തിങ്കല്‍ അമിതാനന്ദം സദാ സംസ്ഥിതി ചെയ്തീടുന്നു. സദാ പൂര്‍ണധീകളായി സമമന്മാരായി വര്‍ത്തിച്ചുകൊള്ളും ഇത്തരം സമനീരാഗമാനസന്മാര്‍ ജീവിതത്തെയും മരണത്തെയും കുറിച്ചു ഹൃദയത്തില്‍ നന്ദിക്കയില്ല നിന്ദിക്കെന്നതുമില്ല’ ഗുരുനായകനേവം അരുള്‍ചെയ്തതുകേട്ടു ഗുരുകൗതുകമാര്‍ന്നു രാമചന്ദ്രന്‍ ചോദിച്ചു, ‘വിലാസത്താല്‍ ജ്ഞാനത്തില്‍ വാസനയൊക്കെ നീങ്ങി ഞാന്‍ ജീവന്മുക്തസ്ഥാനത്തില്‍ വിശ്രമിച്ചു. സന്ദേഹം നീങ്ങീടുവാന്‍ അരുള്‍ചെയ്യണം, പ്രാണസ്പന്ദബന്ധനംകൊണ്ട് വാസനയൊക്കെ നീങ്ങി, ഉന്നതമായ ജീവന്മുക്തസ്ഥാനത്തില്‍ വിശ്രമിച്ചുകൊള്ളുന്നത് എപ്രകാരമാണ് മഹാമുനേ!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: