സുകുമാർ കാനഡ
1987 മുതൽ കാനഡയിൽ താമസിക്കുന്ന ഡോ. സുകുമാർ,
വാൻകൂവറിൽ ഒരു ബഹുരാഷ്‌ട്രകമ്പനിയിൽ ചീഫ് എന്ജിനിയറാണ്.
കാനഡയിലെ ഖാലിസ്ഥാൻ വാദികളുടെ പ്രവർത്തനവും
അവരുണ്ടാക്കുന്ന പ്രശ്നങ്ങളും ഇപ്പോൾ അന്താരാഷ്‌ട്രതലത്തിൽ
വലിയൊരു സംഭാഷണ വിഷയമാണല്ലോ. സിഖ് നേതാവായ
നിജ്ജറിന്റെ കൊലപാതകത്തെപ്പറ്റി കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ
പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഇവരുടെ പ്രവർത്തനങ്ങളെപ്പറ്റി
കൂടുതൽ ചർച്ചയുണ്ടായത്. അതിന്റെ സത്യാവസ്ഥയെപ്പറ്റി
പലതരത്തിലുള്ള വ്യാഖ്യാനങ്ങളും നടക്കുന്നുണ്ട്. അത്
കുറച്ചുനാൾകൂടി തുടരാനാണ് സാധ്യത. ട്രൂഡോയുടെ
പ്രസ്താവനകൊണ്ടു ഉണ്ടായ ഒരേയൊരു ഗുണം, എയർ ഇൻഡ്യാ
ദുരന്തത്തിനു ശേഷം ഒളിച്ചും പതുങ്ങിയും ആണെങ്കിലും വളരെ
പ്രബലമായിത്തന്നെ കാനഡയിൽ നിലനിൽക്കുന്ന ഖാലിസ്ഥാൻ പ്രശ്നം
ഇപ്പോൾ പുറത്തു വന്നു എന്നതാണ്.
എങ്ങിനെയാണ് സിഖ് വംശജർ കാനഡയിൽ രാഷ്‌ട്രീയശക്തിയായി
വളർന്നതെന്നതിനെക്കുറിച്ച് കഴിഞ്ഞ 36 വർഷങ്ങളായി കാനഡയിൽ
താമസിക്കുന്ന ആളെന്ന നിലയിൽ ചില കാര്യങ്ങൾ പറയാമെന്ന്
കരുതുന്നു. കാനഡയിലെ സിഖ് ചരിത്രം നൂറു വർഷങ്ങളിലേറെ
പഴക്കമുള്ളതാണ്. ബ്രിട്ടീഷ് കൊളംബിയയിലെ
അബോട്സ്ബോർഡിലുള്ള ഗുരുദ്വാര സ്ഥാപിച്ചത് 1911ലാണ്. ബ്രിട്ടീഷ്
കൊളംബിയയിലും ഒന്റാറിയോയിലുമാണ് സിഖ്കാർ ഏറെ
കൂട്ടമായി വന്നു താമസിക്കുന്നത്. വലിയ വീടുകൾ പണിതു
മിക്കവാറും കൂട്ട്കുടുംബമായി താമസമാക്കുന്ന അവർ കനേഡിയൻ
പൊതു ജവിതധാരയുമായി ഒത്തുപോകുന്ന ജീവിതമല്ല
നയിക്കുന്നതെന്ന് പലരും പറയാറുണ്ട്.
ഇപ്പോൾ ഇൻഡ്യയിൽ നിന്നും വരുന്ന വിദ്യാഭ്യാസമുള്ള
ചെറുപ്പക്കാരായ സിഖ്കാർ മിക്കവാറും പേർ മേൽപ്പറഞ്ഞ കൂട്ടരുടെ
സ്വഭാവങ്ങൾ ഉള്ളവരല്ല. ഖാലിസ്ഥാനൊന്നും അവർക്ക് പ്രാധാന്യമുള്ള
വിഷയങ്ങളുമല്ല. സിറ്റിബാങ്കിന്റെ NRI മാനേജരായി വാൻകൂവറിൽ
വന്ന ഹരിസിംഗ്, എംബിഎ എടുത്ത ചെറുപ്പക്കാരൻ, ഡൽഹിയിൽ
നിന്നാണ് സ്ഥലം മാറി ഇവിടെ എത്തിയത്. അദ്ദേഹത്തിന്
എന്നെക്കണ്ടതു തന്നെ ഒരാശ്വാസമായി എന്നാണ് പറഞ്ഞത്.
"ഇവിടെയുള്ള സർദാർമാർ സംസാരിക്കുന്ന ഭാഷ പോലും എനിക്കത്ര
പരിചയം പോരാ. ഇത്ര ബാക് വേർഡാണ് ഇവരൊക്കെ എന്നെനിക്ക്
അറിയില്ലായിരുന്നു. എന്റെ മാതാപിതാക്കന്മാർക്ക്പോലും അവരുടെ
പഞ്ചാബി മനസ്സിലാവുന്നില്ല. ഇൻഡ്യയുടെ ഇപ്പോഴത്തെ സ്ഥിതി
അവർക്കൊന്നും അറിയില്ല. പലരും ഇംഗ്ലീഷ് സംസാരിക്കുന്നുപോലും
ഇല്ല.’ഹരിസിംഗ് ആറുമാസം ഇവിടെ ജോലിചെയ്ത്
ഇൻഡ്യയിലേക്ക് മടങ്ങിപ്പോയി.
കാനഡയിലെ സർക്കാരിലും പൊതുസ്ഥാപനങ്ങളിലും അധികം
സിഖ്മതക്കാർക്ക് ജോലി കിട്ടാറില്ല. അവരെ ‘സാദാ വെള്ളക്കാർ’
ജോലിക്ക് എടുക്കില്ല എന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. ചില
അപവാദങ്ങൾ ഉണ്ടാവാം. പ്രൈവറ്റ് കമ്പനികളിലാണ് അവർ
കൂടുതലും ഉള്ളത്. പിന്നെ അവരുടെതന്നെ കെട്ടിടനിർമ്മാണം
പോലുള്ള പണികളിൽ. വർണ്ണവിവേചനമൊക്കെ തുടച്ചു നീക്കപ്പെട്ടു
എന്ന് പൊതുവേ പറയാമെങ്കിലും കാര്യത്തോടടുക്കുമ്പോൾ
ഇമ്മിഗ്രൻ്റ് ആയി വന്നിട്ടുള്ളവർക്ക് (വെള്ളക്കാർ അല്ലാത്തവർക്ക്)
ഉയർന്ന ജോലികൾ കിട്ടാൻ പ്രയാസം തന്നെയാണ്. ഇക്കാരണങ്ങളാൽ
പണം, അധികാരം, സ്വാധീനം എന്നിവയാണ് വിദ്യാഭ്യാസം, ഉയർന്ന
ജോലികൾ എന്നിവയേക്കാൾ പ്രധാനമെന്ന് വളരെ നേരത്തേ
തിരിച്ചറിഞ്ഞ ബുദ്ധിമാൻമാരാണിവർ. അവരിൽ ചെറിയൊരു
വിഭാഗമാണ് ഖാലിസ്ഥാൻ പ്രസ്ഥാനത്തിൽ ആകൃഷ്ടരായി ഇപ്പോൾ
ചർച്ചാവിഷയമായി നിറഞ്ഞു നിൽക്കുന്നത്. ഇവരുടെ
പ്രവർത്തനങ്ങൾ കാനഡയ്‌ക്ക് അധികം താമസിയാതെ
തലവേദനയാകാൻ തുടങ്ങും. ഇപ്പോൾത്തന്നെ ഇരുപതും മുപ്പതും
മുറികളുള്ള മെഗാവീടുകൾ വച്ചു താമസിക്കുന്ന സിഖുകാർക്ക്
എതിരായി സിറ്റികളിലും മറ്റും പരാതികൾ ഉണ്ടാവുന്നുണ്ട്.
ലഹരിമരുന്ന്, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട്
ചെറുപ്പക്കാർ ഗ്യാംഗുകളായി പരസ്പരം കൊല്ലുന്ന കേസുകളിൽ
മിക്കവാറും സിഖ് ചെറുപ്പക്കാർ ഉണ്ട്.
1996ലോ മറ്റോ ആണെന്ന് തോന്നുന്നു എന്റെ ഓഫീസിലെ ജൂനിയർ
എൻജിനിയർ സത് വീന്ദർ സിംഗ് പറഞ്ഞു. “കേട്ടോ, ഞാൻ
പറയാറില്ലേ? ഗുർമീത്, അയാൾ റീഫോം (ഇപ്പോൾ കൺസർവേറ്റീവ്)
പാർട്ടിയിലേക്ക് പോയി.” അധികം താമസിയാതെ അയാൾക്ക് MP
സീറ്റിലേക്ക് മത്സരിക്കാൻ സറിയിൽ നിന്ന് ടിക്കറ്റ് കിട്ടി. ഉടനേ MPയും
ആയി. ശേഷം ചരിത്രം. ഇദ്ദേഹം കാനഡയിൽ വന്നിട്ട് കുറച്ചു കാലം
ജോലിയൊന്നുമില്ലാതെയിരുന്നിട്ട് കിട്ടിയ ശമ്പളം കിട്ടുന്ന ആദ്യത്തെ
ജോലി കനേഡിയൻ എം.പി ആയിട്ടാണ് എന്ന് പറയപ്പെടുന്നു!.
അതായത്, തനിക്ക് കിട്ടാതിരുന്ന ജോലികളുടെയെല്ലാം അധികാരികളെ
നയിക്കുന്ന ജോലി!
ലക്ഷക്കണക്കിന് വിദ്യാർഥികൾ കേരളത്തിൽ നിന്നും മറ്റും
കാനഡയിലേക്ക് വരുന്നുണ്ടല്ലോ. അവരിൽ കുറച്ചുപേർക്ക്
നല്ലനിലയിൽ ജോലിയും മറ്റുമായി ഇവിടെ കഴിയാൻ
ആവുമായിരിക്കും. പക്ഷേ വരുമാനം കുറഞ്ഞ ജോലികൾക്ക്
ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് പന്ത്രണ്ടാം ക്ലാസ്സ്
പാസ്സായവർക്ക് ഇവിടെ പഠിക്കാൻ അവസരം കൊടുക്കുന്നത്.
അതും വലിയ ഫീസ് (കനേഡിയൻ വിദ്യാർഥികളെക്കാൾ മൂന്നിരട്ടി)
വാങ്ങിയാണ് കേട്ടുകേൾവിപോലുമില്ലാത്ത ‘യൂണിവേർസിറ്റി’കളിലേക്ക്
ചെറുപ്പക്കാർ കൂട്ടത്തോടെ വരുന്നത്. ഏതായാലും ഇമ്മിഗ്രന്റ്
കളുടെ കൂട്ടത്തിൽ ഉയർന്ന ജോലികൾക്കൊന്നും കാത്തു നിൽക്കാതെ
രാഷ്‌ട്രീയത്തിലും ബിസിനസ്സിലും, കെട്ടിടനിർമ്മാണത്തിലും,
കൃഷിയിലും, ട്രക്കിങ്ങിലും അത്യാവശ്യം ‘മരുന്ന്’ കച്ചവടത്തിലും
ഒക്കെയായി ഉയർന്ന വരുമാനമുള്ളവരാണ് പൊതുവേ കാനഡയിലെ
സിഖ്കാർ. ഇവിടുത്തെ യൂണിവേർസിറ്റികളിലും മറ്റും വില കൂടിയ
കാർ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ മിക്കവാറും ഇവിടുത്തെ
രണ്ടാം തലമുറയിലുള്ള സിഖ്കാരാണ്.
ഇവിടുത്തെ ഹിന്ദു സമൂഹമാകട്ടെ ഉയർന്ന വിദ്യാഭ്യാസം
ആവശ്യമുള്ള സർക്കാർ അല്ലെങ്കിൽ കോർപ്പറേറ്റ് ജോലികളിൽ ആണ്
പൊതുവേ എർപ്പെടുന്നത്. അങ്ങിനെയുള്ള ജോലികൾക്ക് പകരം
ഉയർന്ന ജോലിയുള്ളവരെയെല്ലാം നിയന്ത്രിക്കുന്ന രാഷ്‌ട്രീയ
പ്രവർത്തനവും അധികാരവും കയ്യാളുന്ന നിലയിലാണ് കാനഡയിലെ
സിഖ്കാർ വളർന്നിരിക്കുന്നത്. സാമ്പത്തികമായി മറ്റേത്
സമൂഹത്തെക്കാളും ഉയർന്ന തലത്തിലാണ് അവർ ഉള്ളത്. മധുരമായ
പ്രതികാരം! ഇവർ NDP, Liberal, Conservative, പാർട്ടികളിൽ എല്ലാം ഉണ്ട്.
അതായത് എല്ലാ പാർട്ടിയിലും അവരുടെ നിർണായക സാന്നിദ്ധ്യം
ഉണ്ടെന്നർത്ഥം. സിഖ്കാർ അധികമുള്ള മണ്ഡലങ്ങളിൽ എല്ലാ
പാർട്ടിക്കാരും അക്കൂട്ടരെ മാത്രമേ സ്ഥാനാർത്ഥികൾ ആക്കുകയുള്ളൂ.
ഇൻഡ്യയിൽ നിന്നും വന്നവർക്ക് ജാതി-മത രാഷ്‌ട്രീയം നന്നായി
അറിയാമല്ലോ! വെള്ളക്കാർക്ക് അതിനെപ്പറ്റി അത്ര ധാരണയില്ല എന്ന്
തോന്നുന്നു. അമേരിക്കയിലും ബ്രിട്ടനിലും വെള്ളക്കാർ തന്നെയാണ്
ഋഷി സുനാക്കിനെയും കമലാ ഹരിസ്സിനെയും ഇപ്പോൾ വിവേക്
രാമസ്വാമിയെയും ഉയർത്തിക്കൊണ്ട് വന്നത്. അവരൊന്നും ethnic vote
നേടിയല്ല നേതൃസ്ഥാനത്ത് വന്നത്. പക്ഷേ കാനഡയിലെ രാഷ്‌ട്രീയം
സിഖ്കാർ രാഷ്‌ട്രീയം കളിക്കുന്നത് ഇൻഡ്യയിലെപ്പോലെ തന്നെയാണ്.
ഇപ്പോൾ 18 സിഖ് എംപിമാരുണ്ട് കാനഡയിൽ. (ഇൻഡ്യയിൽ 13
പേരെയുള്ളൂ സിഖ് എംപി മാർ) ജനസംഖ്യയനുസരിച്ചുള്ള
അനുപാതത്തെക്കാൾ (2%) ഇരട്ടിയിലധികമാണ് അവരുടെ
പ്രാതിനിധ്യം. ഇതിൽ എല്ലാവരും ഖാലിസ്ഥാൻ വാദികളല്ല. ട്രൂഡോ
കൂട്ട് സഭയിലെ എൻഡിപിയുടെ തലപ്പത്തുള്ളയാൾ ഖാലിസ്ഥാൻ
വാദിയായ ജഗമീത് സിങ് ആണ്. ട്രൂഡോയക്ക് അവരുടെ
സഹായമില്ലാതെ ഭരണം തുടരാൻ ആവുകയില്ല. അതുകൊണ്ട്
ഖാലിസ്ഥാൻ വാദികൾ ആവശ്യപ്പെടുന്നതെല്ലാം നടപ്പിലാക്കാൻ ട്രൂഡോ
ബാദ്ധ്യസ്ഥനുമായി. അങ്ങിനെയാണ് അദ്ദേഹം പാർലമെന്റിൽ നിജജർ
വിഷയം അവതരിപ്പിക്കാൻ ഇടയായത്. ഇൻഡ്യയിൽ അവതരിപ്പിച്ച
കാർഷികബില്ലിനെതിരായും കാനഡയിൽ ഇവർ പ്രക്ഷോഭം നടത്തി;
ട്രൂഡോ അവരെ പിന്താങ്ങുകയും ചെയ്തു.
മര്യാദയ്‌ക്ക് ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ കാലാകാലങ്ങളായി
മാറ്റി നിർത്തുന്നതുകൊണ്ട് സിഖുകാർ political might ഉപയോഗിച്ച്
കാനഡയെ അവരുടെ വഴിക്ക് തിരിക്കുകയാണ്. ഇൻഡ്യയിൽ
ഖാലിസ്ഥാൻ സ്ഥാപിക്കാൻ അവർക്കാവുമെന്ന് തോന്നുന്നില്ല.
അതിനാൽ ഇനി കാനഡയിൽ ഒരു പ്രത്യേക രാജ്യം തന്നെ അവർക്ക്
വേണമെന്ന ആവശ്യം ഉന്നയിക്കാനുള്ള സാധ്യതയും
തള്ളിക്കളയാവുന്നതല്ല. അവർ മനപ്പൂർവ്വം 'പാവം' കാനഡയെ
പുലിവാൽ പിടിപ്പിക്കുകയാണ്. അത് കാനഡയ്‌ക്ക് വലിയൊരു
വയ്യാവേലിതന്നെയാവും എന്ന് തോന്നുന്നു. അതിനുവേണ്ടി
പഞ്ചാബിൽ നിന്നുള്ള ഏറെ പഴകിയ ഭാണ്ഡങ്ങളും താങ്ങിയാണല്ലോ
അവരുടെ നടപ്പ്! തന്റെ ചിത്രരചനാ പാടവത്തെ നിഷ്ക്കരുണം
തള്ളിക്കളഞ്ഞ സമൂഹത്തോട് ഹിറ്റ്ലർ എങ്ങിനെയാണ്
പ്രതികരിച്ചതെന്ന് കനേഡിയൻ സമൂഹം ഓർക്കുന്നത് നന്നായിരിക്കും!
——————————————————
പ്രതികരിക്കാൻ ഇവിടെ എഴുതുക: