കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ സിപിഎം പൂര്‍ണമായും ഒറ്റപ്പെട്ടു. പാര്‍ട്ടിക്കാരായ സാധാരണക്കാര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് മാത്രമല്ല, തട്ടിപ്പിന്റെ പേരില്‍, പാര്‍ട്ടിയിലെ ഭിന്നത അങ്ങേയറ്റം കടുക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപി നേതാവും ജനപ്രിയ താരവുമായ സുരേഷ്ഗോപിയുടെ പദയാത്ര കൂടി കഴിഞ്ഞതോടെ പാര്‍ട്ടിയുടെ ഒറ്റപ്പെടല്‍ പൂര്‍ണമായി. പദയാത്രയ്ക്ക് ലഭിച്ച, കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണയും ജനശ്രദ്ധയും പാര്‍ട്ടിക്കാരെ അലോസരപ്പെടുത്തിയിട്ടുമുണ്ട്. സിപിഎം നേതാക്കളുടെ പ്രതികരണങ്ങളില്‍ ഇത് തെളിഞ്ഞുകാണാം.
കഴിഞ്ഞ ആറേഴു വര്‍ഷമായ കരുവന്നൂര്‍ അഴിമതി പാര്‍ട്ടി മൂടിപ്പൊതിഞ്ഞു വച്ച് നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ ഈ സംരക്ഷണം അസാധ്യമായി. അങ്ങനെ പകച്ചുനില്ക്കുമ്പോള് വന്ന പദയാത്ര പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി അത്ര ചെറുതല്ല. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരില്‍ എത്തിച്ച് കുറേപേര്‍ക്കെങ്കിലും നല്കി തലയൂരാനുള്ള ശ്രമത്തിനു പിന്നില്‍ ഈ ഭയമാണ്. 50 കോടി പലയിടങ്ങളില്‍ നിന്ന് സംഘടിപ്പിക്കുമെന്നാണ് കഴിഞ്ഞദിവസം സഹകരണ മന്ത്രി വി.എന്‍. വാസവന് പറഞ്ഞത്.
പണം പോയി തകര്‍ന്നവര്‍ പാര്‍ട്ടിയെ കൈവെടിഞ്ഞുവെന്നു മാത്രമല്ല, ഈ വമ്പന്‍ തട്ടിപ്പു കണ്ട് ഞെട്ടിത്തരിച്ച മറ്റു പ്രവര്‍ത്തകര്‍ക്കും ഇതില്‍ രോഷമുണ്ട്. പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന് അടക്കമുള്ള നേതാക്കള്‍ നിത്യേന മൂന്നു നേരം നല്കുന്ന ക്യാപ്സൂളുകള് തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം ഒരൊറ്റ പാര്ട്ടിക്കാര് പോലും വിശ്വസിച്ചിട്ടില്ല. അതിനോടുള്ള പ്രതികരണം നോക്കിയാല്‍ മാത്രം മതി ഇത്തരം ക്യാപ്സൂളുകളോട് എത്രയധികം എതിര്‍പ്പുയര്‍ന്നു കഴിഞ്ഞുവെന്ന് മനസിലാക്കാന്‍. കണ്ണന് പഴയ സിഎംപിക്കാരനാണെന്ന് വരുത്തി കൈകഴുകാനുള്ള നീക്കവും തകര്‍ന്നടിഞ്ഞു.
ഈ വിഷയത്തില്‍ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്. ക്യാപ്സൂളുകള് നല്കുന്ന നേതാക്കള്‍ ഒരുവശത്തും പ്രവര്‍ത്തകര്‍ മറുവശത്തും എന്ന നിലയ്ക്ക്.
നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. മാത്രമല്ല ഇ ഡി വന്നതിനാലാണ്, ബാങ്കില്‍ പ്രശ്നമുണ്ടെന്ന് പാര്‍ട്ടി സമ്മതിക്കുകയെങ്കിലും ചെയ്തതെന്നും പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നു. കുറച്ചു പണം സംഘടിപ്പിച്ച് നിക്ഷേപര്‍ക്ക് നല്‍കാനുള്ള നീക്കം പോലും ഇ ഡി വന്ന പശ്ചാത്തലത്തിലാണെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍ മാസപ്പടി, സ്വര്‍ണക്കടത്തു വിവാദങ്ങളെയും ജനങ്ങള്‍ കരുവന്നൂരിന്റെ പശ്ചാത്തലത്തിലാണ് നോക്കിക്കാണുന്നത്. മാസപ്പടിയും സ്വര്‍ണക്കടത്തും ഉണ്ടായിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന കടുത്ത പാര്‍ട്ടി അണികള്‍ പോലും അവ നടന്നിട്ടുണ്ടാകാം എന്ന ചിന്തയിലേക്ക് മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: