ഇന്നലെ രാവിലെ നടന്ന 35 കിലോമീറ്റര്‍ മിക്സ്ഡ് ടീം റേസ് വാക്കില്‍ ഇന്ത്യയുടെ മഞ്ജു റാണിയും റാം ബാബുവും നേടിയ വെങ്കല മെഡല്‍ ഭാരതത്തിന്റെ കായിക ചരിത്രത്തില്‍ നാഴികക്കല്ല് ആയി. ഹാങ്ചൊ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എഴുപത്തൊന്നാം മെഡല്‍ ആയിരുന്നത്. ഇതുവരെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം 2018 ല്‍ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡല്‍ ആയിരുന്നു. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണം ഉള്‍പ്പെടെയാണ് ഇന്ത്യ 70 മെഡല്‍ നേടിയത്.
മഞ്ജു റാണിയും റാം ബാബുവും 1999 മാര്‍ച്ചില്‍ ആണ് ജനിച്ചത്. മഞ്ജുവിന് രണ്ടു ദിവസം മുമ്പു ജനിച്ചു എന്നു മാത്രം.
ജക്കാര്‍ത്ത ഗെയിംസ് അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് 15 സ്വര്‍ണം ആയിരുന്നു. പിന്നീട് ഒരു ബഹ്റൈന്‍ താരം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടപ്പോള്‍ വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്കു സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.അങ്ങനെ 16 സ്വര്‍ണമായി. ഇവിടെ ഇന്നലെ രാവിലെ ആര്‍ച്ചറി മിക്സ്ഡ് ടീം കോമ്പൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ തന്നെ 16 സ്വര്‍ണം തികഞ്ഞു. വൈകുന്നേരം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നിലനിര്‍ത്തിയതോടെ സുവര്‍ണ വിജയങ്ങളും കൂടി.
നീരജിന്റെ മൂന്നാമത്തെ ത്രോ ഫൗള്‍ ആയപ്പോള്‍ മൂന്നാം ഊഴത്തില്‍ ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജെന മുന്നിലെത്തി. പക്ഷേ, നാലാം ശ്രമത്തില്‍ നീരജ് സ്വര്‍ണമുറപ്പിച്ചു.ജെന കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച വേളയില്‍ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ മെഡല്‍ നേട്ടത്തില്‍ ഇന്ത്യ സെഞ്ചുറി ലക്ഷ്യമിടുന്നു എന്നു പറഞ്ഞിരുന്നു. ഇന്ത്യന്‍ സംഘത്തലവന് ഭൂപീന്ദര്‍ സിങ് ബജ്വ ആകട്ടെ സെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും അതിനടുത്ത് എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്തായാലും ചരിത്രനേട്ടത്തിലേക്കാണ് ഭാരതം നടന്നു കയറിയത്.
മത്സരങ്ങള്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പു തന്നേ സ്റ്റേഡിയകള് ഏതാണ്ടു നിറയും.പിന്നെ സംഗീതമയമാണു സ്റ്റേഡിയം. ആവേശത്തില്‍ പങ്കു ചേര്‍ന്ന് കാണികള്‍ ദേശീയ പതാക വീശുന്നു. ഇടയ്ക്ക് ലൈറ്റ് അണച്ച് ലേസര്‍ ഷോ.കാണികള്‍ മൊബൈല്‍ ലൈറ്റ് തെളിച്ച് അതിലും പങ്കാളികളാകുന്നു.
സായാഹ്ന മത്സരങ്ങള്‍ക്ക് ട്രാക്കില്‍ പ്രവേശിക്കുന്ന അത്ലിറ്റുകളെ പൂത്തിരി കത്തിച്ചു വരവേല്‍ക്കുന്നു.ഇന്‍ഡോര്‍ കോര്‍ട്ടുകളില്‍ ഇടവേളകളില്‍ നൃത്ത പരിപാടികള്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: