വടക്കഞ്ചേരി: കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി രാജീവ് ജങ്ഷന് പന്നിക്കുന്ന് കരൂര്‍ പുത്തന്‍വീട്ടില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ ഗ്രേസി (63) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെ മീന്‍ വില്പനക്കെത്തിയ ആളാണ് ഗ്രേസിയുടെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ മൃതദേഹം കണ്ടത്. രണ്ടരയേക്കറോളം വരുന്ന ഇവരുടെ കൃഷിയിടത്തില്‍ പന്നിശല്യം രൂക്ഷമാണ്. ഒറ്റക്ക് താമസിക്കുന്ന ഗ്രേസിയുടെ വീട്ടില്‍ നിന്നു തന്നെയാണ് കെണി വയ്ക്കുന്നതിനുള്ള വൈദ്യുതി എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച പകല്‍ മരണം സംഭവിച്ചതാകാനാണ് സാധ്യത.
പന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്തുന്നതിന് വീടിന്റെ ഹാള്‍, അടുക്കള എന്നിവിടങ്ങളില്‍ നിന്നും കേബിള്‍ വഴി വൈദ്യുതിയെടുത്ത് വീടിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള കമ്പികളിലേക്ക് കടത്തിവിടുകയായിരുന്നു. ഗ്രേസി തന്നെയാണോ ഇത്തരത്തില്‍ കെണി സ്ഥാപിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, എങ്ങിനെ അപകടത്തില്‍പ്പെട്ടു എന്നതും ദുരൂഹത ഉയര്‍ത്തുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാപ്പിളപ്പൊറ്റ മേരിലാന്റ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. ഷോക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പത്തോളം പേരാണ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: