ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കലിനും രാഷ്ട്രീയ ഫണ്ടിങ്ങിനുമായി കേരളത്തിലെ സഹകരണ ബാങ്കുകളെ വ്യാപകമായി ഉപയോഗിച്ചതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇത്തരം കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ലഭിച്ചതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ( ഇ ഡി) കരുവന്നൂരിലടക്കം ശക്തമായ നടപടികളുമായി മുന്നോട്ട് വന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് കേന്ദ്രസഹകരണ മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്രയും കണക്കില്ലാത്തതും സുതാര്യമല്ലാത്തതുമായ ഇടപാടുകള്‍ കേരളത്തിലെ സഹകരണ മേഖലയില്‍ നടക്കുന്നു എന്നത് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കേണ്ട വിഷയമാണ്. താഴേത്തട്ടില്‍ മുതല്‍ മുകള്‍ തലം വരെ സമ്പൂര്‍ണ്ണമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യവും നടന്നതിനാല്ത്തന്നെ മറ്റെന്തെങ്കിലും ന്യായീകരണം പറഞ്ഞ് അന്വേഷണങ്ങളെ തടയാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമമല്ല ഇത്. ചെറുകിടക്കാരുടേയും സാധാരണക്കാരുടേയും ആശ്രയമായ സഹകരണ മേഖല തകരാതിരിക്കാനുള്ള സര്‍ക്കാരിന്റെ ഇടപെടലുകളാണ് കേന്ദ്രം നടത്തുന്നത്. എത്ര ആഴത്തിലുള്ള കുറ്റകൃത്യങ്ങളാണ് സഹകരണ മേഖലയില്‍ നടന്നിരിക്കുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. പാവങ്ങളുടെ പണം തട്ടിയെടുക്കാന്‍ ആരേയും അനുവദിക്കില്ല. ഏതെങ്കിലും ഒരു സഹകരണ ബാങ്കില്‍ മാത്രമല്ല പ്രശ്നമുള്ളത്. സഹകരണ ബാങ്കുകളെ സിപിഎം വ്യാപരമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. സഹകരണ ബാങ്കിങ് മേഖലയില്‍ വിശ്വാസ്യതയും സുതാര്യതയും ആവശ്യമാണ്. നഷ്ടപ്പെട്ട ആ വിശ്വാസം സഹകരണമേഖലയില്‍ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ന്യൂസ്ക്ലിക്കിനെതിരായ നടപടികള്‍ ചൈനീസ് താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ നടപടിയായി വേണം കാണാന്‍. അഭിപ്രായ സ്വാതന്ത്ര്യം എന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അനുമതിയല്ല. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വിദേശ രാജ്യങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമാണ്. ചൈനയില്‍ നിന്ന് ന്യൂസ് ക്ലിക്കിന് പണമെത്തിയത് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തുടര്‍ അന്വേഷണവും നടപടികളുമുണ്ടായതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: