ന്യൂദല്‍ഹി: തെലങ്കാനയില്‍ സമ്മക്ക സാരക്ക കേന്ദ്ര ഗോത്രവര്‍ഗ സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. സര്‍വകലാശാല സ്ഥാപിക്കുന്നതിനായി 889.07 കോടി രൂപ വകയിരുത്താനും തീരുമാനമായി.
2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിന്റെ പതിമൂന്നാം ഷെഡ്യൂളില്‍ നല്‍കിയിരിക്കുന്നത് പോലെ (2014ലെ നമ്പര്‍ 6) തെലങ്കാനയിലെ മുലുഗു ജില്ലയില്‍ സമ്മക്ക സാരക്ക കേന്ദ്ര ഗോത്രവര്‍ഗ സര്‍വകലാശാല സ്ഥാപിക്കുന്നതിന് 2009ലെ കേന്ദ്ര സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുന്നതിനായി കേന്ദ്ര സര്‍വകലാശാല (ഭേദഗതി), ബില്‍ 2023 എന്ന പേരില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനാണ് ആംഗീകാരം.
പുതിയ സര്‍വകലാശാല സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മികവുറ്റതാക്കുകയും ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യും. കൂടാതെ സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ ജനതയുടെ പുരോഗതിക്കായി ഗോത്രകല, സംസ്കാരം, പരമ്പരാഗത വിജ്ഞാനം എന്നിവയില്‍ പ്രബോധനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി ഉന്നതവിദ്യാഭ്യാസരംഗത്ത് അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കും. ഈ പുതിയ സര്‍വകലാശാല അധികശേഷി സൃഷ്ടിക്കുകയും പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: