കോഴിക്കോട്: മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ തട്ടത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനില്‍കുമാര്‍ പരാമര്‍ശിച്ച സംഭവത്തില്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ഇസ്ലാമിസ്റ്റുകള്‍ക്കു മുന്നില്‍ സിപിഎം കീഴടങ്ങി. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പുതിയ പെണ്‍കുട്ടികള്‍ പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതിന്റെ ഭാഗമായാണെന്നു പറഞ്ഞ അനില്‍കുമാറിനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ രംഗത്തു വന്നു.
പരാമര്‍ശത്തിനെതിരെ സിപിഎമ്മിലെ മുസ്ലിം നേതാക്കളും സംസ്ഥാനത്തെ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി വന്നു. അടുത്തിടെക്കണ്ട ഏറ്റവും രൂക്ഷമായ മുസ്ലിം വര്‍ഗീയ ധ്രുവീകരണമാണ് ഇക്കാര്യത്തില്‍ നടന്നത്. അനില്‍കുമാറിന്റെ നിലപാട് സിപിഎമ്മിന്റേതല്ലെന്നും തട്ടം ഇടാത്തത് പുരോഗമനമനമല്ലെന്നും വ്യക്തമാക്കി മുന്‍ സിമി നേതാവും സിപിഎം എംഎല്‍യുമായ കെ.ടി. ജലീലാണ് ആദ്യം
പ്രതികരിച്ചത്. ജലീലിന് പിന്തുണയുമായി സിപിഎം എംപി എ.എം. ആരിഫുമെത്തി. ജലീലിന്റെ വാദത്തെ പിന്തുണച്ച്, അനില്‍കുമാറും സിപിഎമ്മും മാപ്പു പറയണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി ഇറങ്ങിയതോടെയാണ് എം.വി. ഗോവിന്ദന്‍ അനില്‍കുമാറിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഗണപതി മിത്താണെന്നു പ്രസ്താവിച്ച് ഹൈന്ദവ ആചാരവിശ്വാസങ്ങളെ അപമാനിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പിന്തുണച്ച സിപിഎമ്മാണ് തട്ടം വിഷയത്തില്‍ പാര്‍ട്ടിക്കകത്തേയും പുറത്തേയും ഇസ്ലാമിസ്റ്റുകളുടെ താക്കീതിനു മുന്നില്‍ അടിയറവു പറഞ്ഞത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എസ്സന്‍സ് ഗ്ലോബല്‍ സെമിനാറില്‍ പങ്കെടുത്താണ് അഡ്വ. കെ. അനില്‍കുമാര്‍ തട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇതാണ് മുസ്ലിം മതമൗലികവാദികള്‍ വിവാദമാക്കിയത്. വ്യക്തിപരമായ അഭിപ്രാ
യം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്‌ക്ക് ഇടവരുത്തുമെന്നും തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേയല്ലെന്നുമായിരുന്നു കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും അനില്‍കുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതല്ലെന്ന് വിവേകമുള്ളവര്‍ തിരിച്ചറിയണമെന്നും ജലീല്‍ പ്രതികരിച്ചു.
മുസ്ലിം സമൂഹത്തെക്കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള വിവരമില്ലെന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണത്തെക്കുറിച്ച് ജലീല്‍ അഭിപ്രായപ്പെട്ടത്. ജലീലിന്റെ അഭിപ്രായം സിപിഎം എംപി എ.എം. ആരിഫ് പങ്കുവെച്ചതോടെ മുസ്ലിം സംഘടനകളും രംഗത്തു വന്നു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം, കേരള മുസ്ലിം ജമാഅത്ത്, സമസ്ത എപി, ഇ.കെ വിഭാഗങ്ങള്‍ തുടങ്ങിയ സംഘടനകള്‍ കടുത്ത നിലപാടുകളുമായി രംഗത്തു വന്നു.
എന്നാല്‍ സിപിഎമ്മിന്റെ ഒരു പാര്‍ട്ടിഘടകത്തില്‍ പോലും അംഗമല്ലാത്ത ജലീലിന് പാര്‍ട്ടി നിലപാട് പറയാന്‍ അര്‍ഹതയില്ലെന്നും സിപിഎമ്മിന്റെ നിലപാടാണ് സംസ്ഥാന സമിതി അംഗം അനില്‍കുമാര്‍ വ്യക്തമാക്കിയതെന്നും സമൂഹമാധ്യമങ്ങളില്‍ സിപിഎം അണികള്‍ ന്യായീകരിച്ച് രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പണി സഹയാത്രികര്‍ ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു സിപിഎം സൈബര്‍ സംഘം ജലീലിനെ പരിഹസിച്ചത്.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അനില്‍കുമാറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തി. വസ്ത്രധാരണത്തിലേക്ക് ആരും കടന്നുകയറേണ്ടതില്ലെന്നും അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നുമായിരുന്നു കണ്ണൂരില്‍ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന കര്‍ശനമായ താക്കീതാണ് സെക്രട്ടറി നല്‍കിയത്. ഗോവിന്ദന്‍ നിലപാട് കടുപ്പിച്ചതോടെ അനില്‍കുമാറും മാറ്റിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: