കോഴിക്കോട്: കേരളത്തെ ‘പുരോഗമിപ്പിച്ച’തിന്റെ വീമ്പു പറയാനാണ് പതിവുപോലെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാര്‍ തലസ്ഥാനത്ത് അങ്ങനെ പറഞ്ഞത്: ‘മലപ്പുറത്ത്, സിപിഎമ്മിന്റെ സ്വാധീനംകൊണ്ട് പെണ്‍കുട്ടികള്‍ തലയില്‍ തട്ടംവേണ്ടെന്ന് പറയുന്നു’വെന്ന് സിപിഎം നേതാവ് പൊതു പരിപാടിയില്‍ പറഞ്ഞപ്പോള്‍ നല്ല കൈയടിയാണ് കിട്ടിയത്. സിപിഎം നേതാക്കള്‍ക്കും അതില്‍ അഭിമാനം തോന്നി. പക്ഷേ, സിപിഎമ്മില്‍ ‘വഴിപോക്കനായ’ ഡോ. കെ.ടി. ജലീല്‍ ഏറ്റുപിടിച്ചു. അനില്‍കുമാര്‍ പറഞ്ഞത് ‘അബദ്ധമാണെ’ന്നും ‘തട്ടമിടാത്തത് പുരോഗനത്തിന്റെ അടയാളമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’ എന്നും ജലീല്‍ എംഎല്‍എ തിരുത്തി. ‘അഡ്വ: അനില്‍കുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതല്ലെന്ന് തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം,’ എന്നുകൂടി ജലീല്‍ പറഞ്ഞപ്പോള്‍ സിപിഎം നേതാക്കള്‍ ഒന്നു അമ്പരന്നു.
തൊട്ടുപിന്നാലെ, പാര്‍ട്ടിയുടെ ‘ഒരേയൊരു കനല്‍ത്തരി’യായ എ.എം. ആരിഫ് എംപി, ജലീലിനെ പിന്തുണക്കുകയും സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിന് അബദ്ധം പിണഞ്ഞതാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയുമായിരുന്നു. എംഎല്‍എയും എംപിയും പാര്‍ട്ടിയില്‍ സ്ഥാനംകൊണ്ട് അനില്‍കുമാറിനെ തിരുത്താന്‍ യോഗ്യതയില്ലാത്തവരാണ്. എന്നാല്‍, മത വിശ്വാസത്തില്‍ ഇസ്ലാമികത തുടരുന്ന രണ്ടുനേതാക്കളുടെ തട്ടം എന്ന മതവിഷയത്തിലെ നിലപാട് പാര്‍ട്ടിയെ ഞെട്ടിച്ചു. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുയത്തതോടെ ശരിക്കും നേതാക്കള്‍ വിരണ്ടുപോയി.
അതിനകം, മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ സിപിഎം നിലപാടിനെ വിമര്‍ശിച്ചു. തട്ടത്തില്‍ തൊട്ടതില്‍ പ്രതിഷേധിക്കുകയും കെ.ടി. ജലീലിനെ വിമര്‍ശിക്കുകയുമായിരുന്നു ഒരേ ശ്വാസത്തില്‍ മുസ്ലിം ലീഗ് ചെയ്തത്. ‘മതവിരുദ്ധമാണ് സിപിഎം എന്ന് തെളിയിക്കുന്നു’വെന്ന് പ്രസ്താവിച്ച ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സിപിഎന്റെ നിലപാടുകാര്യത്തില് തിരുത്തല്‍ പറഞ്ഞ ‘വഴിപോക്കന്’ എന്നാണ് ജലീലിനെ വിശേഷിപ്പിച്ചത്. ലീഗിനെ മുന്നണിയില്‍ കൂട്ടാന്‍ സകലകളിയും നടത്തുന്ന സിപിഎം അതോടെ കൂടുതല്‍ വിറളി പിടിച്ചു.
കേരള മുസ്ലിം ജമാ അത്ത് മലപ്പുറം കമ്മിറ്റി, കാന്തപുരം-എപി സുന്നികള്‍, വിവിധ ഇസ്ലാമിക സംഘടനകളുടെ പൊതുവേദിയായ സമസ്ത, എസ്കെഎസ്എസ്എഫ്, മുജാഹിദ്ദീന്‍ തുടങ്ങി സകല ഇസ്ലാമിക സംഘടനകളും നേതാക്കളും പാര്‍ട്ടിക്കതീതമായി മത വിശ്വാസമായ തട്ടത്തില്‍ തൊട്ടതിനെതിരേ പരസ്യമായി വന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിലപാട് പറയേണ്ടിവന്നു. അതാകട്ടെ, കെ. അനില്‍കുമാറിനെ മാത്രമല്ല, പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകളെത്തന്നെ തിരുത്തുന്നതായി.
ഹിജാബ് വിവാദം ഉണ്ടായപ്പോള്‍, അതില്‍ കോടതി ഇടപെടേണ്ടെന്നാണ് പാര്‍ട്ടി പറഞ്ഞിരുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അനില്‍കുമാറിനെ തിരുത്തി, വസ്ത്രധാരണം ഓരോരുത്തരുടെ ജനാധിപത്യ അവകാശമാണെന്നും പറഞ്ഞു. ‘രാജ്യത്ത് ആദ്യമായി സിപിഎം സര്‍ക്കാര്‍ സംസ്ഥാനത്ത് സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വേഷം നടപ്പാക്കിയെന്ന് വീരം പറഞ്ഞവരാണ് സിപിഎം എന്നത് മറന്ന് പാര്‍ട്ടി സെക്രട്ടറി, തന്നെത്തന്നെ തിരുത്തി.
ഒറ്റക്കെട്ടായി ഇസ്ലാമിക മതവിശ്വാസികള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ പേടിച്ച് നിലപാട് തിരുത്തി, സംസ്ഥാന സമിതിഅംഗത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയേയും സെക്രട്ടറിയേയും കര്‍ശനമായി വിമര്‍ശിക്കുകയാണ് രാഷ്ട്രീയ കേരളവും സാമാന്യ ജനങ്ങളും. മറ്റൊരു സിപിഎം നേതാവും ഇസ്ലാമിക വിശ്വാസിയുമായ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഹിന്ദു ദേവതയായ ഗണപതിയെ അധിക്ഷേപിച്ചത് വിവാദമായപ്പോള്‍ ഷസീറിനെ പിന്തുണയ്ക്കുകയായിരുന്നു പാര്‍ട്ടിയും സെക്രട്ടറിയും. ശബരിമല വിഷയത്തിലും സനാതന ധര്‍മ്മ വിമര്ശനത്തലും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഹിന്ദു മതവിശ്വാസികള്‍ക്കെതിരായ നടത്തിയ സകല ചെയ്തികള്‍ക്കും പിന്തുണകൊടുക്കുകയായിരുന്നു സിപിഎം. ഈ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളലും വിമര്‍ശനങ്ങള്‍ രൂക്ഷവും വ്യാപകവുമാണ്.
‘വര്‍ഗ്ഗീയതക്കെതിരേ പുരോഗമനം പറയുന്ന, നവോത്ഥാന കേരളം നിര്‍മിക്കുന്നുവെന്ന്’ അവര്‍തന്നെ ഊറ്റം പറഞ്ഞ സിപിഎം, മതമൗലിക വാദികളായ വിമര്‍ശകര്‍ക്ക് പേടിച്ചുകീഴടങ്ങിയെന്ന പ്രചാരണം പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെ ഗൗരമായി ചിന്തിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: