തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പട്ടികജാതി പദ്ധതികളിലും ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളിലും പത്തു മുന്‍സിപ്പാലിറ്റികളിലും അന്‍പതു ബ്ലോക്ക് പഞ്ചായത്തുകളിലും പട്ടികജാതി പദ്ധതികളില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ വളരെ ഗൗരവമേറിയതാണ്. വിദ്യാഭ്യാസസഹായങ്ങള്‍, ഭവനനിര്‍മാണം, പഠനമുറി നിര്‍മാണം, ലാപ്ടോപ് വിതരണം എന്നിവയിലാണ് കോടികളുടെ വെട്ടിപ്പ് നടന്നിട്ടുള്ളത്. ഗ്രാമസഭ ഗുണഭോക്തൃ മുന്‍ഗണനാ ലിസ്റ്റ് തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഗ്രാമസഭ ലിസ്റ്റ് അഴിമതിക്കെതിരെ നേരത്തെ പട്ടികജാതിമോര്‍ച്ച പരാതി നല്‍കിയിരുന്നു.
തട്ടിപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് പുറത്തുവിടാന്‍ വിജിലന്‍സ് തയാറാകണം. കേരളത്തിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടികജാതി ഫണ്ട് കൊള്ളയടിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും അടങ്ങുന്ന ഒരു മാഫിയ തന്നെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ പിന്നിലുണ്ട്. പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന് പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം.
അന്വേഷണം ആവശ്യപ്പെട്ടു പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം ദേശീയ പട്ടികജാതി കമ്മിഷന് പരാതി നല്‍കും. പാവപ്പെട്ട പട്ടികജാതി ജനതയുടെ വികസനത്തിന് വേണ്ടിയുള്ള ഫണ്ട് വെട്ടിപ്പ് നടത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കാതെ വന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: