കാസര്‍ഗോഡ്: ഹെര്‍ണിയയുടെ ശസ്ത്രക്രിയയ്ക്കായി രോഗിയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ അനസ്തേഷ്യ ഡോക്ടര്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വെങ്കിടഗിരിയാണ് അറസ്റ്റിലായത്. കാസര്‍ഗോഡ് സ്വദേശിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഹെര്‍ണിയയുടെ ചികിത്സയ്ക്കായാണ് കാസര്‍ഗോഡ് സ്വദേശി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിയത്. ജനറല്‍ സര്‍ജനെ കണ്ടപ്പോള്‍ ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ചു. അനസ്തേഷ്യ ഡോക്ടറെ കണ്ട് ഡേറ്റ് വാങ്ങിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷന് നടത്താമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍ വേദന അസഹനീയമായതോടെ ശസ്ത്രക്രിയ നേരത്തെ ആക്കുന്നതിനായി വീണ്ടും ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടു. ഓപ്പറേഷന് തീയതി നേരത്തെയാക്കാന്‍ 2,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. പരാതിക്കാരന് വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നിര്‍ദേശം അനുസരിച്ച് പരാതിക്കാരന് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച് 2,000 രൂപ കൈമാറി. ഈ സമയം പുറത്തു കാത്തുനിന്ന വിജിലന്‍സ് സംഘം ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ പണവും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: