ലക്നൗ: ഭഗവാന് രാമന് സഞ്ചരിച്ച പാതയില്‍ രാജ്യത്ത് അയോദ്ധ്യ മുതല്‍ രാമേശ്വരം വരെ 290 തൂണുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ മൗണ്ട് അബുവില്‍ നിന്ന് അയോദ്ധ്യയിലെ കര്‍സേവകപുരത്തേക്ക് ആദ്യത്തെ രാമസ്തംഭം എത്തിച്ചു. 15 അടി ഉയരവും 2.5 അടി വീതിയുമുള്ള ഈ തൂണ് അയോദ്ധ്യയിലെ മണിപര്വതത്തിലാണ് സ്ഥാപിക്കുന്നത്. അശോക് സിംഗാള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഈ തൂണുകള്‍ സ്ഥാപിക്കുന്നത്. രാമസ്തംഭം സ്ഥാപിക്കാന്‍ അയോദ്ധ്യ മുതല്‍ രാമേശ്വരം വരെയുള്ള 290 സ്ഥലങ്ങളും ഫൗണ്ടേഷന് കണ്ടെത്തിയിട്ടുണ്ട്.
മണിപര്വ്വതത്തിന് പുറമെ അയോദ്ധ്യയുടെ വിവിധ ഭാഗങ്ങളിലായി നാല് തൂണുകള്‍ കൂടി സ്ഥാപിക്കുമെന്ന് അശോക് സിംഗാള്‍ ഫൗണ്ടേഷന് അംഗമായ മനോജ് തിവാരി പറഞ്ഞു. ഓരോ തൂണുകള്‍ക്കും 1000 വര്‍ഷത്തെ ആയുസ്സ് ആണ് കണക്കാക്കുന്നത്. ഓരോ തൂണിലും വില്ലും അമ്പും ഭഗവാന്റെ ധ്വജവും കൊത്തിയിട്ടുണ്ടാകും. വാത്മീകി രാമായണത്തില്‍ പ്രതിപാദിപ്പിക്കുന്നത് പോലെ വനവാസത്തിനായി അയോദ്ധ്യയില്‍ നിന്നുള്ള യാത്രയ്ക്കിടെ ഭഗവാന് രാമനും സീതാദേവിയും കടന്നു പോയെന്ന് കരുതപ്പെടുന്ന ഇടങ്ങളിലാണ് ഇവ സ്ഥാപിക്കുകയെന്നും മനോജ് തിവാരി പറയുന്നു.
കേരളത്തില്‍ ശബരിമല ഗ്രാമത്തിലെ ശബരി ആശ്രമത്തിലും ശ്രീരാമ സ്തംഭം സ്ഥാപിക്കും. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നാണ് ഐതീഹ്യം. ഓരോ തൂണിലും വാല്മീകി രാമായണത്തിലെ ഈരടികള്‍ ഉണ്ടായിരിക്കും. സന്ദര്‍ശിച്ച സ്ഥലത്തെയും അതിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നതായിരിക്കും ഈരടികള്‍. ഭാവി തലമുറയെ ശ്രീരാമന്റെ ജീവിതത്തെ കുറിച്ച് ബോധവാന്മാരാക്കാനുള്ള വിലമതിക്കാനാവത്ത സംഭാവന ആയിരിക്കും സ്തംങ്ങളെന്ന് ചമ്പത് റായ് പറഞ്ഞു. 100 മുതല്‍ 120 ചതുരശ്രയടി സ്ഥലത്താകും തൂണുകള്‍ സ്ഥാപിക്കുക. ദക്ഷിണേന്ത്യയില്‍ ശബരിമലയ്ക്ക് പുറമേ ധനുഷ്കോടിയിലെ രാമസേതുവിലും തെലങ്കാനയിലെ തുംഗഭദ്ര നദിയുടെ തീരത്തും തൂണുകള്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: