Categories: India

വന്ദേഭാരത് എക്‌സ്പ്രസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ട്രാക്കില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും

Published by

ജയ്പൂര്‍:വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വിഫലമായി. ട്രെയിന്‍ ഉദയ്പൂരില്‍ നിന്ന് ജയ്പൂരിലേക്ക് പോകുന്നതിനിടെ ചിറ്റോര്‍ഗഡിന് സമീപം രാവിലെ 9.55 ഓടെയായിരുന്നു സംഭവം.

ഉദയ്പൂര്‍ ജയ്‌പ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്ന ട്രാക്കില്‍ ഇഷ്ടികയുടെ അത്രയും വലിപ്പമുള്ള കല്ലുകളും ഇരുമ്പ് കഷ്ണങ്ങളും പെറുക്കിവെച്ചാണ് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചത്.

സെപ്തംബര്‍ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ട്രെയിനാണ് ഉദയ്പൂര്‍ – ജയ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസ്. ആറു മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് 435 കിലോമീറ്ററാണ് ഉദയ്പുര്‍ ജയ്പുര്‍ വന്ദേഭാരത് യാത്ര ചെയ്യുന്നത്.

റെയില്‍വേ ജീവനക്കാര്‍ ട്രാക്കില്‍ നിന്ന് കല്ലുകള്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗംഗ്രാര്‍, സോണിയാന സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ അയഞ്ഞ ഫാസ്റ്റനറും ജീവനക്കാര്‍ കണ്ടെത്തി. വന്ദേഭാരത് ട്രെയിനുകള്‍ നിരന്തരമായി ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നതില്‍ യാത്രക്കാര്‍ക്ക് ആശങ്കയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക