ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധറിലെ കാണ്‍പുര്‍ ഗ്രാമത്തില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികളെ ഇരുമ്പു പെട്ടിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ക്സുദാന് സ്വദേശികളായ സുശീല്‍ മണ്ഡല്, ഇയാളുടെ ഭാര്യയായ മീനു എന്നിവരാണ് അറസ്റ്റിലായത്.
കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവുമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. കുട്ടികള്‍ക്ക് വിഷം നല്‍കുകയായിരുന്നുവെന്ന് അമ്മ പോലീസിനോടു വെളിപ്പെടുത്തി.
കാഞ്ചന് (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി മക്സുദാന്‍ പോലീസ് സ്റ്റേഷനില്‍ ഇവരെ കാണാതായെന്ന പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ മക്കളെ കണ്ടില്ല എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി.
ഞായറാഴ്ച പെണ്‍കുട്ടികള്‍ വീട്ടുമുറ്റത്ത് കളിക്കുന്നതായി കണ്ടിരുന്നുവെന്ന് പ്രദേശവാസികളായ കുട്ടികള്‍ പൊലീസിനോട് പറഞ്ഞതായി സീനിയര്‍ പോലീസ് സൂപ്രണ്ട് മുഖ്വിന്ദര്‍ സിംഗ് ഭുള്ളര്‍ പറഞ്ഞു.
തിങ്കളാഴ്ച വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ഇരുമ്പ്പെട്ടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞിരുന്നു.
ആകെ അഞ്ച് കുട്ടികളാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്. മദ്യപാന ശീലത്തിന്റെ പേരില്‍ വീടൊഴിയാന്‍ കുട്ടികളുടെ പിതാവിന് അടുത്തിടെ വീട്ടുടമയുടെ അന്ത്യശാസനം നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: