തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതില്‍ സിപിഎം നേതാക്കളുടെ വിമര്‍ശനത്തിന് മറുപടി നല്‍കി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. ജില്ലയിലെ കയ്യേറ്റ മാഫിയയെ തളയ്‌ക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുമെന്ന് അദ്ദേഹം പരിഹസിച്ചു.
ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്? തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോവെന്നും അദേഹം വിമര്‍ശിച്ചു. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാല്‍ അവരെ തുരത്തുമെന്നായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.
ചിന്നക്കനാല്‍ പഞ്ചായത്തില്‍ 100 കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് കൃഷി നടത്തുന്നവര്‍ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 1000 കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങള്‍ തുണ്ട് തുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് തടയിടാന്‍ കഴിയുന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി.
ജില്ലയിലെ കയ്യേറ്റ മാഫിയയെ തളക്കണംകയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റും , ഒഴിപ്പിക്കാൻ…
Posted by K.K Sivaraman on Sunday, October 1, 2023
ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കുന്നതാണ് ദൗത്യസംഘം. പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ജില്ലാ കളക്ടര്‍ക്ക് പുറമെ സബ് കളക്ടറും ആര്‍.ഡി.ഒയും ഉള്‍പ്പെട്ടതാണ് സംഘം. കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി മതിയായ സുരക്ഷ ഒരുക്കണം. വനം, പൊതുമരാമത്ത്, തദ്ദേശ ഭരണവകുപ്പുകള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: