ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് എട്ടാം ദിനത്തില്‍ ഭാരതത്തിന്റെ മെഡല്‍ വേട്ട. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 15 മെഡലുകളാണ് ഇന്നലെ മാത്രം ഭാരത താരങ്ങള്‍ വാരിക്കൂട്ടിയത്. പതിവുപോലെ ഷൂട്ടിങ്ങില്‍ നിന്നാണ് ആദ്യ സ്വര്‍ണം. രണ്ടെണ്ണം അത്‌ലറ്റിക്‌സില്‍ നിന്നും. പുരുഷ ബാഡ്മിന്റണ്‍ ടീം വെള്ളി സ്വന്തമാക്കി.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലെയാണ് ട്രാക്കിലെ ആദ്യ സ്വര്‍ണത്തിന് അവകാശിയായത്. പിന്നാലെ പുരുഷ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും ഭാരതത്തിനായി പൊന്നണിഞ്ഞു. ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ് ഇന്നലെ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ട്രാപ് ടീം ഇനത്തിലാണ് ഭാരതം പൊന്നണിഞ്ഞത്. കിയാനന്‍ ചെനായ്, സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവരടങ്ങിയ ടീമാണ് ഭാരതത്തിനായി സ്വര്‍ണം നേടിയത്. ഇത്തവണ ഷൂട്ടിങില്‍ ഭാരതത്തിന്റെ സ്വര്‍ണ നേട്ടം ഏഴായി. ഭാരതത്തിന്റെ ആകെ സ്വര്‍ണനേട്ടം 13 ആയി. കൂടാതെ ആറ് വെള്ളിയും അഞ്ച് വെങ്കലവും ഭാരത താരങ്ങള്‍ നേടി. ഇതോടെ ആകെ മെഡല്‍ നേട്ടം 52 ആയി.
അത്‌ലറ്റിക്‌സില്‍ രണ്ട് സ്വര്‍ണത്തിനു പുറമെ നാല് വെള്ളിയും മൂന്ന് വെങ്കലവും ഭാരതം നേടി. അത്‌ലറ്റിക്‌സില്‍ പുരുഷ ലോങ്ജമ്പില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍, 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ്, വനിത 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതിയരാജി, 1500 മീറ്ററില്‍ ഹര്‍മിലന്‍ ബെയ്ന്‍സ് എന്നിവരാണ് വെള്ളി നേടിയത്. മറ്റ് രണ്ട് വെള്ളി മെഡലുകള്‍ വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിലും വനിതകളുടെ ഗോള്‍ഫിലുമാണ്. ഷൂട്ടിങ്ങില്‍ മനീഷ കീര്‍, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. വനിതാ ഗോള്‍ഫില്‍ അതിഥി അശോകാണ് വെള്ളി സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഭാരതത്തിനായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അതിഥി സ്വന്തമാക്കി.
പുരുഷന്മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. നേരത്തേ പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലും കിയാനന്‍ ഡാറിയസ് സ്വര്‍ണം നേടിയിരുന്നു. സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവര്‍ക്കൊപ്പം സ്വര്‍ണം നേടിയ കിയാനന്‍ ഡാറിയസ് ചെനായ് തന്നെയാണ് ഇപ്പോള്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയത്. വനിതാ ബോക്സിങ്ങിലും ഭാരതം മെഡലണിഞ്ഞു. വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തില്‍ നിഖാത് സരീനാണ് വെങ്കലം നേടിയത്. സെമിയില്‍ തായ്ലന്‍ഡിന്റെ ചുതാമത് റസ്‌കത്തിനോട് സരീന്‍ പരാജയപ്പെട്ടു. പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളി താരവും നിലവിലെ സ്വര്‍ണ ജേതാവുമായ ജിന്‍സണ്‍ ജോണ്‍സണ്‍, വനിത ഡിസ്‌കസില്‍ സീമാ പുനിയ, ഹെപ്റ്റാത്തലണില്‍ നന്ദിനി അഗസാര എന്നിവരാണ് അത്‌ലറ്റിക്‌സില്‍ വെങ്കലം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: