പ്രൊഫ. കെ.കെ.കൃഷ്ണന് നമ്പൂതിരി
ഗൗതമമഹര്ഷിയാണ് അഞ്ച് അധ്യായങ്ങളില്‍ ന്യായസൂത്രങ്ങള്‍ വിരചിച്ചിരിക്കുന്നത്. രാമായണത്തിലെ അഹല്യാമോക്ഷം കഥയില്‍ വരുന്ന ഗൗതമന് തന്നെയാണ് ന്യായദര്‍ശനത്തിന്റെ ഉപജ്ഞാതാവ് എന്നാണ് ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നത്. ഇദ്ദേഹത്തിന് ദീര്‍ഘതപസ്സ്, അക്ഷപാദന്‍ (കാലില്‍ അക്ഷികള്‍ ഉറപ്പിച്ച് സഞ്ചരിക്കുന്നവന്) എന്നെല്ലാം പേരുകളുമുണ്ട്. ന്യായശാസ്ത്രത്തെത്തന്നെ തര്‍ക്കശാസ്ത്രം( ഹീഴശര) എന്നും പറഞ്ഞു വരാറുണ്ട്. ഇന്ന് പാഠ്യഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തിക്കാണുന്ന അന്നഭട്ടാചാര്യരുടെ വിശ്രുതമായ ‘തര്‍ക്കസംഗ്രഹം’ എന്ന ഗ്രന്ഥം ഗൗതമന്റെ ന്യായദര്‍ശനത്തെ അധികരിച്ചുള്ളതാണ്.
നിരന്തരപ്രവാഹരൂപമായ ജീവിതത്തില്‍ സംഭവപരമ്പരകള്‍ക്ക് അറുതി വരുമ്പോള്‍ മാത്രമേ ദുഃഖത്തില്‍ നിന്നും മോചിപ്പിച്ച് കൈവല്യത്തിന് അഥവാ മോക്ഷത്തിന് അര്‍ഹത ലഭിക്കുന്നുള്ളൂ. ഇതിന് നാലു കാര്യങ്ങളാണ് കരണീയമായിട്ടുള്ളത്.
1. ദുഃഖത്തെ വര്‍ജിക്കുക
2. ദുഃഖകാരണമായ ആശയേയും അജ്ഞാനത്തേയും അകറ്റുക
3. പരമമായ പരാവൃത്തി (വിഷയഭോഗങ്ങളില്‍ നിന്ന് മനസ്സിനെ പൂര്‍ണമായും പിന്തിരിപ്പിക്കല്) ശീലിക്കുക
4. പരമാര്‍ഥജ്ഞാനം നേടിയെടുക്കുക
ഇതിനെല്ലാം ശാസ്ത്രീയ അടിസ്ഥാനത്തില്‍ ചിന്തിക്കുക എന്നുള്ളത് ആവശ്യമാണ്. ശാസ്ത്രീയമായ അടിസ്ഥാനമെന്നാല്‍, ന്യായശാസ്ത്രദൃഷ്ടിയില്‍, കാര്യങ്ങളെ 16 വസ്തുക്കളുടെ ആധാരത്തില്‍ നോക്കിക്കാണുക എന്നാണ് അര്‍ഥം. ഈ പതിനാറു വസ്തുക്കള്‍ പ്രമാണം, പ്രമേയം, സംശയം, പ്രയോജനം, ദൃഷ്ടാന്തം, സിദ്ധാന്തം, അവയവം, തര്‍ക്കം, നിര്‍ണയം, വാദം, ജല്പനം, വിതണ്ഡം, ഹ്വേത്വാഭാസം, ചലം, ജാതി, നിഗ്രഹസ്ഥാനം ഇവയാണ്.
പ്രത്യക്ഷം, അനുമാനം, ഉപമാനം, ശാബ്ദം, (ശ്രുതിയെ അടിസ്ഥാനമാക്കിയുള്ളത്) എന്നീ നാലു പ്രസിദ്ധങ്ങളായ പ്രമാണങ്ങളെ ന്യായദര്‍ശനം സ്വീകരിക്കുന്നു. കാര്യങ്ങളെ മനസ്സിലാക്കുന്നതിനായി ഇവയില്‍ ഒരു പ്രമാണത്തെയെങ്കിലും അടിസ്ഥാനമാക്കേണ്ടതുണ്ട് എന്ന് സാരം. (സാംഖ്യദര്‍ശനം ഉപമാനമൊഴിച്ചുള്ള പ്രത്യക്ഷം, അനുമാനം, ശാബ്ദം എന്ന മൂന്നു പ്രമാണങ്ങളേയും വൈേശഷികദര്ശനം പ്രത്യക്ഷത്തേയും അനുമാനത്തേയും മാത്രവും അംഗീകരിക്കുന്നു. എന്നാല്‍ പൂര്വമീമാംസാദര്ശനം ശാബ്ദപ്രമാണത്തെ മാത്രമാണ് അവലംബിക്കുന്നത്. ഉത്തരമീമാംസാദര്ശനമാകട്ടെ മുന്‍പറഞ്ഞ നാലുപ്രമാണങ്ങള്ക്കു പുറമേ ‘അര്‍ത്ഥാപത്തി’യെക്കൂടെ ആധാരമാക്കുന്നു.)
ഗൗതമന്റെ ന്യായസൂത്രങ്ങള്ക്ക് വാത്സ്യായന മഹര്‍ഷി രചിച്ച വാത്സ്യായന ഭാഷ്യം (ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ട്) ആണ് ഏറ്റവുമധികം പ്രചാരത്തിലുള്ളത്. ഉദ്യോതകന് (ആറാംനൂറ്റാണ്ട്) വാത്സ്യായന ഭാഷ്യത്തിന് ഒരു വാര്‍ത്തികം രചിച്ചിട്ടുണ്ട്. മഹാ മനീഷിയായ വാചസ്പതിമിശ്രന്‍ (ഒമ്പതാം ശതകം) ഇതേപ്പറ്റി ‘താത്പര്യടീകാ’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. പത്താം ശതകത്തില്‍ ഉദയനാചാര്യന്‍ ‘താത്പര്യശുദ്ധി’യും ജയന്തന് ‘ന്യായമഞ്ജരി’യും ഭാസസര്വജ്ഞന് ‘ന്യായസാര’വും നിര്‍മ്മിച്ചിട്ടുണ്ട്. മഹാപണ്ഡിതനും സൂക്ഷ്മചിന്തകനും ആയിരുന്ന ഗംഗേശന്‍ (പന്ത്രണ്ടാം നൂറ്റാണ്ട്) രചിച്ച ‘തത്ത്വചിന്താമണി’ ഈ വിഷയത്തെ സംബന്ധിച്ചുള്ള വളരെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ്. ഇത് ഒരു പാഠ്യഗ്രന്ഥമായി ഉപയോഗിച്ചു വരുന്നുണ്ട്. വാസുദേവ സാര്‍വഭൗമന്‍ (പതിനഞ്ചാം ശതകം) രചിച്ച ‘തത്ത്വചിന്താമണിവ്യാഖ്യാ’ എന്ന കൃതിയും അത്യന്തം പ്രയോജനപ്രദമാണ്. അര്‍വാചീനനായ അന്നഭട്ടന്റെ തര്ക്കസംഗ്രഹത്തെപ്പറ്റി നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: