ഇറ്റാനഗർ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ-ലെയ്ൻ റോഡ് ടണലിന്റെ നിർമ്മാണം അവസാനഘട്ടത്തിലെന്ന് ബിആർഒ. തവാങ് ജില്ലയെ അരുണാചൽ പ്രദേശിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സെല തുരങ്കത്തിന്റെ നിർമ്മാണം 96 ശതമാനം പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുരങ്കത്തിന്റെ അന്തിമ മിനിക്കുപ്പണികൾ നടത്തി വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
അരുണാചൽ പ്രദേശിലെ തവാങ്, വെസ്റ്റ് കമെങ് ജില്ലകൾക്കിടയിലാണ് സെല ചുരം സ്ഥിതി ചെയ്യുന്നത്. സെല ചുരത്തിന് താഴെയായി 4,200 മീറ്റർ കുഴിച്ചാണ് സെല തുരങ്കത്തിന്റെ നിർമ്മാണം. നിർമ്മാണം പൂർത്തിയാകുന്നതോടെ 13,000 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കമാകും. അസമിലെ തേസ്പൂരിലെ സൈന്യത്തിന്റെ 4 കോർപ്സ് ആസ്ഥാനത്തേക്കുള്ള ദൂരവും ലഘൂകരിക്കും. ചൈനയുടെ അതിർത്തിയിലേക്കുള്ള ദൂരം 10 കിലോ മീറ്ററായി കുറയ്‌ക്കാനും തുരങ്കത്തിന് കഴിയും. സുരക്ഷാ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ തുരങ്കത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടെന്നും അനുകൂല കാലാവസ്ഥയാണെങ്കിൽ ഈ വർഷാവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്ന് നൽകാൻ കഴിയുമെന്നും ബിആർഒ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: