തിരുവനന്തപുരം : നൈപുണ്യ വികസനത്തിന് കേന്ദ്ര സർക്കാർ നൽകിയ പ്രാധാന്യം യുവാക്കളുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ – പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ. നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായി തിരുവനന്തപുരം വർക്കല ശിവഗിരി എച്ച് എസ് എസിൽ സംഘടിപ്പിച്ച ജോബ് എക്‌സ്‌പോ 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ക്ക് അവരുടെ കഴിവുകളെ രാജ്യത്തിനകത്ത് തന്നെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നയം. എല്ലാ യുവജനങ്ങൾക്കും തൊഴിലില്‍ തുല്യ അവസരം എന്നത് സബ്കാ സാഥ് സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന ഗവൺമെന്റ് നയത്തിൽ ഉൾക്കൊള്ളുന്നതായും മുരളീധരൻ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തിന്റെയും മഹാമാരിയുടെയും എല്ലാം പ്രതിസന്ധികാലത്തും ലോകം ഇന്ത്യയെ അവസരങ്ങളുടെ വലിയ ഇടമായി കാണുന്നതിന് പിന്നിൽ ഈ ദീര്‍ഘവീക്ഷണമുള്ള നയങ്ങളാണ്. വരുന്ന 25 വര്‍ഷം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. സ്വാശ്രയത്വത്തിലേക്ക് രാജ്യം എത്തണമെങ്കിൽ യുവാക്കള്‍ സ്വയംപര്യാപ്തരാകണം. ആഗോളതലത്തിലെ തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റാൻ രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നൈപുണ്യവികസന മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്‌ടർ എം. അനിൽകുമാർ, ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ സംസ്ഥാന ഡയറക്ടർ സി.ജി ആണ്ടവർ, വർക്കല മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ ആർ.വി വിജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: