പ്രകാശ് കുറുമാപ്പള്ളി
ഹിമാലയന്‍ മരുപ്രദേശത്തെ വേറിട്ടകാഴ്ചയായി നിറഞ്ഞു നില്ക്കുന്ന ഒരു അപൂര്‍വ ദമ്പതിമാരെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് യാത്രികനായ ലേഖകന്‍
ഹിമാലയത്തിലെവിടെ മരുഭൂമി? ഹിമാലയവും മരുഭൂമിയും തമ്മിലെന്തുബന്ധം? കൊല്ലത്തില്‍ 250 മില്ലിമീറ്ററില്‍ കുറവ് മഴ ലഭിക്കുന്ന ഉഷ്ണമേഖലാപ്രദേശങ്ങളെവിടെ, പാതിവര്‍ഷവും മഞ്ഞുമൂടി ഗ്ലേഷിയറുകളുടെ പുതപ്പില്‍ ആണ്ടുകിടക്കുന്ന ഹിമവല്‍പ്രദേശങ്ങളെവിടെ? എന്നാല്‍ ചിലതുണ്ട്.
ഹിമാലയന്‍ ഡസര്‍ട്ട്സ് എന്നറിയപ്പെടുന്നത് സ്പിറ്റിവാലി എന്ന ഹിമാചല്‍പ്രദേശിന്റെ വടക്കുകിഴക്കന്‍ മേഖലയെയാണ്. അതായത് കുളു-മണാലി വഴി റോത്താംപാസ്സ് (ഇപ്പോള്‍ അടല്‍ ടണല്‍) കടന്നോ, ലേ-ലഡാക്ക്-കാര്‍ഗില്‍ വഴിയോ കെലോങ്ങില്‍. അവിടെ നിന്നും റിക്കാംപിയോയിലേക്ക് ചന്ദ്രതാള്‍വഴി പോകുന്ന ലോകത്തിലെ അപകടംനിറഞ്ഞ ഗതാഗതപാതയിലൊന്നാണ് സ്പിറ്റിവാലി പ്രദേശം.
വര്‍ഷത്തില്‍ പകുതിയിലധികം മഞ്ഞുമൂടിക്കിടക്കുന്ന ഇവിടെ പ്രകൃതിയുടെ വന്യമായ സൗന്ദര്യം നിറഞ്ഞുനില്ക്കുന്നു. ജൂണ്‍ മുതല്‍ ഏതാണ്ട് ഒക്ടോബര്‍ ആദ്യവാരംവരെയാണ് സീസണ്. ഭ്രാന്തമായി വീശിയടിക്കുന്ന വരണ്ട കാറ്റും കടുത്ത ചൂടും രാത്രിയിലെ കൊടുംതണുപ്പും ഇവിടുത്തെ പ്രത്യേകതയാണ്. മഞ്ഞുകാലത്ത് ഗിരിശൃംഗങ്ങളില്‍ മൂടിക്കിടക്കുന്ന ഹിമാനികള്‍ വേനലില്‍ ഉരുകിയൊലിച്ച് ശക്തിയോടെ കുതിച്ചിറങ്ങുമ്പോള്‍ പര്‍വ്വതങ്ങളുടെ പലഭാഗങ്ങളും തകര്‍ന്നിടിഞ്ഞ് താഴ്വാരം ശിലാശകലങ്ങളാല്‍ നിബിഢമാകുന്നു. അപാരമായ വിജനതയും പ്രകൃതിയുടെ താണ്ഡവവും നേര്‍ക്കാഴ്ചയാകുമ്പോള്‍ സ്പിറ്റി മരുഭൂമിയുടെ ചിത്രം പൂര്‍ണ്ണമാകുന്നു. ഈ മരുഭൂമിയില്‍ വഴിക്കണ്ണുമായി, യാത്രികര്‍ക്ക് ഭക്ഷണമൂട്ടുന്ന സ്നേഹനിധികളായ ദമ്പതിമാരാണ് ചാച്ചാ ചാച്ചി.
അരനൂറ്റാണ്ടോളമായി ഹിമാലയന്‍ യാത്രികര്‍ക്ക് ഭക്ഷണമൊരുക്കുന്ന ‘ചാച്ചാ-ചാച്ചി’ എന്ന സ്നേഹപ്പേരില്‍ പ്രിയങ്കരമായ ചന്ദ്രധാബ വലിയൊരു കുടുംബാന്തരീക്ഷമാണ് നിലനിര്‍ത്തുന്നത്. പോസിറ്റീവ് എനര്‍ജിയാണിവിടെ! ബടാല്‍ താഴ്വരയില് ഇരുഭാഗത്തുനിന്നും കിലോമീറ്ററുകള്‍ പിന്നിട്ടാല്‍ ലഭ്യമാകുന്ന ഭക്ഷണശാലകൂടിയാണിത്. ഇവിടെനിന്നും 14 കിലോമീറ്റര്‍ വേണം ചന്ദ്രതാളിലേക്ക്. മണാലി-കാസ ബസ്സില്‍ ചന്ദ്രതാള്‍ ട്രക്കിങ്ങിനുവരുന്നവര്‍ ഈ ധാബയ്ക്കു മുന്നിലിറങ്ങി. ഇവിടെ നിന്നുമാണ് ട്രക്കിങ് തുടങ്ങുന്നത്. ഹിമാലയന്‍ മേഖലയിലെ ഏറ്റവും വലിയ ഹിമാനിയായ ബാരാഷിരി ഗ്ലേഷിയറിനു സമീപത്തായാണ് ഈ ധാബ.
13000 ലേറെ അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് ഏപ്രില്‍ അവസാനത്തോടെ മഞ്ഞുനീക്കി ഗതാഗതം പുനഃരാരംഭിക്കുന്ന പ്രവൃത്തികളുമായി ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് ജോലിക്കാര്‍ക്കൊപ്പം ആദ്യ യാത്രികനെത്തും മുന്‍പ് വന്നെത്തും. ഒക്ടോബര്‍ ആദ്യം അവസാനത്തെ യാത്രക്കാരനും പോയശേഷം മടങ്ങുകയും ചെയ്യുന്ന ബോധ് ദോര്‍ജി-ഹിഷേചൊമ്മോ ദമ്പതികള്‍ ഒരു അര്‍പ്പണമായിക്കൂടിയാണ് ധാബ നടത്തിവരുന്നത്. മധുരമായ വാക്കുകളും സ്വാദിഷ്ടമായ ഭക്ഷണവും വിശ്രമവും ചന്ദ്രധാബയെ വ്യത്യസ്തമാക്കുന്നു. തയ്യാറാക്കേണ്ട ആഹാരത്തിന് കാത്തിരിക്കുന്ന സമയം യാത്രക്കാര്‍ ധാബയിലെ മറ്റനവധി ഭക്ഷണ-മധുര പലഹാരങ്ങള്‍ യഥേഷ്ടം ഭക്ഷിക്കുന്നത് ഇവര്‍ ശ്രദ്ധിക്കാറില്ലതന്നെ. രണ്ടു പേരും പാനീയങ്ങളും ആഹാരവും ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ വ്യാപൃതരായിരിക്കും. അവര്‍ക്കുറപ്പുണ്ട്, ഒരു യാത്രികനും അവരെ പറ്റിച്ചു കടന്നുകളയില്ലെന്ന്. ആ വിശ്വാസത്തിന്റെ പാരസ്പര്യമാണ് ചന്ദ്രധാബയുടെ ജീവന്. ഭക്ഷണം കഴിഞ്ഞ് സംതൃപ്തിയോടെ വില കൊടുക്കുന്നതിന് നാം അരികിലെത്തുമ്പോള്‍ മാത്രമാണ് അവര്‍ കഴിച്ച സാധനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. വിലയിടുമ്പോഴും പണം നല്കുമ്പോഴും വര്‍ത്തമാനവും തമാശയും തന്നെ!
എങ്ങനെ ഇത്രയും സത്യസന്ധത ഇവരോട് പുലര്‍ത്തുവാന്‍ ഇന്നത്തെ കപടലോകത്തിന് കഴിയുന്നു വെന്ന് ചിന്തിക്കുമ്പോഴാണ് അവരേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ കാഠിന്യവും തീവ്രതയും പ്രതിബദ്ധതയും അവിടെയെത്തുന്ന ഓരോരുത്തരും അനുഭവിച്ചറിയുക. തികച്ചും വിജനമായ, ഒരു സ്ഥാപനമോ പെട്രോള്‍ പമ്പോ എന്തിന് മനുഷ്യവാസംപോലുമോ കിലോമീറ്ററുകള്‍ക്കുള്ളില്‍ ഇല്ലാത്ത ഈ മരുഭൂമിയില്‍, വര്‍ഷത്തില്‍ നാലുമാസം തുറന്ന ചിരിയുമായെത്തുന്ന ഈ അരുമദമ്പതികളെ ഈശ്വരനുതുല്യമായി കാണുവാന്‍ കഴിഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
സ്പിറ്റിതാഴ്വാരം പലപ്പോഴും പ്രശ്നകലുഷിതമായിരിക്കും. പ്രകൃതിയുടെ പൊടുന്നനെയുള്ള മാറ്റങ്ങള്‍ പെട്ടെന്ന് ബാധിക്കുന്ന പ്രദേശമാണിത്. ജീവിതമിവിടെ അവസാനിച്ചു എന്നുതോന്നിയ സന്ദര്‍ഭങ്ങളും കുറവല്ലെന്ന് ഇവര്‍ പറയുന്നു. ബോധ് ജോര്‍ജിക്ക് പക്ഷേ ചുറ്റും ശിരസ്സുയര്‍ത്തി നില്ക്കുന്ന ഓരോ പര്‍വ്വതങ്ങളേയും അടുത്തറിയാം. അതുപോലെത്തന്നെ കാലാവസ്ഥയിലെ മാറ്റങ്ങളും മുന്‍കൂട്ടി അറിയുവാന്‍ കഴിയും.
യഥാര്‍ത്ഥത്തില്‍ ഉപജീവനത്തിനായി പ്രതിബന്ധങ്ങളേയും പ്രതിസന്ധിഘട്ടങ്ങളേയും കൂസാതെ ചാച്ചാ-ചാച്ചിമാര്‍ വിപധിധൈര്യത്തോടെ വന്നെത്തുകയാവണം. പക്ഷേ നിറഞ്ഞ പ്രതിക്ഷയോടെ ആതിഥേയത്വത്തിന്റെ മഹത്വം തിരിച്ചറിയുന്ന വ്യക്തിത്വങ്ങളായി ഇവര്‍ അചഞ്ചലമായ മനസ്സോടെ, ഹൃദ്യമായ ചിരിയോടെ നമ്മെ എതിരേല്ക്കുന്നു.
വല്ലപ്പോഴുംവരുന്ന യാത്രികരും, നിത്യേന കാസയിലേക്കും മണാലിയിലേക്കും പോകുന്ന രണ്ട് ലൈന്‍ബസ്സു കളും-ഇതാണ് പ്രതീക്ഷിക്കാവുന്ന വരുമാനം. വല്ലാത്തൊരു ഹൃദയബന്ധം യാത്രക്കാരുമായി ഇവര്‍ക്ക് സ്ഥാപിക്കുവാന്‍ കഴിയുന്നു. ചന്ദ്രധാബ, ചാച്ചാ -ചാച്ചിയായി വിശ്രുതമാകുന്നത് അങ്ങനെയാണ്.
ഇവരുടെ സേവനം ഹിമാചല്‍ സര്‍ക്കാര്‍ കാണാതിരുന്നില്ല. ധീരതയ്ക്കുള്ള ലഗാഡ് ഫ്രേ ഫിലിപ്പ് ബ്രേവറി അവാര്‍ഡ് നല്കി ഇവര്‍ ആദരിക്കപ്പെട്ടു. മനുഷ്യസേവനത്തിനുള്ള ഒരംഗീകാരം കൂടിയാകാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: