Categories: ArticleVaradyam

നാരീശക്തിയും രാഷ്‌ട്ര നവനിര്‍മാണവും

Published by

ഡോ.വി. സുജാത

പുരുഷന്‍ കൂടെയില്ലാതെ വഴികളിലൂടെ സര്‍വാലങ്കാരങ്ങളോടെയും നിര്‍ഭയയായും സ്വതന്ത്രയായും സ്ത്രീക്ക് സഞ്ചരിക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഏറ്റവും സുരക്ഷിതമായ ഭരണക്രമം.
-മഹാഭാരതം ശാന്തിപര്‍വം 

ഭാരതീയര്‍ക്ക് പൈതൃകമായിട്ടുള്ള ആത്മീയ സംസ്‌കാരത്തില്‍ ജീവികളുടെയെല്ലാം അടിസ്ഥാന തത്വം ഒന്നുതന്നെയാണ്. ലിംഗഭേദം വ്യക്തിയുടെ ബാഹ്യവിശേഷം മാത്രമാകുന്നു. വേദകാലത്ത് സ്ത്രീകളെ ആരും അടിച്ചമര്‍ത്തിയിരുന്നില്ല. (പില്‍ക്കാലത്ത് വേദപഠനത്തില്‍ നിന്ന് സ്ത്രീകളെ ചില സ്വാര്‍ത്ഥമതികള്‍ വിലക്കിയിരുന്നത് വിസ്മരിക്കുന്നില്ല) ”ഋഗ്വേദം സാമൂഹ്യവും മതപരവുമായ രംഗങ്ങളില്‍ സ്ത്രീക്കും പുരുഷനുമുള്ള സമത്വത്തിന്റെ ചിത്രം വരച്ചുകാട്ടുന്നുണ്ട്. ജ്ഞാനത്തിന്റെയും മൂല്യങ്ങളുടെയും അന്വേഷണത്തിലും, അനുഷ്ഠാന കാര്യങ്ങളിലും പ്രാര്‍ത്ഥനാ ഗീതങ്ങളുടെ രചനയിലും മാത്രമല്ല, കൂടുതല്‍ കര്‍ക്കശമായ യുദ്ധത്തിന്റെയും രാജ്യതന്ത്രത്തിന്റെയും രംഗങ്ങളിലും വേദകാലത്തെ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം വര്‍ത്തിച്ചിട്ടുണ്ട്” എന്നാണ് സ്വാമി രംഗനാഥാനന്ദ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

പാശ്ചാത്യ-സെമിറ്റിക് മതവിശ്വാസമനുസരിച്ച് ദൈവം സ്വന്തം പ്രതിച്ഛായയില്‍ പു
രുഷനെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. ഭാരതീയ സംസ്‌കാരത്തിലാകട്ടെ, പുരുഷന്‍ സ്ത്രീയെ കൂടാതെ പൂര്‍ണ്ണനാകുന്നില്ല. വൈദിക വിധി പ്രകാരം യാഗം പൂര്‍ണ്ണമാകണമെങ്കില്‍ യജമാനന്‍ ഭാര്യാസമേതനായി യജിക്കണമെന്നുണ്ടല്ലോ. ഭാരതത്തില്‍ സ്ത്രീകള്‍ക്ക് വളരെയധികം മഹത്വം കല്‍പ്പിക്കുന്നുണ്ടെന്നും, അത് മാതൃത്വത്തിന്റേതാണെന്നും വില്‍ഡ്യുറന്റിനെപ്പോലുള്ള പാശ്ചാത്യ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

ഭാരതീയര്‍ക്ക് പരാശക്തിയുടെ പ്രതീകങ്ങളാണ് രാഷ്‌ട്രവും സ്ത്രീയും. ഭാരതീയ പൈതൃകത്തില്‍ പുരുഷന്‍ പ്രജ്ഞയുടെയും സ്ത്രീ ശക്തിയുടെയും  പ്രതീകങ്ങളായി പരിഗണിക്കപ്പെടുന്നു. അതിനാല്‍ ഭാരതം നാരീശക്തിയുടെ നാടാകുന്നു. ഈ പൈതൃകത്തില്‍ നിന്ന് അകലുമ്പോഴാണ് സ്ത്രീ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്. ഇതിനാലാണ് നവോത്ഥാന നായകന്മാരായ എഴുത്തച്ഛന്‍, കുമാരനാശാന്‍ തുടങ്ങിയവര്‍ ഭാരതീയമായ പൈതൃകത്തോടു ചേര്‍ത്തുപിടിച്ച് സ്ത്രീയുടെ മുഖ്യധാരാ പ്രവേശം എന്ന കാതലായ പ്രശ്‌നം ഉന്നയിച്ചത്.

സാധാരണയായി ഭൂമിയും ജനങ്ങളും ഉള്‍പ്പെടുന്നതാണല്ലോ ഒരു രാഷ്‌ട്രം. എന്നാല്‍ സ്വാമി വിവേകാനന്ദന്റെ ശിഷ്യ ഭഗിനി നിവേദിത ചൂണ്ടിക്കാട്ടിയതുപോലെ ഭാരതം എന്ന രാഷ്‌ട്രം ഭൂമിയും ജനതയും ധര്‍മവും ഉള്‍പ്പെട്ടതാണ്. നന്മതിന്മകളെക്കുറിച്ചുള്ള വിവേചനമാണല്ലോ ധാര്‍മികതയുടെ അടിസ്ഥാനം. ഉയര്‍ന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിജീവിതം, കുടുംബ ജീവിതം, സാമൂഹിക ജീവിതം എന്നിവ ഗുണപ്രദമായ രീതിയില്‍ ചിട്ടപ്പെടുത്താന്‍ ഉതകുന്ന മനുഷ്യന്റെ സഹജശേഷിയാണിത്. ഈ സവിശേഷ ഗുണത്തെ ഉപയോഗപ്പെടുത്താതെ ഒരു മനുഷ്യനും പുരോഗമനത്തിന്റെ പാതയില്‍ സഞ്ചരിക്കാനാവില്ല. സത്യാന്വേഷികളായിരുന്ന ഋഷിമാരുടെ സംഭാവനയായ വേദരഹസ്യവും, സ്മൃതി-പുരാണങ്ങളിലൂടെ വെളിവാക്കപ്പെട്ടിട്ടുള്ള ധര്‍മ്മവിചാരവും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഭാരതീയ മഹിളകള്‍ക്ക് ലോകനിലവാരത്തിലേക്ക് ഉയര്‍ന്നുവരാന്‍ കഴിയും. മാര്‍ഗ്ഗതടസ്സങ്ങള്‍ തട്ടിനീക്കണമെന്നു മാത്രം. ഇപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും വിലയിരുത്തുന്നതിനും, സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും, അവരെ കര്‍തൃത്വ പദവിയിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിട്ട് രാജ്യത്ത് നിരവധി ശ്രമങ്ങള്‍ ദേശീയമായും പ്രാദേശിക തലങ്ങളിലും നടന്നുവരുന്നുണ്ട്.

സ്ത്രീശാക്തീകരണവും പങ്കാളിത്തവും

സ്വന്തം കുടുംബാംഗങ്ങളുടെ ക്ഷേമം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ രാഷ്‌ട്രത്തിന്റെ ആദര്‍ശം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. താന്‍ പരിപാലിക്കുന്ന കുടുംബം സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും മാനവരാശിയുടെതന്നെയും ആധാരമായിട്ടുള്ള ഘടകമാണെന്ന വസ്തുത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിയണമെങ്കില്‍ സ്ത്രീകള്‍ സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ സജീവമാകണം. ലക്ഷ്യബോധം എത്ര വിശാലമാകുന്നുവോ അത്രത്തോളം മനസ്സും വലുതാവും. മനുഷ്യ മനസ്സിന്റെ യഥാര്‍ത്ഥ വളര്‍ച്ചയെന്നത് ബാഹ്യവിഷയങ്ങളെ കുത്തിനിറയ്‌ക്കലോ സര്‍ഗ്ഗശേഷിയുടെ ആധിക്യമോ ഓര്‍മശക്തിയുടെ പ്രഭാവമോ ഒന്നുമല്ല. ഇവയൊക്കെ സ്വാര്‍ത്ഥരിലും അധര്‍മ്മികളിലും സുലഭമായിത്തന്നെ കണ്ടെന്നിരിക്കും. വിശാലമായ ലക്ഷ്യബോധമാണ് മനസ്സിനെ വലുതാക്കുന്നത്. വിശാലമനസ്‌കര്‍ക്ക് വിജ്ഞാനവും സര്‍ഗ്ഗശേഷിയും ഓര്‍മശക്തിയുമൊക്കെ മുതല്‍ക്കൂട്ടായി മാറുന്നു. ഇപ്രകാരമുള്ള മനസ്സിന്റെ ഉടമകളാകുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് രാഷ്‌ട്ര നവനിര്‍മാണത്തില്‍ മഹത്തായ പങ്കുവഹിക്കാന്‍ കഴിയുക. ചരിത്രം സൃഷ്ടിക്കപ്പെടുന്നത് ഒരു ജനതയുടെ പങ്കാളിത്തത്തോടെയാണെങ്കിലും അതില്‍ വിധിനിര്‍ണായകമായ പങ്ക് വ്യക്തികള്‍ക്കുണ്ട്. അതിനാല്‍ ജനലക്ഷങ്ങളെ സംസ്‌കാരത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിച്ച് രാഷ്‌ട്രത്തിന്റെ നവനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ വിശാലമനസ്‌കരും ദീര്‍ഘദൃഷ്ടിയുമുള്ള വ്യക്തികള്‍ നായക സ്ഥാനത്തേക്കു വരേണ്ടതുണ്ട്.  സ്വാര്‍ത്ഥചിന്ത കുമിഞ്ഞുകൂടിയ മനസ്സുകള്‍ സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ നായകത്വം വഹിക്കുന്നതാണ് കാലങ്ങളായി കേരള സമൂഹത്തിന്റെ ദുരവസ്ഥ. ഇടുങ്ങിയ മനസ്സുകളുടെ കഴിവുകള്‍ പോലും കഴിവുകേടിനെക്കാള്‍ ദോഷം ചെയ്യും.

ഭാരതത്തില്‍ സ്ത്രീകള്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നത് താരതമ്യേന കുറവാണ്. അവര്‍ രാഷ്‌ട്രപുരോഗതിയില്‍ ഒരുതരത്തിലും ഭാഗഭാക്കാകുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. സ്വന്തം മക്കളെ ആരോഗ്യവും സംസ്‌കാരവുമുള്ള പൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ അമ്മമാര്‍ക്ക് വലിയ പങ്കാണുള്ളത്. സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ഒരു പക്ഷിക്ക് ഒറ്റച്ചിറകില്‍ പറന്നുയരാന്‍ സാധ്യമല്ല. സ്ത്രീ

സമൂഹത്തെ അവഗണിച്ചുകൊണ്ട് ഒരു രാഷ്‌ട്രത്തിനും പുരോഗതി കൈവരിക്കാനാവില്ല.
”സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീകളെ കരുത്തുറ്റവരാക്കലല്ല, കാരണം അവര്‍ ഇപ്പോള്‍ തന്നെ കരുത്തരാണ്. ഈ കരുത്തിനെ ലോകം നോക്കിക്കാണുന്ന രീതിക്കാണ് മാറ്റം വരേണ്ടത്”  എന്ന കാഴ്ചപ്പാടാണ് പരമ്പരാഗത ചിന്താഗതികള്‍ കയ്യൊഴിഞ്ഞ പല പാശ്ചാത്യ ഫെമിനിസ്റ്റുകള്‍ക്കും ഇപ്പോഴുള്ളത്. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ‘സ്ത്രീ ശക്തീകരണം’ എന്ന പ്രയോഗം അനുചിതമാണെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. കാരണം സ്ത്രീകള്‍ ശക്തരാണ്. അവര്‍ക്ക് കൂടുതല്‍ പങ്കാളിത്തമൊരുക്കുന്നതിനെയാണ് ‘സ്ത്രീശക്തീകരണം’ എന്നതുകൊണ്ടു വിവക്ഷിക്കുന്നത്.

സ്ത്രീകള്‍ക്ക് സാമൂഹിക രംഗത്തു പ്രവേശിക്കാന്‍ ഇപ്പോഴും അനേകം തടസ്സങ്ങളുണ്ട്. പുരോഗതിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ആദ്യം അവ എന്തൊക്കെയാണെന്നു മനസ്സിലാക്കണം. പിന്നീട് അവയ്‌ക്കുള്ള പരിഹാരം കണ്ടെത്തി പ്രയോഗത്തില്‍ വരുത്തണം. നരേന്ദ്രമോദി സര്‍ക്കാരാവട്ടെ 2014 ല്‍ ഭരണം തുടങ്ങിയപ്പോള്‍ മുതല്‍ ഇത്തരം പരിഹാര നടപടികള്‍ ആരംഭിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളിലേക്കും നിയമഭേദഗതികളിലേക്കും, നടപ്പാക്കിയ പദ്ധതികളിലേക്കും ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി.

ഒരു രാഷ്‌ട്രത്തിന്റെ ഭൗതികാഭിവൃദ്ധിയിലും സംസ്‌കാരത്തിലും സ്ത്രീയുടെ പങ്ക് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകള്‍ കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ജനസംഖ്യയില്‍ പകുതിയിലേറെ വരുന്നവരാകയാല്‍ സ്ത്രീകളെ മാറ്റിനിര്‍ത്തി രാഷ്‌ട്രനിര്‍മാണം പൂര്‍ണ്ണമാക്കാനാവില്ല. രാഷ്‌ട്രനിര്‍മിതിക്കായി സ്ത്രീകളെ മുന്‍നിരയിലേക്ക് ആനയിക്കണമെങ്കില്‍ ആദ്യം അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ടെന്ന് മോദി സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയിരുന്നു.

സ്ത്രീ മുന്നേറ്റത്തിന്റെ വര്‍ത്തമാനം

2022-23 ല്‍ ഭാരതം ജി-20 അധ്യക്ഷപദവി ഏറ്റെടുത്തപ്പോള്‍ സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഡബ്ല്യു-20 (women-20) എന്ന ഔദ്യോഗിക കൂട്ടായ്മയ്‌ക്ക് രൂപം നല്‍കി.  ‘വികസനം സ്ത്രീകളിലൂടെ’ എന്ന കാഴ്‌ച്ചപ്പാട് ആഗോള തലത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.
സ്ത്രീശാക്തീകരണ വിഷയത്തില്‍ ഡബ്ല്യു-20 കൂട്ടായ്മയിലൂടെ ജി-20 പലവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇക്കാര്യത്തില്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ഇവയാണ്.

ഒന്ന്: സമൂഹത്തില്‍ മാറ്റം വരുത്താന്‍ ശേഷിയുള്ള സ്ത്രീകളെ വാര്‍ത്തെടുക്കുക.

രണ്ട്: വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം, ഡിജിറ്റല്‍ എന്നീ മേഖലകളിലെ സ്ത്രീപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക.

മൂന്ന്: കൂടുതല്‍ സ്ത്രീ  സംരംഭകരെ സൃഷ്ടിക്കുക.

നാല്: ഗ്രാമീണരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമ പഞ്ചായത്തുകളുടെ തലത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീനേതൃത്വം സാധ്യമാക്കുക എന്നിവയാണിത്. സ്വയം ഉയരാനും നേതൃത്വമേറ്റെടുത്ത് മറ്റുള്ളവരെ ഉയര്‍ത്താനും സ്ത്രീക്ക് അവസരം നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. ഈ വിഷയം ഉയര്‍ത്തിക്കാട്ടിയതിനാല്‍ ഭാരതത്തിന്റെ അധ്യക്ഷ പദവി ജി-20 യുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി.

സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ അനേകം കര്‍മപദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ വിദ്യാഭ്യാസം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയില്ലാത്തവരും, ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ടവരുമായി ജീവിക്കാനിടവരുന്നു. ഇതിനൊരു മാറ്റം വരുത്താനാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി മുതലായ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. സാമ്പത്തിക വിഭവങ്ങള്‍ സ്ത്രീകള്‍ക്ക് നേരിട്ടു ലഭ്യമാക്കാനും, അവരുടെ സാമൂഹിക പദവി ഉയര്‍ത്താനും അനേകം പദ്ധതികള്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. റേഷന്‍ കാര്‍ഡുകളില്‍ കുടുംബനാഥയുടെ സ്ഥാനത്ത് സ്ത്രീകള്‍ വരണമെന്നത് നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി ആവാസ് യോജന വഴി ലഭിക്കുന്ന വീടുകളുടെ ഉടമസ്ഥാവകാശവും സ്ത്രീകള്‍ക്കു നല്‍കി. ‘ഉജ്ജ്വല യോജന’യില്‍ പാചക വാതക കണക്ഷനും സ്ത്രീകള്‍ക്കാണല്ലോ ലഭിക്കുക.

തൊഴില്‍, വികസനം എന്നീ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നത് സ്ത്രീ ശാക്തീകരണത്തില്‍ ഭാരത സര്‍ക്കാര്‍ കൈവരിച്ച മഹത്തായ നേട്ടമാണ്. വിവിധ പദ്ധതികളിലൂടെ വനിതാ സ്വാശ്രയ സംഘങ്ങളുടെ എണ്ണത്തില്‍ കൈവരിച്ച അഭൂതപൂ
ര്‍വ്വമായ വര്‍ദ്ധനവും, ചെറുകിട വ്യവസായങ്ങള്‍ക്ക് 10 ലക്ഷം രൂപവരെ ജാമ്യമില്ലാ വായ്പ അനുവദിക്കുന്ന മുദ്രയോജനയുടെ 70 ശതമാനത്തില്‍പരം ഗുണഭോക്താക്കള്‍ സ്ത്രീകളായതും സ്ത്രീ മുന്നേറ്റത്തിന്റെ ശക്തമായ ചുവടുവയ്‌പ്പുകളാണ്. തൊഴില്‍ നൈപുണ്യ പരിശീലനം നേടുന്ന സ്ത്രീകള്‍ വിവിധ ജോലികളില്‍ പ്രവേശിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വളരെയധികം വര്‍ധിക്കും. സ്ത്രീയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയുള്ള ഇത്തരം പ്രയത്‌നത്തിലൂടെ വനിതകളോടൊപ്പം അവരുടെ കുടുംബങ്ങളും സമൂഹവും രാഷ്‌ട്രവും ശാക്തീകരിക്കപ്പെടുകയാണ്. ഇപ്രകാരം മുന്നേറുന്ന ഭാരതത്തിന് ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ നിന്ന് ‘മേക്ക് ഫോര്‍ ദ വേള്‍ഡ്’ എന്നതിലേക്ക് എളുപ്പത്തില്‍ മാറാനാവും.

രാഷ്‌ട്രഭാവനയും കുടുംബ ഭദ്രതയും

സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം തുല്യമാക്കാനുള്ള നിയമനിര്‍മാണത്തിന്റെ പാതയിലാണ് മോദി സര്‍ക്കാര്‍. ഇതുവഴി സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നേടാനും വ്യക്തിവികാസത്തിനും അവസരം ലഭിക്കും. ജനനം, ബാല്യകാലം, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യസേവനം, സംരംഭകത്വം, കുടുംബം എന്നിങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീക്ക് താങ്ങും തണലുമാകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്ര ഭാരതത്തിന്റെ ഏഴ് പതിറ്റാണ്ടിനിടെ മറ്റൊരു ഭരണകൂടവും സ്ത്രീ സമൂഹത്തിനുവേണ്ടി ഇത്രയേറെ കാര്യങ്ങള്‍ ചെയ്തിട്ടില്ല. സ്ത്രീ കേന്ദ്രീകൃതമായിട്ടുള്ള ആരോഗ്യ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് യോജനയുടെ സേവനങ്ങള്‍ കൂടുതലും സ്ത്രീകളാണ് ഉപയോഗപ്പെടുത്തുന്നത്.

മുത്തലാഖ് നിര്‍ത്തലാക്കിയത് ഐതിഹാസികമായ തീരുമാനം തന്നെയാണ്. ഇത് സ്ത്രീ സമൂഹത്തിന്റെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ കുറിക്കപ്പെടേണ്ട ഒന്നാണ്. പൗര
ത്വ നിയമങ്ങളുടെ ഏകീകരണം ലക്ഷ്യംവയ്‌ക്കുന്ന പൊതു സിവില്‍ കോഡ് ലിംഗസമത്വം ഉറപ്പാക്കുന്നതിന് അത്യാവശ്യമാണ്. കാരണം നിലവിലെ വ്യക്തി നിയമങ്ങളില്‍ സ്ത്രീവിരുദ്ധതയുടെ അംശങ്ങള്‍ നിരവധിയുണ്ട്.

മാതൃത്വത്തെ വിറ്റു കാശാക്കാന്‍ ഭാരതത്തിലെ ദരിദ്രരായ സ്ത്രീകളെ വിദേശികള്‍ പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന വാടക ഗര്‍ഭപാത്രക്കമ്പോളവും താഴിട്ടുപൂട്ടിയിരിക്കുന്നു. 2021 ലെ വാടക ഗര്‍ഭധാരണ (നിയന്ത്രണ) നിയമം ഭാരത വംശജരായ ദമ്പതികള്‍ക്ക് മാത്രമാക്കി. അതും ധാര്‍മികവും അനിവാര്യവുമായ സാഹചര്യത്തില്‍ മാത്രം.

പുരുഷാധിപത്യ മേഖലകളായി കരുതപ്പെട്ടുപോരുന്ന സായുധ സേനകളില്‍ സ്ത്രീസാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിലും ഭാരതം മുന്നേറിക്കൊണ്ടിരിക്കുന്നു. കേന്ദ്ര മന്ത്രിസഭയില്‍ വനിതാ മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിച്ച് അവരില്‍ ചിലര്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കുക വഴി അവരുടെ കഴിവും സാമര്‍ത്ഥ്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ വന്‍ വിജയമാണ് കൈവരിച്ചത്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം നല്‍കാനുള്ള ചരിത്രപരമായ നിയനിര്‍മാണത്തിനും തുടക്കം കുറിച്ചിരിക്കുന്നു.
പ്രപഞ്ചത്തെ മുഴുവന്‍ ഒന്നായി ദര്‍ശിക്കുന്ന സനാതന ധര്‍മവും, മാനവ സമുദായത്തെ വിരുദ്ധ തട്ടുകളിലാക്കി പരസ്പര വിദ്വേഷം ജനിപ്പിക്കുന്ന ഭൗതികവാദ പ്രത്യയശാസ്ത്രങ്ങളും തമ്മില്‍ ഒരു താരതമ്യവുമില്ല. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പേരില്‍ മുതലാളിത്തം സ്ത്രീകളെ കമ്പോളച്ചരക്കാക്കുമ്പോള്‍, കമ്യൂണിസം അവരെ അപമാനവീകരിക്കുന്നു. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയുമൊക്കെ ചരിത്രം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സനാതന ധര്‍മത്തെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്തിട്ടുള്ള കുടുംബ ഭദ്രത ഭാരതത്തിന്റെ പ്രത്യേകതയാണ്. ഇതില്‍ പ്രധാന പങ്കാളി സ്ത്രീതന്നെയാണ്. സമൂഹത്തെയും രാഷ്‌ട്രത്തെയും ഉള്‍ക്കൊണ്ടുതന്നെ കുടുംബ ഭദ്രതക്ക് കോട്ടംതട്ടാതെ സൂക്ഷിക്കാനും സ്ത്രീകള്‍ക്ക് കഴിയണം.

(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ മേധാവിയാണ് ലേഖിക)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by