ടെന്നിസ് ഇതിഹാസം ബില്ലിജീന്‍ കിങ് ഒരിക്കല്‍ പറഞ്ഞു ‘ചാംപ്യന്മാര്ക്ക് എപ്പോഴും മാനസിക സംഘര്‍ഷമാണ്. ആരാധകര്‍ തങ്ങളില്‍ അര്‍പിച്ചിരിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ കഴിയുമോ, അഥവാ അവരുടെ പ്രതീക്ഷയ്ക്കൊത്തുയരുവാന്‍ സാധിക്കുമോ എന്ന ചിന്ത അവരെ അലട്ടും.’
എന്നാല്‍ നീരജ് ചോപ്ര ഇതില്‍ നിന്നു വ്യത്യസ്തനാണ്. ഒളിംപിക് ചാംപ്യന്‍ മാത്രമല്ല, ലോക ചാംപ്യനുമാണ് നീരജ്. അഭിനവ് ബിന്ദ്രയ്ക്കു ശേഷം ഈ രണ്ടു നേട്ടങ്ങളും സാധ്യമാക്കിയ ഇന്ത്യക്കാരന്. ഇന്നലെ അദ്ദേഹം ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഹാങ്ചോ ഏഷ്യന്‍ ഗെയിംസിനെക്കുറിച്ചു മാത്രമല്ല പാരിസ് ഒളിംപിക്സിനെക്കുറിച്ചും സംസാരിച്ചു. ഇവിടെയും ഒളിംപിക്സിലും അദ്ദേഹം നിലവിലെ ചാംപ്യനാണ്. അതിന്റേതായ സംഘര്‍ഷങ്ങളൊന്നും നീരജില്‍ ഇല്ല.
ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി. നിശ്ചയദാര്‍ഢ്യം പ്രകടമായ ചുവടുകള്‍. പരുക്കില്‍ നിന്നു മോചിതനായി, ഫോം വീണ്ടെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം.
ചൈനയിലെ പത്രങ്ങളും ഏഷ്യന്‍ ഗെയിംസ് ടാബ്ളോയിഡും അവതരിപ്പിച്ച ഏക ഇന്ത്യന്‍ താരം. ഇന്നലെ രാവിലെ പതിനൊന്നിനു നീരജ് ഇന്ത്യന്‍ മാധ്യമ സംഘത്തെ കാണുമെന്ന് പ്രസ്സ് അറ്റാഷെ അറിയിച്ചതോടെ വിവിധ വേദികളില്‍ ആയിരുന്നവരെല്ലാം പാഞ്ഞെത്തി. അത്രയാണ് നീരജിന്റെ താരമൂല്യം.
നീരജിന്റെ പരിശീലകന് ക്ലോസ് മാധ്യമ ശ്രദ്ധ മുഴുവന്‍ നീരജില്‍ വരുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ‘ഹീ ഈസ് പ്ലെയിങ് ദ് ഗെയിം’ ചോദ്യങ്ങളില്‍ നിന്ന് ക്ലോസ് കഴിവതും ഒഴിഞ്ഞുമാറി. നീരജ് സൂപ്പര്‍ താരവും ശേഷിച്ചവര്‍ താരങ്ങളും എന്നതാണു സ്ഥിതി. പക്ഷേ, നീരജ് വിനയം കൈവിടാതെ സംസാരിക്കുന്നു.
ടെന്നിസ് മിക്സ്ഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ രോഹന് ബൊപ്പണ്ണയ്ക്കു പ്രായം 43. ജക്കാര്‍ത്തയില്‍ ബൊപ്പണ്ണ ഡബിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു. ഇനിയൊരു ഏഷ്യന്‍ ഗെയിംസിനുകൂടി ബാല്യം ബാക്കിയില്ലെന്നു സൂചിപ്പിച്ച ബൊപ്പണ്ണ വിജയത്തില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം അത്ലറ്റിക് വില്ലേജില്‍ താന്‍ എല്ലാവരോടും ക്ഷേമാന്വേഷണമൊക്കെ നടത്തി, ആഘോഷിച്ചു നടക്കുകയാണെന്ന് പറഞ്ഞു.
ആര്‍ക്കും എന്തു സഹായവും ചെയ്യുന്ന രോഹന് ബൊപ്പണ്ണ ഭൂമിയോളം താഴ്മയുള്ളവനാണെന്ന് കോച്ച് ശീഷന്‍ അലി പറഞ്ഞു. ടെന്നിസില്‍ മൂന്നു സ്വര്‍ണമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് അലി പറഞ്ഞു.
അത്ലറ്റിക് വില്ലേജ് എല്ലായിടത്തും ഉണ്ടാകാറുണ്ട്. പക്ഷേ, ടെക്നിക്കല്‍ ഒഫിഷ്യല്‍സിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൂടി വില്ലേജ് ഒരുക്കി ചൈന പുതിയ തുടക്കം കുറിച്ചു. ഹോട്ടലില്‍ താമസിച്ച റിപ്പോര്ട്ടര്മാരില് പലരും കഴിഞ്ഞ ദിവസങ്ങളില്‍ വില്ലേജിലേക്കു മാറി. ദേശീയ ദിനവും മിഡ് ഓട്ടം ഫെസ്റ്റിവലും പ്രമാണിച്ച് ഹോട്ടലുകാര്‍ റൂം വാടക ഇരട്ടിയാക്കിയത്രെ.
ചൈനയിലെ മാധ്യമ പ്രവര്‍ത്തകരില്‍ പലരും മീഡിയ വില്ലേജില്‍ ആണു താമസം. ചോദിച്ചപ്പോള്‍ യാത്രാ സൗകര്യം കണക്കിലെടുത്താണെന്നു മറുപടി. പൊതുഗതാഗതവും സ്വകാര്യ വാഹനങ്ങളും നിയന്ത്രിച്ച് ഗെയിംസ് വാഹനങ്ങളുടെ യാത്ര സുഗമമാക്കാന്‍ ചൈന തീരുമാനിച്ചുവെന്നു വേണം മനസ്സിലാക്കുവാന്‍. നമുക്ക് കണ്ടു പഠിക്കാവുന്ന മാതൃക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: