‘ജയിലോ? എനിക്കതൊന്നും പുത്തരിയല്ല. അടിയന്തിരാവസ്ഥയില്‍ ജയിലില്‍ കിടന്നവനാണ് ഞാന്‍’ കരുവന്നൂര്‍ സഹകരണ ബാങ്ക് തിരിമറി കേസില്‍ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിച്ചപ്പോള്‍ എം.കെ.കണ്ണന് പറഞ്ഞതാണിത്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായി. കണ്ണന് പത്തറുപത് വയസ്സുകാണും. 48 വര്‍ഷം മുന്‍പാണ് അടിയന്തിരാവസ്ഥ. അന്ന് 12 വയസ്സുള്ള കണ്ണന് ജയിലിലോ? എന്നാണ് ചോദ്യം. ജയിലിലെ ദുര്‍ഗുണപരിഹാര സെല്ലിലായിരിക്കുമെന്നാശ്വാസം.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആര്.അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മ ചന്ദ്രമതിയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തല്‍. പെരിങ്ങണ്ടൂര്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ 63.56 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഇതിന്റെ നോമിനി ‘മകന് ശ്രീജിത്ത്’ ആണ്. എന്നാല്‍, ചന്ദ്രമതിക്ക് ഇങ്ങനെയൊരു മകനില്ല. ഒന്നാം പ്രതി സതീഷിന്റെ സഹോദരന്റെ പേരാണ് ശ്രീജിത്ത്. 1600 രൂപ ക്ഷേമ പെന്ഷന് മാത്രമാണ് ചന്ദ്രമതിയുടെ വരുമാനം
അരവിന്ദാക്ഷന്റെ ഭാര്യ ഷീല 85 ലക്ഷം രൂപയുടെ ബിസിനസ് ഇടപാട് അജിത്ത് മേനോന് എന്ന എന്‍ആര്‍ഐയുമായി നടത്തി. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പറ്റിയിട്ടില്ല. ജില്‍സ് ഭാര്യ ശ്രീലതയുടെ പേരില്‍ ആറ് വസ്തുവകകളുടെ ഡീല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം അക്കൗണ്ട് വഴിയാണ് സാമ്പത്തിക ഇടപാടെന്ന് വ്യക്തമാക്കിയിട്ടല്ലെന്നും ഇ ഡി അന്വേഷണ ഉദ്യോഗസ്ഥനായ അസി. ഡയറക്ടര്‍ എസ്.ജി. കവിത്കര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നതിനാല്‍ റിമാന്‍ഡ് തുടരണമെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞു. ഇതോടെ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍അക്കൗണ്ടന്റ് ജില്‍സിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ ജയിലിലേക്ക് മാറ്റി.
ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ ഇന്നലെ ഇ ഡി ഓഫീസിലേക്ക് കടന്നുചെല്ലുന്ന എം.കെ.കണ്ണനെ ടി.വി. ചാനലുകളില്‍ കണ്ടതാണ്. മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി പിന്തുണ ഉറപ്പാക്കിയതിന്റെ അഹങ്കാരത്തോടെ തന്നെ ‘ഞാനെന്താ പാര്‍ട്ടിയല്ലെ’ എന്ന ചോദ്യവും.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളില്ല എന്നാണ് എം.കെ. കണ്ണന്റെ നിലപാട്. ഇ ഡി അന്വേഷണം മുറുകുന്നതിനിടെ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കുന്നതിനു കൂടിയാണ് കണ്ണന് മുഖ്യമന്ത്രിയെ കണ്ടത്.
കണ്ണനെതിരെ ഗുരുതര ആരോപണവുമായി വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി വി.ബി. സിജിലും രംഗത്തെത്തി. ദേശസാത്കൃത ബാങ്കില്‍നിന്നു കേരള ബാങ്കിലേക്കു വായ്പ ടേക്ക് ഓവര്‍ ചെയ്യിച്ചതിനു കമ്മിഷന് ആയി മൂന്നരലക്ഷം രൂപ തന്റെ കയ്യില്‍നിന്നു കണ്ണന് തട്ടിയെടുത്തെന്നാണു സിജിലിന്റെ പരാതി. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറാണു കണ്ണനുവേണ്ടി തന്റെ കയ്യില്‍നിന്നു പണം കൈപ്പറ്റിയതെന്നും സിജില്‍ പറയുന്നു.
ദേശസാത്കൃത ബാങ്കില്‍ ഭൂമി പണയംവച്ചു താനെടുത്ത വായ്പ 17 ലക്ഷം രൂപയുടെ കുടിശികയായി മാറിയിരുന്നു. 5% കമ്മിഷന് കണ്ണന് ആവശ്യപ്പെട്ടു. ഇടപാട് ഉറപ്പിച്ചതോടെ 17 ലക്ഷം തന്റെ പേരില്‍ ബാങ്കിലടച്ചു സതീഷ് കുമാര്‍ ആധാരങ്ങള്‍ കൈപ്പറ്റി. ഈ ആധാരം കേരള ബാങ്കില്‍ പണയംവച്ച് 70 ലക്ഷം രൂപയുടെ വായ്പ പാസാക്കി. കണ്ണന്റെ സ്വാധീനമുപയോഗിച്ചു നടപടികള്‍ വേഗത്തിലാക്കിയെന്നും സിജില്‍ പറഞ്ഞു. എന്നാല്‍, സിജിലിന്റെ വായ്പയെപ്പറ്റി അറിയില്ലെന്നാണു കണ്ണന്റെ പ്രതികരണം.
കരുവന്നൂര്‍ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡിക്കു മുന്നില്‍ ഹാജരാകുന്നതിനായി എത്തിയപ്പോഴാണ് കണ്ണന്റെ പ്രതികരണം. താന്‍ പാര്‍ട്ടിക്കാരനാണെന്നും, പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി കണ്ടതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എം.കെ.കണ്ണന്റെ മറുപടി ഇങ്ങനെ: ‘മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? മുഖ്യമന്ത്രിയെ കാണുന്നതും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല.’ പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘പാര്‍ട്ടിക്കാരനല്ലേ ഞാന്‍? പിന്നെ എന്തിനാണ് പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’
കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഏഴു മണിക്കൂറാണ്, ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തത്. അതിനിടെ, കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണമെത്തിക്കാനുള്ള ശ്രമവും സജീവമാണ്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമാഹരിച്ച 50 കോടി എത്തിക്കാനാണ് നീക്കം. രാവിലെ മുഖ്യമന്ത്രിയെ കണ്ട കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്, റിസര്‍വ് ബാങ്കിന്റെ അനുമതിക്ക് ഇടപെടല്‍ അഭ്യര്‍ഥിച്ചു.
സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാവു കൂടിയായ പി.ആര്.അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നലെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുന്നത്.
ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കണ്ണന് വിറയല്‍. ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും അസ്വസ്ഥത ഉണ്ടെന്നും പറഞ്ഞതോടെ കണ്ണനോട് പോകാന്‍ പറഞ്ഞു. പക്ഷേ, കണ്ണന് പറയുന്നത് വേറെ കഥയാണ്. ഒരു വിറയലും ഉണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഇനിയും വരുമെന്നും അറിയിക്കുകയും ചെയ്തു.
ഇതിനിടയില്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത സ്റ്റേറ്റ് സെക്രട്ടറി എം.വി.ഗോവിന്ദന്റെ അറിയിപ്പാണ് രസകരം. കക്കരുത് എന്നല്ല അദ്ദേഹം പറഞ്ഞത്. ആരെങ്കിലും കട്ടത് അറിയുന്നവര്‍ ഒറ്റുകാരാകരുത് എന്നായിരുന്നു അത്. മുഖ്യമന്ത്രി കള്ളനാണയങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കുകയായിരുന്നു. ഒരു പാത്രത്തിലുള്ള ചോറില്‍ ഒരു കറുത്ത വറ്റുകണ്ടാല്‍ അതെടുത്ത് കളയുകയല്ലെ ചെയ്യുക. അല്ലാതെ ചോറ് മുഴുവന്‍ കളയാറുണ്ടോ എന്നായിരുന്നു ചോദ്യം. ആ കറുത്ത വറ്റ് കണ്ണനാണോ അതോ അരവിന്ദാക്ഷനോ? സൂക്ഷിച്ചുനോക്കിയാല്‍ കലത്തിലെ വറ്റെല്ലാം കറുത്തതാണന്നേ കാണാന്‍ കഴിയൂ. സംഗതികളുടെ പോക്കുകണ്ടിട്ട് ഒരു സംശയം. മന്ത്രി വീണാ ജോര്‍ജ്ജ് കറുത്ത വറ്റാണോ വെളുത്തവറ്റാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: