തിരുവനന്തപുരം: തൃശൂരിലെ ധനലക്ഷ്മി ബാങ്കിന് ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം പുതിയ ചെയര്‍മാനെ കിട്ടിയിരിക്കുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരന്‍ കെ.എന്‍. മധുസൂദനനാണ് (കലഞ്ഞൂര്‍ മധു) ബാങ്കിന്റെ പുതിയ ചെയര്‍മാന്‍.
മധുവിന്റെ നിയമനത്തിന് കഴിഞ്ഞ ദിവസമാണഅ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത്.നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ കെ.എന്‍. മധുസൂദനനെ മൂന്ന് വര്‍ഷക്കാലാവധിയിലാണ് ഇടക്കാല ചെയര്‍മാനായി നിയമിതനായിരിക്കുന്നത്. മധുവിനെ ചെയര്‍മാനായി നിയമിച്ച വാര്‍ത്ത പുറത്തുവന്നയുടന്‍ ഓഹരി വിപണിയില്‍ ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില ഉയര്‍ന്നു.
1927ല്‍ 11000 രൂപ മൂലധനവും ഏഴ് ജീവനക്കാരുമായി തൃശൂരില്‍ ആരംഭിച്ച ചെറിയ ഒരു ധനകാര്യസ്ഥാപനമാണ് ഇന്ന് ഇന്ത്യയില്‍ 255 ശാഖകളുള്ള വന്‍ വൃക്ഷമായി പടര്‍ന്ന് പന്തലിച്ച ധനലക്ഷ്മി ബാങ്ക്.
കല്യാണസുന്ദരം പൊട്ടിച്ച വെടി
കഴിഞ്ഞ ഒരു വര്‍ഷമായി ധനലക്ഷ്മി ബാങ്ക് ഓഹരി കുതിക്കുകയാണ്. കൃത്യമായി ഒരു വര്‍ഷത്തെ കണക്കെടുത്താന്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്ക് ലഭിച്ച ലാഭം 140 ശതമാനമാണ്. ഒരു വര്‍ഷം വെറും 12 രൂപയായിരുന്ന ബാങ്കിന്റെ ഓഹരി ഇന്ന് 29 രൂപ 20 പൈസയാണ്. ഏകദേശം 17 രൂപയുടെ കുതിപ്പ്.
അതേ സമയം മറ്റൊരു ഭാഗത്ത് സ്വതന്ത്ര ഡയറക്ടര്‍ കല്യാണസുന്ദരം നടത്തിയ ആരോപണങ്ങളുടെ കരിനിഴല്‍ വിട്ടൊഴിഞ്ഞിട്ടില്ല. ബാങ്ക് മാനേജ്‌മെന്‍റിന്റെയും എംഡിയും സിഇഒയുമായ ശിവൻ ജെകെയുടെ അനാശാസ്യവും ക്രമക്കേടും ആരോപിച്ചാണ് ധനലക്ഷ്മി ബാങ്കിന്റെ ബോർഡിൽ നിന്ന് സ്വതന്ത്ര ഡയറക്ടർ ശ്രീധർ കല്യാണസുന്ദരം രാജിവച്ചത്.
പക്ഷെ അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അവ ഗുരുതരവുമാണ്. 2022 ഡിസംബറിൽ നിയമിതനായ ധനലക്ഷ്മി ബാങ്കിന്റെ ബോർഡിന് അയച്ച കത്തിൽ , നിരവധി വിഷയങ്ങളിൽ അദ്ദേഹം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
നിഷ്‌ക്രിയ ആസ്തി ഇല്ലാത്ത സന്ദർഭങ്ങളിൽ പോലും ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (ഒടിഎസ്) ഉപയോഗിക്കുന്നുവെന്നതാണ് ഒരു ഗുരുതര ആരോപണം. കൊൽക്കത്തയിലെ ജലാൻ ഹോട്ടൽസിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉപയോഗിച്ച് സഹായം നല്‍കി എന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധി വിസിൽ ബ്ലോവർ പരാതികളിൽ (പരാതി ഉന്നയിച്ച ആള്‍ മറഞ്ഞിരുന്ന് കമ്പനിയ്‌ക്കുള്ളിലെ ആരോപണങ്ങള്‍ പുറത്തുപറയുക. ആ സ്ഥാപനത്തിന്റെ നല്ല ഭാവി ആലോചിച്ചാണ് ഈ നടപടി) ധനലക്ഷ്മി ബാങ്ക് മാനേജ്‌മെന്‍റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കല്യാണസുന്ദരം ആരോപിക്കുന്നു.
മധുവിന്റെ ബിസിനസ് നൈപുണ്യവും യൂസഫലിയുടെ ബാങ്ക് നിക്ഷേപവും
കേരളത്തിന്റെ ഏറ്റവും വലിയ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ ചെയര്‍മാന്‍ പദവി കയ്യാളുമ്പോള്‍ കല്യാണസുന്ദരത്തിന്റെ പരാതികളുടെ വാസ്തവം കണ്ടെത്താന്‍ കലഞ്ഞൂര്‍ മധു ശ്രമിക്കുമെന്ന് കരുതുന്നു. മധുവിനെചുറ്റിപ്പറ്റിയുള്ള ആശങ്കകളും ചിലര്‍ ബാങ്കിന്റെ ഭാവിയുമായി തുലനം ചെയ്ത് നോക്കുന്നുണ്ട്. കാരണം അദ്ദേഹം കേരളത്തില്‍ ക്വാറി രാജാവായി അറിയപ്പെടുന്ന വ്യക്തിയാണ്. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍, കരിങ്കല്‍ ക്വാറി, ഗ്രാനൈറ്റ് കമ്പനി, മൈനിംഗ് ബിസിനസ്, പ്ലാന്‍റേഷന്‍ തുടങ്ങി ഒട്ടേറെ ബിസിനസുകളില്‍ വ്യാപൃതനായ ഇദ്ദേഹത്തിന്റെ ബിസിനസിന്റെ മര്‍മ്മമറിയാമെന്നത് ധനലക്ഷ്മി ബാങ്കിന് ഉപകാരപ്രദമായേക്കാം. യുസഫലി ഉള്‍പ്പെടെയുള്ള വന്‍കിട ബിസിനസുകാര്‍ ബാങ്കിന്റെ ഓഹരികളില്‍ പങ്കാളിയാണ്. ധനലക്ഷ്മി ബാങ്കിന്റെ ഏകദേശം 4.99 ശതമാനം യൂസഫലിയുടെ കൈകളിലാണ്. ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിലും യൂസഫലിയ്‌ക്ക് 4.47 ശതമാനം ഓഹരിയുണ്ട്. സ്വന്തമായി ഒരു ബാങ്ക് കൈവശം വേണമെന്ന് ഏറെ നാളായി ആഗ്രഹിയ്‌ക്കുന്ന യൂസഫലി ഭാവിയില്‍ ബാങ്കിലെ ഓഹരിനിക്ഷേപം ഉയര്‍ത്തിക്കൂടെന്നില്ല. ശക്തരായ നിക്ഷേപകര്‍ പിന്നിലുള്ളത് ബാങ്കിന് നല്ലതുമാണ്.
അതേ സമയം സിപിഎമ്മുമായുള്ള മധുവിന്റെ ബന്ധം കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണബാങ്കുകളുടെ സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തില്‍ പലരും ആശങ്കയോടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക