കോഴിക്കോട് : ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്കെതിരെ വധഭീഷണി ഉയരുന്നു. ഇസ്ലാമിനകത്തെ പഴയമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന പണ്ഡിതനാണ് മുസ്തഫ മൗലവി. ഇദ്ദേഹം മുസ്ലീം വ്യക്തിനിയമത്തിന്റെ കടുത്ത വിമര്‍ശകനുമാണ്.
സെന്‍റർ ഫോർ ഇൻക്ലൂസീവ് ഇസ്ലാം ആൻഡ് ഹ്യൂമനിസത്തിന്റെ ഉപദേശകന്‍ കൂടിയാണ് മുസ്തഫ മൗലവി. വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്തമായ ശരിയത്ത് നിയമങ്ങളെ വിമര്‍ശിക്കുന്ന പണ്ഡിതനാണ്. ഈജിപ്തിലുള്ള ശരിയത്ത് നിയമമല്ല, ടൂണിഷ്യയില്‍ ഉള്ളത്. അതല്ല ജോര്‍ദ്ദാനില്‍ ഉള്ളത്. അതുപോലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും മുസ്തഫ മൗലവി പറയുന്നു. ആ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മുസ്ലിംവ്യക്തിനിയമമല്ല, ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമം.1937ല്‍ എഴുതപ്പെട്ട ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ഖുറാന് വിരുദ്ധമാണെന്നും അതിനാല്‍ ഖുറാന്‍ നവീകരിക്കപ്പെടണമെന്നും ഖുറാന്‍ വ്യാഖ്യാതാവ് കൂടിയായ മുസ്തഫ മൗലവി വാദിയ്‌ക്കുന്നു.
സ്വന്തം മതത്തിൽ നിന്ന് തന്നെയാണ് മുസ്തഫ മൗലവിയ്‌ക്ക് വധ ഭീഷണി ഉയരുന്നത്. ഇസ്ലാമിലെ ലിംഗവിവേചനത്തെ കര്‍ശനമായി ചോദ്യം ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഈയിടെ യാഥാസ്ഥിതിക ഇസ്ലാം വക്താക്കള്‍ അദ്ദേഹത്തെ തെരുവില്‍ തടയുകയും പരസ്യമായി ചോദ്യം ചെയ്യുകയും ഉണ്ടായി.
“നേരത്തെ സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. പക്ഷെ ഇപ്പോള്‍ തെരുവിലും അവർ നേരിട്ടു വന്ന് ഭീഷണിപ്പെടുത്തുന്നു,“- മുസ്തഫ മൗലവി പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ആരും പരാതി ഗൗരവമായി എടുക്കുന്നില്ല . മരണത്തെ ഭയമില്ല.”- മുസ്തഫ മൗലവി പറയുന്നു.
സെപ്തംബർ 19, ചൊവ്വാഴ്ച, കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് ഗരീബ് രഥിൽ യാത്ര ചെയ്യവെ മുസ്തഫ മൗലവിയ്‌ക്ക് ഭീഷണി ഉണ്ടായി ശ്രീനാരായണ ഗുരു സമാധിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഭീഷണി ഉണ്ടായത്. ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് സ്വയം മൗലവിയാണെന്ന് പറയുന്നത്? എന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന സഹയാത്രികരില്‍ ഒരാള്‍ തട്ടിക്കയറുകയായിരുന്നു. ഇസ്ലാമിനെ തകർക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞും ആ യാത്രക്കാരന്‍ ബഹളം ഉണ്ടാക്കി . ചേകന്നൂരിന് എന്താണ് സംഭവിച്ചതെന്ന് അറിയാമോ എന്നും അയാൾ ചോദിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് സൈബർ പോലീസിൽ മുസ്തഫ പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താനോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ലെന്നും മുസ്തഫ മൗലവി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക