ന്യൂദല്‍ഹി: ബ്ലോക്ക് തലത്തില്‍ പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് അഭിലാഷ ബ്ലോക്ക് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ത്യയിലുടനീളമുള്ള 329 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അങ്ങേയറ്റം പിന്നാക്കം നില്ക്കുന്ന 500 ബ്ലോക്കുകളില്‍ ഭരണം മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയര്‍ത്താനുമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സങ്കല്പ് സപ്താഹ് എന്ന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് മോദി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച 10 പദ്ധതികളുടെ ഏത് പട്ടികയിലും അഭിലാഷ ജില്ലാ പദ്ധതി സുവര്‍ണ ലിപികളില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 112 ജില്ലകളിലെ 25 കോടിയിലധികം ആളുകളുടെ ജീവിതം മാറ്റിമറിച്ച പരിപാടി അവരുടെ ജീവിതനിലവാരം ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. അഭിലാഷ ജില്ലാ പദ്ധതി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയെന്നും സദ്ഭരണത്തിന്റെ ഉദാഹരണമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. സദ്ഭരണത്തിന്റെ അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വെല്ലുവിളി നിറഞ്ഞ ലക്ഷ്യങ്ങള്‍ പോലും കൈവരിക്കാനാകുമെന്ന് പരിപാടി തെളിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിലാഷ ജില്ലാ പദ്ധതിയുടെ വിജയം അഭിലാഷ ബ്ലോക്ക് പദ്ധതിയുടെ അടിസ്ഥാനമാകുമെന്ന് മോദി ഊന്നിപ്പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും ദ്രുതഗതിയിലുള്ള വികസനത്തിനും പിന്നാക്ക ജില്ലകളുടെ കൈത്താങ്ങിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ചടങ്ങില്‍ പങ്കെടുത്ത വകുപ്പ് സെക്രട്ടറിമാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. അതത് വകുപ്പുകളില്‍ പിന്നാക്കം നില്ക്കുന്ന രാജ്യത്തെ 100 ബ്ലോക്കുകള്‍ കണ്ടെത്തി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. തിരിച്ചറിഞ്ഞ 100 ബ്ലോക്കുകള്‍ രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഉയര്‍ന്നുകഴിഞ്ഞാല്‍ വികസനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും മാറുമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ പങ്ക് എടുത്തുകാണിച്ചുകൊണ്ട്, ഏറ്റവും പിന്നോക്കം നില്ക്കുന്ന 100 ഗ്രാമങ്ങള്‍ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അത് അടുത്ത 1,000 ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിന് ഊര്‍ജ്ജം പകരും..
ജന്‍ ഭാഗിദാരി അഥവാ ജനപങ്കാളിത്തം കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വലിയ സാധ്യതയാണുളളതെന്ന് നരേന്ദ്ര മോദി പറഞ്ഞു. അഭിലാഷ ജില്ലകളായിരുന്ന 112 ജില്ലകള്‍ ഇന്ന് പ്രചോദന ജില്ലകളായി മാറിയെന്ന് മോദി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
രാജ്യത്തെ മൂവായിരത്തോളം പഞ്ചായത്ത്, ബ്ലോക്ക് തല ജനപ്രതിനിധികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക്, പഞ്ചായത്ത് തല ഭാരവാഹികള്‍, കര്‍ഷകര്‍, സമൂഹത്തിന്റെ മറ്റു മേഖലകളിലുള്ളവര്‍ എന്നിവരുള്‍പ്പെടെ രണ്ട് ലക്ഷത്തോളം പേര് പരിപാടിയില്‍ പങ്കാളികളായി.
‘സങ്കല്പ് സപ്താഹ്’ അഭിലാഷ ജില്ലാ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്.ദേശവ്യാപക പദ്ധതി ജനുവരി ഏഴിനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: