ചെന്നൈ: ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തതിനെത്തുടർന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കന്‍റൈൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. സര്‍വ്വീസില്‍ മൂന്നില്‍ രണ്ട് ഭാഗം കാലാവധി ബാക്കിയിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി.
ബാങ്ക് ഡയറക്ടര‍് ബോർഡ് യോഗം ചേർന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം റിസര്‍വ്വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ അറിയിപ്പ് കൂടി വരേണ്ടതുണ്ട്. അതിനാണ് കാത്തിരിക്കുന്നത്. ആ മറുപടി എത്തുംവരെ തല്‍ക്കാലത്തേക്ക് അദ്ദേഹം എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ഡയറക്ടര്‍ ബോർഡ് അറിയിച്ചു.
സെപ്തംബർ ഒമ്പതിനാണ് ചെന്നൈയിലെ ഓട്ടോ ഡ്രൈവറായ രാജ് കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ എത്തിയത്. എസ്.എം.എസിലൂടെയാണ് രാജ്‌കുമാർ ഇക്കാര്യം അറിയുന്നത്. ഡ്രൈവര്‍ കരുതിയത് ഇത് എന്തോ തട്ടിപ്പാണെന്നാണ്. ഇക്കാര്യം പരിശോധിച്ചുറപ്പിക്കാന്‍ ഓട്ടോ ഡ്രൈവര്‍ അതില്‍ നിന്നും 21000 രൂപ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. അതില്‍ നിന്നും പണം കൃത്യമായി സുഹൃത്തിന് എത്തിയപ്പോഴാണ് ഈ തുക തട്ടിപ്പിന്റെ ഭാഗമല്ല, ശരിയ്‌ക്കും ഉള്ളതാണെന്ന് ഡ്രൈവര്‍ അറിഞ്ഞത്. മണിക്കൂറുകൾക്കുള്ളിൽ അബദ്ധത്തിലാണ് പണം നിക്ഷേപിച്ചതെന്ന് ബാങ്ക് ഇയാളെ അറിയിക്കുകയും രാജ് കുമാറിന്റെ അക്കൗണ്ടിൽ നിന്നും 9000 കോടി പിൻവലിക്കുകയും ചെയ്തു.
വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജി വെയ്‌ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. “13 മാസമേ ആയിട്ടുള്ളൂ ഈ ബാങ്കില്‍ എത്തിയിട്ട്. ബാങ്കിനെ ശക്തിപ്പെടുത്താന്‍ വിവിധ നടപടികള്‍ എടുത്തു. ഡിജിറ്റല്‍ ബാങ്കിങ്ങ് ശക്തമാക്കി. ബാങ്കിനെ ഭാവികാലത്തേക്ക് ഒരുക്കുകയും ചെയ്തു”- എസ്. കൃഷ്ണന്‍ രാജിക്കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: