തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുളളത്. യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
29-09-2023: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
30-09-2023: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
01-09-2023: എറണാകുളം, കോഴിക്കോട്, കണ്ണൂര്‍
തെക്കന്‍ കൊങ്കണ്‍ മേഖലയിലും ഗോവ തീരത്തുമായി അറബിക്കടലിന്റെ കിഴക്കന്‍ മധ്യമേഖലയിലാണ് ആദ്യ ന്യൂനമര്‍ദം രൂപമെടുത്തത്. അതേ സമയം ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മധ്യമേഖലയിലും വടക്ക് കിഴക്കന്‍ മേഖലയിലുമായി മറ്റൊരു ന്യൂനമര്‍ദവും രൂപമെടുത്തിട്ടുണ്ട്. ഇത് 48 മണിക്കൂറിനിടെ വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ഒഡീഷ, ബംഗാള്‍ തീരത്തെത്തും. ഇതിനൊപ്പം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തായി അന്തരീക്ഷച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: