ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ മുസ്ലീം പള്ളിക്കടുത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 52 പേര് കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ മുസ്താങ് ജില്ലയില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മതപരമായ ഘോഷയാത്രയ്ക്കായി വിശ്വാസികള്‍ ഒത്തുകൂടിയിരിക്കെയാണ് സ്ഫോടനം ഉണ്ടായതെന്ന് മസ്തുങ് ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ മസ്തുങ്ങ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) നവാസ് ഗഷ്കോരിയും ഉള്‍പ്പെടുന്നു. ഡ്യൂട്ടിയിലായിരുന്ന നവാസ് ഗഷ്കോരിയുടെ കാറിന് സമീപം ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റവരെ ക്വറ്റയിലെ ആശുപത്രിയിലേക്ക് മാറ്റി.
വിദേശ ശക്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് ബലൂചിസ്ഥാനിലെ വാര്‍ത്താ വിതരണ മന്ത്രി ജാന്‍ അചക്സായി പറഞ്ഞു. മതസഹിഷ്ണുതയും സമാധാനവും നശിപ്പിക്കാനാണ് ശത്രുക്കള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാന്‍ കാവല്‍ മുഖ്യമന്ത്രി അലി മര്‍ദാന്‍ ഡോംകി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കി. അതേസമയം, സ്ഫോടനത്തെ ശക്തമായി അപലപിച്ച് പിടിഐ നേതാവ് ഇമ്രാന് ഇസ്മായില്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: