തൊടുപുഴ: കിഴക്കന്‍ അറബിക്കടലില്‍ ഭാരതത്തിന്റെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് അതിതീവ്ര ചുഴലിക്കാറ്റുകള്‍ രൂപമെടുക്കാന്‍ കാരണം സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും അനുദിനം മാറുന്ന ഘടനയുടെ സ്വാധീനം മൂലമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍. നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ട് മാഗസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് സുപ്രധാന കണ്ടെത്തലുകള്‍.
കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ചിലെ (എസിഎആര്‍ആര്‍) ഡോക്ടറല്‍ ഗവേഷകനായ സി.എസ്. അഭിറാം നിര്‍മ്മലിന്റെ ഗവേഷണ പ്രബന്ധത്തിലാണിത്. എസിഎആര്‍ആര്‍ ഡയറക്ടര്‍ പ്രൊഫ.എസ്. അഭിലാഷാണ് അഭിരാമിന്റെ ഗൈഡ്.
അറബിക്കടലില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വ്യാപകമാകുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തൊട്ടുമുമ്പുള്ള മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും അതിനു ശേഷമുള്ള ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ്. സമുദ്രനിരപ്പിന്റെയും അന്തരീക്ഷത്തിന്റെയും താപനില, മര്‍ദ്ദം എന്നിവ ഉണ്ടാക്കുന്ന തെര്മോഡൈനാമിക് ഘടന കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ രൂപപ്പെടലിനും തീവ്രതയ്ക്കും കാരണമാകുന്ന സൈക്ലോജനിസിസ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു.
ഭൗമോപരിതലത്തില്‍ നിന്ന് നാല് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ട്രോപ്പോസ്ഫിയറിന്റെ മധ്യഭാഗത്തെ താപവ്യതിയാനവും ഈര്‍പ്പത്തിന്റെ വര്‍ധനയുമാണ് ഉയര്‍ന്ന തോതിലുള്ള ചുഴലിക്കാറ്റുകളുടെ രൂപപ്പെടലും തീവ്രതയും നിയന്ത്രിക്കുന്നത്.
അതിതീവ്ര ചുഴലിക്കാറ്റുകളുടെ ദൈര്‍ഘ്യം മൂന്നിരട്ടിയായതായും എണ്ണം 80 ശതമാനം
വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: