കോട്ടയം: കോട്ടയത്ത് നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിൻ ജോർജ് അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്നാണ് റോബിനെ പിടികൂടിയത്. പോലീസിൽ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസത്തോളമായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം തുടരുകയായിരുന്നു.
റോബിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയുടെ അച്ഛനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ഇന്നലെ മുതൽ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ അതിർത്തി ഗ്രാമങ്ങളിൽ തിരച്ചിൽ നടത്തി.
നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ റോബിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. റോബിൻ നായ്‌ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേന്ദ്രത്തിൽ നിന്ന് 18 കിലോ കഞ്ചാവാണ് കണ്ടെടുത്തിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് വില്പന പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: